കൊച്ചി: കൊച്ചി മെട്രൊ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എംജി റോഡില്‍ ആരംഭിച്ച ബാരിക്കേഡ് നിര്‍മാണം ഒരാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രിയിലെ വെളിച്ചക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും പണികള്‍ കൃത്യസമയത്ത് തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മെട്രോ റെയില്‍ അധികൃതര്‍.
സോമ കണ്സ്ട്രക്ഷന്സിനാണു എംജി റോഡിലെ നിര്‍മാണ ചുമതല. ചെന്നൈ സില്‍ക്സ് മുതല്‍ അബാദ് പ്ലാസ വരെയുള്ള 175 മീറ്ററിലാണു ബാരിക്കേഡ് നിര്‍മിക്കുന്നത്. അടുത്ത ആഴ്ച്ച പെയിലിങ്ങ് ജോലികള്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ബാരിക്കേഡുകള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും പെയിലിങ് ജോലികള്‍ ആരംഭിക്കുക.
ബാരിക്കേഡുകളുടെ വശങ്ങളിലൂടെ ഒറ്റവരി ഗതാഗതവും ഒരുക്കിയിട്ടുണ്ട്. മുല്ലശേരി കനാല്‍ മുതല്‍ ജോസ് ജംഗ്ഷന് വരെയുള്ള സീവേജു പൈപ്പുകളുടെ സ്ഥാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതു നിര്‍ണയിക്കുന്നതോടെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളും വേഗത്തിലാകും.
ഓണത്തിനു ശേഷമെ എംജി റോഡിലെ നിര്‍മാണങ്ങള്‍ നടത്താവൂ എന്ന വ്യാപാരികളുടെ ആവശ്യത്തെ തുടര്‍ന്നാണു പണികള്‍ വൈകിപ്പിച്ചത്. എംജി റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ നോര്‍ത്ത് മുതല്‍ കച്ചേരിപ്പടി വരെയുള്ള കൊച്ചി മെട്രൊയുടെ മൂന്നാമത്തെ റീച്ചിലെ പെയിലിംഗ് ജോലികള്‍ വേഗത്തിലായി. മൂന്നാമത്തെ റീച്ചിലെ കലൂര്‍ സ്റ്റേഷന്റെ പെയിലിംഗും ഈ ആഴ്ച നടക്കും. എന്നാല്‍ ബാനര്‍ജി റോഡിലെ പെയിലിങ് ആരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. റോഡിന്റെ ഇരുവശവും വീതി കൂട്ടിയശേഷം മതി പെയിലിങ്ങിനായി ബാരിക്കേഡ് നിര്‍മിക്കാനെന്ന പൊലീസിന്റെ നിര്‍ദ്ദേശമാണ് ഇവിടത്തെ നിര്‍മാണം നീട്ടുന്നത്. തെക്കു ഭാഗത്ത് ഭൂമി ഏറ്റെടുക്കല്‍ ജോലി പൂര്‍ത്തിയാക്കിയെങ്കിലും ഇവിടത്തെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയിട്ടില്ല. അതിനു ശേഷം മാത്രമേ ഈ ഭാഗത്തെ റോഡ് വീതി കൂട്ടല്‍ ജോലികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളു. ഇരുഭാഗത്തേയും വീതി കൂട്ടല്‍ ജോലി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ റോഡിന്റെ മധ്യഭാഗത്ത് എട്ടു മീറ്റര്‍ വീതിയില്‍ ബാരിക്കേഡ് ചെയ്ത് ഒരു വരി ഗതഗതം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു.
നോര്‍ത്ത് റെയില്‍വെ മേല്‍പാലത്തിന്റെ പണികള്‍ കനത്ത മഴയില്‍ പ്രതിസന്ധിയിലായിട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ റെയില്‍പാളത്തിനു മുകളിലുള്ള ഗര്‍ഡര്‍ സ്ഥാപിക്കാനാണു നീക്കം. എന്നാല്‍ മഴയെതുടര്‍ന്നു നിര്‍മാണസ്ഥലത്തെ മണ്ണ് ഒലിച്ചു പോയതിനാല്‍ പ്രതീക്ഷിച്ചതിലും താമസം നേരിടുന്നതായി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: