കുട്ടികള്‍ ഇന്ന് മത്സരിച്ചോടിയാണ് എനിക്കരികില്‍ എത്തിയത്. അമൃതയുടെ കൈയില്‍ ഒരു പാഠപുസ്തകവുമുണ്ട്.
“അമ്മാവാ, എനിക്ക് ഇക്കൊല്ലം ചങ്ങമ്പുഴയുടെ ഒരു കവിത പഠിക്കാനുണ്ട്. “എന്റെ ഗുരുനാഥന്” എന്നാണ് പേര്. ചേട്ടന് കഴിഞ്ഞവര്‍ഷം പഠിച്ചതാണ് ഈ പുസ്തകം.”
ഞാന്‍ പുസ്തകം വാങ്ങി. കവിത വായിച്ചു നോക്കിയിട്ട് പ്രസാദിന് കൊടുത്തു. അതൊന്നു ചൊല്ലാമോ എന്നു ചോദിച്ചു. തപ്പിത്തടഞ്ഞാണെങ്കിലും പ്രസാദ് ചൊല്ലി. അമൃതയും പുസ്തകത്തിലെ വരികളില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“ഇങ്ങനെ പോര. സ്കൂളുകളില്‍ കവിതാ പഠനത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല. കുറേക്കൂടി ഈണത്തിലും വ്യക്തമായും ചൊല്ലിപ്പഠിക്കണം കേട്ടോ. ഈ കവിതയില്‍ കൃഷിക്കാരനെയാണ്-മണ്ണില്‍ പൊന്നുവിളയിക്കുന്ന അദ്ധ്വാനശീലനെയാണ് കവി ഗുരുനാഥനായി കാണുന്നത്. മഹാകവി വള്ളത്തോളും “എന്റെ ഗുരുനാഥന്” എന്ന പേരില്‍ മനോഹരമായ ഒരു കവിത എഴുതിയിട്ടുണ്ട്. ഗാന്ധിജിയെപ്പറ്റിയാണത്. കുമാരനാശാന് ശ്രീനാരായണഗുരുവിനെയാണ് കീര്‍ത്തിച്ചു പാടിയത്.”
“അമ്മാവാ, ചങ്ങമ്പുഴ ബാലകവിതകളൊന്നും എഴുതിയില്ലേ?” പ്രസാദ് ചോദിച്ചു.
കുമാരനാശാനും ഉള്ളൂരും ജിയും വൈലോപ്പിള്ളിയും മറ്റും എഴുതിയതുപോലെ എഴുതിയില്ല. പക്ഷേ കുട്ടികള്‍ ഇഷ്ടപ്പെടുന്ന കുറെ കവിതാ ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് എടുക്കാന്‍ കഴിയും. നേരത്തെ ഞാന്‍ ചൊല്ലിത്തന്നവ തന്നെ ഓര്‍ത്തുനോക്കൂ. അതിലെ പദാവലികളും ഈണവും ഹൃദയത്തില്‍ പതിയുന്നതല്ലേ?
പ്രണയസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്നു ചങ്ങമ്പുഴ; സാധാരണക്കാരന്റെ പടയാളിയും. കരഞ്ഞും ചിരിച്ചും, പരിഹസിച്ചും കോപത്താല്‍ ജ്വലിച്ചും ആനന്ദലഹരിയില്‍ സ്വയം മറന്നും അദ്ദേഹം കവിതകളെഴുതി. ഇടയ്ക്ക് തലക്കെട്ടില്ലാത്ത വരികളും കുറിച്ചിടാറുണ്ട്. അതിലൊന്ന് നോക്കൂ.
“ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ
ഓണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീലേ?
മണിമിറ്റത്താ മാവേലിക്കൊരു
മരതകപീഠം വെച്ചില്ലേ?”
“അമ്മാവാ, ചങ്ങമ്പുഴയ്ക്ക് അവാര്‍ഡ് വല്ലതും കിട്ടിയിട്ടുണ്ടോ? ഉണ്ടെന്ന് പറയുന്നു ചേട്ടന്. ഉണ്ടാവാനിടയില്ലെന്ന് ഞാനും. ഏതാണ് ശരി?”
രണ്ടുപേരും ശരി തന്നെ എന്നു പറയാം. കേരളം പ്രത്യേക സംസ്ഥാനമാവുകയും സാഹിത്യ അക്കാദമി, പലതരം സംഘടനകള്‍, ട്രസ്റ്റുകള്‍ എന്നിവ ഉണ്ടാവുകയും ചെയ്തതില്‍ പിന്നെയാണ് അവാര്‍ഡുകള്‍ വന്നത്. ഇന്നിപ്പോള്‍ അവാര്‍ഡ് ലഭിക്കാത്തവരാണ് കുറവ്! പണ്ട് വല്ല രാജാക്കന്മാരും ആദരസൂചകമായി പട്ടും വളയും നല്‍കുകയോ ചില സ്ഥാനമാനങ്ങള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ആസ്ഥാന കവി, കവി തിലകന്, കവി കേസരി, കവി ശിരോമണി, സാഹിത്യ കുശലന് എന്നൊക്കെയാവും പേരുകള്‍.
ഇതിനേക്കാളെല്ലാം വലിയ അവാര്‍ഡാണ് ജനമനസ്സുകളില്‍, നാവുകളില്‍ എന്നും തത്തിക്കളിക്കുക എന്നത്. എഴുത്തച്ഛനും പൂന്താനവും കുഞ്ചന്‍ നമ്പ്യാര്‍, ആശാന്, വള്ളത്തോള്‍ തുടങ്ങിയവരും അങ്ങനെയാണ്. ചങ്ങമ്പുഴയും അതില്‍ ഉള്‍പ്പെടും. അദ്ദേഹത്തിന്റെ രണ്ടുവരികളെങ്കിലും അറിയാത്ത മലയാളികളുണ്ടോ? ഇതു കേള്‍ക്കൂ.
“കപട ലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന് പരാജയം.”
“പാടില്ല പാടില്ല നമ്മള് നമ്മെ
പാടേ മറന്നൊന്നും ചെയ്തു കൂടാ.”
“എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം.”
“വിത്തനാഥന്റെ ബേബിക്കു പാലും
നിര്‍ദ്ധനച്ചെറുക്കന്നുമിനീരും
ഈശ്വരേച്ഛയ, ല്ലാകിലമ്മട്ടിലു-
ള്ളീശ്വരനെച്ചവിട്ടുക നമ്മള്.”
“എന്നിട്ടും വന്നീലെന്‍ കണ്ണീര് തുടയ്ക്കുവാ-
നെന്നാത്മനായകന്‍ തോഴീ.”
ഇങ്ങനെ എത്രയോ വരികളുണ്ട്. മാത്രമല്ല, കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ താനെഴുതിയ കവിത അദ്ധ്യാപകന് പഠിപ്പിക്കാന്‍ വരിക എന്നതും മറ്റു കുട്ടികള്‍ പഠിക്കുന്നതും സംശയങ്ങള്‍ ചോദിക്കുന്നതുമൊക്കെ ഒരു വലിയ സൗഭാഗ്യവും അംഗീകാരവുമല്ലേ? ചങ്ങമ്പുഴയ്ക്കല്ലാതെ അങ്ങനെ ഒരവാര്‍ഡ് ആര്‍ക്കെങ്കിലും കിട്ടിക്കാണുമോ?
പിന്നെ ‘രമണ’ന്റെ കാര്യം. എത്രയോ പതിപ്പുകള്‍ അതിനുണ്ടായി. എത്രയോ പേര് പിന്നീട് കഥാപ്രസംഗമായി നാടെങ്ങും അവതരിപ്പിച്ചു. സിനിമയായും വന്നു. മാത്രമല്ല, ചങ്ങമ്പുഴയ്ക്കു തന്നെ പൂനയിലെ ദുര്‍ഘട പ്രതിസന്ധിയില്‍ നാട്ടിലേക്ക് സ്ഥലംമാറ്റം നേടിക്കൊടുക്കാന്‍ ‘രമണ’ന്റെ പ്രശസ്തി സഹായിച്ചില്ലേ?
“അമ്മാവാ, നില്ക്ക് നില്ക്ക്! നമ്മള് കുറച്ചുദൂരം വേറെ വഴിയിലൂടെയാണ് സഞ്ചരിച്ചത്. ഇപ്പോള്‍ ശരിയായ സ്ഥലത്തെത്തി. പൂനയില്‍നിന്ന് ചങ്ങമ്പുഴ കൊച്ചിയില്‍ തിരിച്ചെത്തിയേടത്തായിരുന്നല്ലോ ഇന്നലെ നിര്‍ത്തിയിരുന്നത്. അതിനുശേഷമുള്ള കഥകള്‍ പറയൂ.” പ്രസാദ് ആവശ്യപ്പെട്ടു.
ഓ. അതു ശരിയാണല്ലോ. കൊച്ചിയിലേക്ക് വന്നതോടെ ചങ്ങമ്പുഴ സന്തോഷവാനായി. ഹാര്‍ബറിലായിരുന്നു ജോലി സ്ഥലം. ഇടപ്പള്ളിയില്‍നിന്ന് ദിവസേന പോയി വരാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് കരുവേലിപ്പടിയില്‍ ഒരു വീട് വാടകയ്ക്കെടുത്തു. ഓഫീസില്‍ പോയി വരാന്‍ ഒരു സൈക്കിളും വാങ്ങി. ഇന്ന് ഒരു കാറ് വാങ്ങുന്നതിനേക്കാള്‍ ഗമയുണ്ട് അതിനെന്ന് ഓര്‍ക്കണം. അങ്ങനെ മകനും ഭാര്യയുമൊത്ത് നല്ലൊരു കുടുംബനാഥന്റെ ഗൗരവത്തോടെ ചങ്ങമ്പുഴ ജീവിതം തുടങ്ങി. അക്കാലത്ത് രണ്ടാമതൊരു മകള്‍ കൂടി പിറന്നു. സന്തുഷ്ട കുടുംബം; സുഖജീവിതം!
പക്ഷേ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. പൂനയില്‍ നിന്നു തുടങ്ങിയ വാതരോഗത്തിന്റെ അസുഖം കൂടുകയാല്‍ ചങ്ങമ്പുഴ ഒരു ഡോക്ടറുടെ ചികിത്സ തേടി. ഡോക്ടറും ഭാര്യയും ചങ്ങമ്പുഴയുടെ ആരാധകരായിരുന്നു. വാതരോഗത്തിന് ശമനമുണ്ടാവുകയും ചെയ്തു. എന്നാല്‍ മറ്റൊരു ‘രോഗം’ ചങ്ങമ്പുഴയെ പിടികൂടിയിരുന്നു. പ്രണയം എന്നാണതിന്റെ പേര്. ഇടയ്ക്ക് പിടികൂടാറുള്ളതാണ്. ഇത്തവണ അല്‍പ്പം കടുത്ത തോതിലായിപ്പോയി. അതേപ്പറ്റി ഇവിടെ വിവരിക്കുന്നില്ല.
പരവശനായ ചങ്ങമ്പുഴ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. മദിരാശിയില്‍ (ചെന്നൈ)പോയി നിയമപഠനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കുടുംബവുമായി ഇടപ്പള്ളിയിലെത്തി. ഭാര്യ ശ്രീദേവി ശക്തമായി എതിര്‍ത്തു. ഒരു വക്കീലിന്റെ ഭാര്യയാകാന്‍ തനിക്ക് ഒട്ടും താല്പര്യമില്ലെന്നും അറിയിച്ചു. “എന്നാല്‍ നീ നിന്റെ പാട്ടിന് പോ. നമ്മുടെ ബന്ധം ഇവിടെ അവസാനിപ്പിക്കാം.” എന്നുവരെ ചങ്ങമ്പുഴയും പറഞ്ഞു. ഒടുവില്‍, നിശ്ചയിച്ച പ്രകാരം ചങ്ങമ്പുഴ മദിരാശിയില്‍ ചെല്ലുകയും നിയമപഠനം ആരംഭിക്കുകയും ചെയ്തു-1944 ജൂണില്‍.
തുടക്കത്തില്‍ കാര്യങ്ങളെല്ലാം ഭംഗിയായി മുന്നോട്ടു പോയി. അപ്പോഴും മറ്റൊരു രോഗം ചങ്ങമ്പുഴയെ ആക്രമിച്ചു. ടൈഫോയ്ഡാണ്-സന്നിവാതജ്വരമാണ് ഇപ്പോള്‍ പിടികൂടിയത്. ചങ്ങമ്പുഴ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. പരിചരിക്കാന്‍ സുഹൃത്തുക്കളും ആരാധകരുമൊക്കെയുണ്ട്. അതിനിടയിലാണ് പ്രണയരഹസ്യങ്ങള്‍ വെളിച്ചത്തായത്.
വിവരങ്ങളറിയവേ സുഹൃത്തുക്കളും ബന്ധുക്കളും ശത്രുക്കളായിത്തീര്‍ന്നു. പലരും അകന്നു മാറി. രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടുവെങ്കിലും രോഗം ഉണ്ടായിരുന്നപ്പോഴത്തെക്കാള് തളര്‍ച്ചയും തകര്‍ച്ചയുമാണ് ചങ്ങമ്പുഴയ്ക്ക് അനുഭവപ്പെട്ടത്. മരിച്ചാലെന്ത് എന്നുവരെ തോന്നി; മരണം വളരെ അടുത്തിരിക്കുന്നുവെന്നും. അക്കാലത്ത് 1944 ല്‍ അദ്ദേഹം എഴുതിയതാണ് “സ്പന്ദിക്കുന്ന അസ്ഥിമാടം” എന്ന പ്രശസ്തമായ കവിത. അതിലുള്ളതാണ് ഈ വരികള്‍.
“താരകകളേ കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേതകുടീരം?
ഹന്ത, യിന്നതിന്‍ ചിത്ത രഹസ്യം
എന്തറിഞ്ഞു ഹാ, ദൂരസ്ഥര്‍ നിങ്ങള്‍.
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണര്‍ന്നൊഴുകുമ്പോള്‍,
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോള്‍
മന്ദം മന്ദം പൊടിപ്പതായ് കേള്‍ക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍!”
ചങ്ങമ്പുഴയുടെ ശവക്കല്ലറയില്‍ ഈ വരികള്‍ കൊത്തിവെച്ചിട്ടുണ്ട്. ഒരു ദിവസം ഇടപ്പള്ളിയില്‍ പോയി നമുക്ക് കാണാം.
“പോകാം അമ്മാവാ.” പ്രസാദും അമൃതയും ഒപ്പം പറഞ്ഞു.
അതിനുമുമ്പ് ഒരു കാര്യം കൂടി പറയാം. മരണത്തിനെ കാത്തിരുന്നും കരഞ്ഞു ക്ഷണിച്ചും സ്വാഗതമോതിയുമൊക്കെ പല വരികളും ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. എന്നാല്‍ ആത്മഹത്യയ്ക്ക് എതിരായിരുന്നു അദ്ദേഹം. എത്ര തന്നെ മാനസിക സംഘര്ഷങ്ങള്ക്കിടയിലാണെങ്കിലും നഷ്ടകഷ്ടങ്ങള്‍ എത്രമേല്‍ സഹിക്കേണ്ടിവന്നാലും താന്‍ ജീവിക്കുക തന്നെ ചെയ്യും എന്ന്, ആത്മഹത്യയ്ക്ക് മുതിരുകയില്ലെന്ന് ഒരു സുഹൃത്തിനെഴുതിയ കത്തില്‍ ചങ്ങമ്പുഴ പറഞ്ഞിട്ടുണ്ട്. നല്ലമുട്ടം ജി. പത്മനാഭ പിള്ളയാണ് സുഹൃത്ത്. ‘സ്നേഹമുദ്ര’ എന്നു പേരിട്ടിട്ടുള്ള ആ കവിതക്കത്തിലെ നാലുവരികളിതാ.
“ക്ഷിതി നരകസമാനമായി ധര്‍മ-
ച്യുതിയുടെ ചൂടിലെനിക്ക് വീര്‍പ്പുമുട്ടി,
മൃതിയാണവതിനാശയായി-പക്ഷേ
മുതിരുകയില്ലിവനാത്മഹത്യ ചെയ്യാന്‍”
കൊച്ചുകുട്ടികള്‍ മുതല്‍ തൊണ്ണൂറ് കഴിഞ്ഞവര്‍ വരെ ആത്മഹത്യ ചെയ്തതിന്റെ വാര്‍ത്തകളല്ലേ പത്രങ്ങളില്‍ വരുന്നത്? വ്യക്തിപരമായ വിഷമങ്ങളാലാവും അധികവും. എന്നാല്‍ ചങ്ങമ്പുഴയുടെ ഈ വരികള്‍ കൂടുതല്‍ വിപുലമായ അര്‍ത്ഥത്തിലുള്ളതാണ്.
ഭൂമിയാകെ നരകതുല്യമായിരിക്കുന്നു. അധാര്‍മികതയുടെ കാട്ടു തീ പടര്‍ന്നു കയറുന്നു. ശ്വാസംമുട്ടലുണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞിട്ടുള്ളത് ഇന്നും വളരെ പ്രസക്തമല്ലേ? അതിനാല്‍ സന്മനസ്സുള്ളവരേ, നിങ്ങള്‍ ഈ കാട്ടുതീ കെടുത്താനാണ്, നരകത്തെ മാറ്റി സ്വര്‍ഗം പണിയാനാണ് ശ്രമിക്കേണ്ടത്. ജീവിച്ചാലേ അത് സാധിക്കൂ. ഒരിക്കലും ആത്മഹത്യ ചെയ്യരുത് എന്ന ഉദ്ബോധനം; കുട്ടികളേ നിങ്ങളും ഓര്‍ത്തുവെക്കണം. ഇന്ന് നമുക്ക് ഇവിടെ നിര്‍ത്താം, അല്ലേ?
അമൃതയും പ്രസാദും എഴുന്നേറ്റ് എന്നോട് യാത്ര പറഞ്ഞു.
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: