ജീപ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ വന്നുനിന്നു. സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞുണ്ണി താമസസ്ഥലത്തുനിന്നും ഒറ്റയ്ക്ക് ജീപ്പ്പ് ഓടിച്ചു വരികയായിരുന്നു.
ജീപ്പിന്റെ സൈഡ് കണ്ണാടിയില്‍ കൂടി മുഖമൊന്ന് നോക്കി. കട്ടിമീശ. ഉണ്ടക്കണ്ണുകള്‍, നീണ്ട മൂക്ക്, കാണാന്‍ സുന്ദരനല്ലെയെന്ന് സ്വയം ചോദിച്ചു. ആണെന്ന് ഉത്തരവും മനസ്സ് നല്കി. വെട്ടിയൊതുക്കിയ തലമുടിക്ക് പുറത്തുകൂടി ക്യാപ്പ് എടുത്തുവെച്ചു. ബോര്ഡില്നിന്നുംകീയെടുത്ത് പോക്കറ്റിലിട്ടു. ചിട്ടയായ കാല്‍വെയ്പ്പോടെ സ്റ്റേഷന്റെ പ്രധാന കവാടം കടന്നപ്പോള്‍ എന്‍ട്രിയില്‍ നിന്ന് പോലീസുകാരന് ബൂട്ട് അമര്‍ത്തി ചവിട്ടി സല്യൂട്ട് ചെയ്തു. തിരിച്ച് എസ്ഐയും സല്യൂട്ട് ചെയ്തപ്പോള്‍ പോലീസുകാരന്റെ മുഖത്ത് അഭിനന്ദനത്തിന്റെ തിളക്കം.
സബ് ഇന്‍സ്പെക്ടര്‍ മുറിയിലേക്ക് കടക്കുമ്പോള്‍ പാര്ശ്വമുറികളിലിരുന്ന പോലീസുകാരും അഡീഷണല്‍ എസ്ഐയും എണീറ്റ് സല്യൂട്ട്ചെയ്തു. അവര്‍ക്കും തിരിച്ച് സല്യൂട്ട് നല്കിയ ശേഷം സ്വന്തം മുറിയിലെ കസേരയിലിരുന്ന് മേശപ്പുറത്തിരുന്ന കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. ശബ്ദം അവിടമാകെ ചിതറി. പോലീസുകാരും അഡീഷണല്‍ എസ്ഐയും അറ്റന്‍ഷനായി എസ്ഐയുടെ മുന്നില്‍ വന്നുനിന്നു. അഡീഷണല്‍ എസ്ഐയോട് ഇരിക്കാന്‍ പറഞ്ഞു. അയാള്‍ എസ്ഐയ്ക്ക് അഭിമുഖമായി ഇരുന്നു.
‘സെല്ലില്‍ എത്ര പേരുണ്ട്’- എസ്ഐ തിരക്കി.
‘ഒരാള്‍’ അഡീഷണല്‍ എസ്ഐ പറഞ്ഞു.
‘അയാളുടെ പേരെന്താ?’
‘പേര് നാരായണന്. ഇന്നലെ നിരപ്പില്‍ തറവാട്ടുകാരുടെ ഭൂമിയില്‍ കയറി ഒരു വലിയ വാഴക്കുല മോഷ്ടിച്ചു. കാവല്ക്കാര് കൈയോടെ പിടിച്ചിവിടെ കൊണ്ടുവന്നു. തൊണ്ടി സാധനത്തോടെ.’ അഡീഷണല്‍ എസ്ഐ പറഞ്ഞു.
‘അയാളൊരു സ്ഥിരം കള്ളനാണോ?’ എസ്ഐ തിരക്കി.
‘അങ്ങനെ പറയാന്‍ പറ്റില്ല സാര്‍. കൂലിപ്പണിക്കൊക്കെ പോകുന്നുണ്ട്. കൈയില്‍ കാശില്ലാതെ വരുമ്പോള്‍ ജന്മിമാരുടെ കൃഷി ഭൂമിയില്‍ കയറി വല്ല തേങ്ങയോ, വാഴക്കുലയോ മോഷ്ടിക്കും. അത്ര തന്നെ.’
അഡീഷണല്‍ എസ്ഐയ്ക്ക് അയാളോട് അനുകമ്പയുള്ളതായി എസ്ഐയ്ക്ക് തോന്നി.
ഇയാളുടെ കുടുംബം എങ്ങനെ?
‘ഭാര്യയും ഒരു കുഞ്ഞും ഉണ്ട്. അവര്‍ വീട്ടുജോലിക്കൊക്കെ പോയി കഴിയാനുള്ള വഴി കണ്ടെത്തിക്കൊള്ളും. ഇയാള്‍ വീട്ടില്‍ കൃത്യമായിട്ട് കൊടുക്കണമെന്നൊന്നും അവള്‍ക്ക് നിര്‍ബന്ധമില്ല. പക്ഷെ ജോലി ചെയ്ത് കാശ് കിട്ടിയാല്‍ നേരെ വീട്ടില്‍ കൊണ്ടുവന്ന് ഭാര്യയെ ഏല്‍പ്പിക്കും. കള്ളുകുടിയോ മറ്റ് അനാവശ്യ ചെലവോ ഒന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ അവന് നല്ലവനാ സാറെ.’
‘സാറീ സ്റ്റേഷനില്‍ പുതിയതല്ലേ. ആള്‍ക്കാരെ മനസ്സിലാക്കാന്‍ കുറച്ചുദിവസം എടുക്കും.’
ഒരു പോലീസുകാരന്റെ വിശദീകരണം.
‘അയാളെ ആരെങ്കിലും തല്ലിയോ?’
‘ഇവിടെ ഞങ്ങളാരും തല്ലിയില്ല. പക്ഷേ തോട്ടത്തില്‍ കാവല്‍ നിന്നവര്‍ പിടിച്ചവനെ ശരിക്കും പൂശി. അവന്മാര് അടിച്ചതിന് പുറമെ ജന്മിയെ വിളിച്ചുകൊണ്ടുവന്നു അയാളെ കൊണ്ടും തല്ലിച്ചു. അയാള്‍ മൃഗീയമായി മര്‍ദ്ദിച്ചെന്നാ അവനിന്നലെ രാത്രി പറഞ്ഞത്.’
മറ്റൊരു പോലീസുകാരന് പറഞ്ഞു.
‘ആരാ ഈ ജന്മി.’
‘ഇവിടെ ഫെയ്മസാ. നിരപ്പില്‍ നീലകണ്ഠന്. പത്തിരുപത് ഏക്കര്‍ ഭൂമി കാണും. മിച്ചഭൂമി പാവങ്ങളെക്കൊണ്ട് പതിപ്പിച്ച് സ്വന്തം പേരിലാക്കിയതാ അധികവും. ഇവിടത്തെ വില്ലേജ് ഓഫീസറും തഹസീല്‍ദാരുമൊക്കെ അയാളുടെ പോക്കറ്റിലാ.’
അഡീഷണല്‍ എസ്ഐ പറയുന്നത് എസ്ഐ സശ്രദ്ധം കേട്ടിരുന്നു.
‘ഇയാള്‍ക്കെത്ര വയസ്സ് വരും.’
‘അറുപത് കഴിയും. കണ്ടാലത്ര തോന്നില്ല. മൂന്ന് ഭാര്യമാരുണ്ട്. അതില്‍ പിള്ളേരും ഉണ്ട്.’
‘അതു ശരി.’
‘അയാളെ പൊക്കി ഇങ്ങുകൊണ്ടുവാ. എനിക്കയാളെ ഒന്നു പരിചയപ്പെടണം.’
എസ്ഐയുടെ വാക്കു കേട്ട് പോലീസുകാര്‍ ഒന്നു ഞെട്ടി.
‘പൊക്കിക്കൊണ്ട് വരാനോ….അന്ന് കാക്ക മലര്‍ന്നു പറക്കും. വിളിച്ചാല്‍ സൗകര്യവും സമയവും നോക്കി സ്വന്തം ബെന്‍സ് കാറിലിങ്ങെത്തും.’
പോലീസുകാരന്റെ സംസാരം എസ്ഐയ്ക്ക് തീരെ രസിച്ചില്ല. മുഖത്ത് ദേഷ്യം ഇരച്ചു കയറി.
‘നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ പോകണ്ട. ഞാന്‍ പോലീസ് ജീപ്പ്പില്‍ പൊക്കി എടുത്തിട്ടു കൊണ്ടിങ്ങ് വരും.’
ഇപ്പോള്‍ പോലീസുകാരും അഡീഷണല്‍ എസ്ഐയും ഭയന്നു.
‘അയാള്‍ക്ക് ഉന്നതങ്ങളില്‍ വലിയ പിടിപാടാണ് സാര്‍. അയാളെ ഉപദ്രവിച്ചാല്‍ സസ്പെന്‍ഷനോ സ്ഥലം മാറ്റമോ ഷുവറാണ്. മുന്‍പ് ഇവിടിരുന്ന പലരും അതനുഭവിച്ചതാ സാര്‍.’
അഡീഷണല്‍ എസ്ഐക്ക് സത്യം തുറന്ന് പറഞ്ഞതില്‍ സന്തോഷം തോന്നി.
‘എങ്കില്‍ എനിക്കതൊന്നു കാണണം. ഞാന്‍ പോയി അയാളെ പൊക്കിക്കൊണ്ടുവരാന് പോവുകയാണ്.’
‘അതുവേണ്ട സാര്‍’ അഡീഷണല്‍ എസ്ഐ യാചിച്ചു.
ഞങ്ങള്‍ തന്നെ പോയി അയാളെ പറഞ്ഞിവിടെ ഒരു മണിക്കൂറിനകം എത്തിച്ചോളാം സാര്‍.
പോലീസുകാര്‍ ഏകസ്വരത്തില്‍ പറഞ്ഞു.
‘എങ്കില്‍ നിങ്ങള്‍ക്ക് കൊള്ളാം. ഇല്ലെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിക്കാത്ത സഹപ്രവര്‍ത്തകരാണ് കൂടെ ഉള്ളതെന്നും അവരെ മാറ്റിത്തരണമെന്നും പറഞ്ഞ് എസ്പിയ്ക്ക് പരാതി നല്‍കും.’
‘അതുവേണ്ട സാര്‍. ഞങ്ങള്‍ അയാളെ ഒരു മണിക്കൂറിനകം എത്തിക്കാം.’
അഡീഷണല്‍ എസ്ഐയും പോലീസുകാരും സല്യൂട്ട് ചെയ്തിട്ട് എസ്ഐയുടെ മുന്നില്‍നിന്നും പോയി. ഒരു വലിയ ദുരന്തം വരാന്‍ പോകുന്നതായിട്ടവര്‍ക്ക് തോന്നി.
ഒരു മണിക്കൂറിനുള്ളില്‍ നിരപ്പില്‍ നീലകണ്ഠന് എസ്ഐയുടെ മുന്നിലെത്തി. അയാള്‍ വന്നപ്പോള്‍ എസ്ഐ ആരോടോ ദേഷ്യത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും നീലകണ്ഠനെ ആപാദചൂഡമൊന്നു നോക്കി. മുഖത്ത് വില കൂടിയ കണ്ണട, കഴുത്തില്‍ തൊടല് പോലൊരു ചെയിന്‍, കൈയില്‍ നവരത്നമോതിരം. സില്‍ക്ക് ജൂബ, വീതി കസവുള്ള മുണ്ട്. ഒരു ആനചന്തം.
എസ്ഐ ഫോണിലെ സംസാരം നിറുത്തി അയാളെ ഒന്നു നോക്കിയിട്ട് തിരക്കി.
‘ആരാ മനസ്സിലായില്ല.’
‘ഞാന്‍ നിരപ്പില്‍ നീലകണ്ഠന്’
‘താനെത്രപേരെ നിരപ്പാക്കിയിട്ടുണ്ട്? ചോദ്യം അയാള്‍ക്ക് സുഖിച്ചില്ല.’
‘പോകാന്‍ ധൃതിയുണ്ട്. വിളിപ്പിച്ചതെന്തിനാണെന്ന് പറഞ്ഞാല്‍ കൊള്ളാം.’
‘താനിന്നലെ തന്റെ വാഴത്തോട്ടത്തില്‍ വെച്ച് കാവല്‍ക്കാരും താനും കൂടി ചേര്‍ന്നൊരു പാവത്തിനെ തല്ലിച്ചതച്ചില്ലെ?’
‘ചതച്ചു. അവന് കള്ളനാ. എന്റെ തോട്ടത്തില്‍ കയറി വാഴക്കുല മോഷ്ടിച്ചതിനാ തല്ലിയത്.’
‘മോഷ്ടിച്ചാല്‍ താന്‍ തല്ലുമോ.’
‘തല്ലും’ ഒരു കൂസലുമില്ലാതെ അയാള്‍ പറഞ്ഞു.
‘എന്നാല്‍ തന്നെ ഞാന്‍ തല്ലാന്‍ പോകുകയാണ്.’
എസ്ഐ കുഞ്ഞുണ്ണി കസേരയില്‍നിന്നും എണീറ്റ് നീലകണ്ഠന്റെ ചെള്ളയ്ക്കിട്ട് ഒന്നുകൊടുത്തു. അയാളുടെ കണ്ണില്‍ പൊന്നീച്ച പറന്നു. ഒട്ടും പ്രതീക്ഷിച്ചതല്ല. അയാള്‍നിന്നു വിയര്‍ത്തു വിറച്ചു. അഡീഷണല്‍ എസ്ഐയും മറ്റ് പോലീസുകാരും അതു കണ്ടുവെന്ന് മനസ്സിലായപ്പോള്‍ നാണക്കെടുണ്ടായതിനാല് തലകുനിച്ചു.
എസ്ഐ കോളിംഗ് ബെല്ലടിച്ചു. അഡീഷണല്‍ എസ്ഐ ഓടിയെത്തി.
‘യെസ് സാര്‍’ അയാള്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ നിന്നു.
‘താനിയാളെ പിടിച്ച് അകത്ത് സെലില്ലേക്കിട്. ഇന്നലെ നിങ്ങള്‍ ആ നാരായണനെ അണ്ടര്‍വിയര്‍ മാത്രമല്ലെ ധരിക്കാന്‍ കൊടുത്തുള്ളൂ. ഇയാള്‍ക്കും അതുമതി. ഇയാളെ ഇന്നു മുഴുവനും എന്റെ കസ്റ്റഡിയില്‍ വേണം. ആരു വന്നാലും ജാമ്യം കൊടുക്കേണ്ട. നാളെ ഞാനിയാളെ കോടതിയില്‍ പ്രൊഡ്യൂസ് ചെയ്തോളാം. ഇയാള്‍ ചെയ്ത കുറ്റം എന്താണെന്നറിയാമോ?
‘ഇല്ല സാര്‍.’
‘കൊലപാതകശ്രമം. ഇയാളുടെ വാഴത്തോട്ടത്തിനടുത്തു കൂടി ഒരു വഴിയുണ്ട്. ഒരു വലിയ വാഴക്കുല യാത്രക്കാരുടെ പുറത്തു കൂടി ചാഞ്ഞു വീഴാന്‍ പാകത്തില്‍ നില്‍പ്പുണ്ടായിരുന്നു. അതുകണ്ട് ആരുടേയും ദേഹത്തു വീഴെണ്ടായെന്ന് കരുതി ഒരു യാത്രക്കാരനായ നാരായണന് അതു വെട്ടി മാറ്റി. അതുകണ്ടുകൊണ്ടുവന്ന ഇയാളുടെ ഗുണ്ടകളും ഇയാളും ചേര്‍ന്ന് കള്ളനാണെന്നും പറഞ്ഞ് അതിക്രൂരമായി മര്ദ്ദിച്ചിവിടെ കൊണ്ടുവന്നാക്കി. സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞുണ്ണി കൃത്യം ഇന്നുരാവിലെ പത്തു പതിനഞ്ചിന് പ്രതിയായ നിരപ്പില്‍ നീലകണ്ഠനെ അറസ്റ്റ് ചെയ്ത് സെല്ലിലാക്കി. കോടതിയില്‍ കൊടുക്കാന്‍ ഒരു ചാര്‍ജ്ജ് ഷീറ്റും തയ്യാറാക്കിക്കൊള്ളു.
അനുസരണയുള്ള അഡീഷണല്‍ എസ്ഐ പറഞ്ഞതുപോലെയെല്ലാം ചെയ്തോളാമെന്ന് വാക്കു കൊടുത്തു. എസ്ഐ ഒരു കേസ് അന്വേഷണത്തിന് പോകുകയാണെന്നെഴുതിയിട്ട് പുറത്തേക്ക് പോയി.
നിരപ്പില്‍ നീലകണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കിയ വിവരം കാട്ടുതീ പോലെ നാട്ടില്‍ പരന്നു. സ്റ്റേഷനിലെ ഫോണ്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. നീലകണ്ഠന്റെ വിവരം അറിയാനായി ഫോണ്‍ അറ്റന്റ് ചെയ്ത പോലീസുകാരന് എസ്ഐ സ്റ്റേഷനിലില്ല അദ്ദേഹം വന്നേ തീരുമാനം എടുക്കാന്‍ പറ്റൂയെന്ന് പറഞ്ഞ് മടുത്തു.
രാത്രി ആയപ്പോള്‍ എസ്ഐ കുഞ്ഞുണ്ണി സ്റ്റേഷനിലെത്തി. ഉടനെ നീലകണ്ഠന്റെ വക്കീലുമെത്തി. പ്രതിയെ മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് ജാമ്യം നല്‍കണമെന്ന് വാദിച്ചു. അതുപറ്റില്ല, നേരം പുലര്‍ന്നിട്ട് കോടതിയിലേ ഇയാളെ പ്രൊഡ്യൂസ് ചെയ്യുമെന്ന് എസ്ഐ പറഞ്ഞു. പല വാദമുഖങ്ങളും വക്കീല്‍ നടത്തിയെങ്കിലും എസ്ഐ ചെവിക്കൊണ്ടില്ല. പരാജിതനായി അയാള്‍ സ്റ്റേഷന് വിട്ടു.
ഇതുപോലുള്ള ഒട്ടനവധി സംഭവങ്ങള്‍ എസ്ഐ കുഞ്ഞുണ്ണിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം ധൈര്യസമേതം നേരിട്ട് പലരേയും പരാജയപ്പെടുത്തിയ ചരിത്രവും അയാളുടെ ഗവണ്മെന്റ് സര്‍വീസിനിടയിലെ നാഴികക്കല്ലുകളാണ്. സസ്പെന്‍ഷനും ഡിസ്മിസുമൊന്നും അയാള്‍ക്ക് പുത്തരിയല്ല. ഒടുവില്‍ ഉന്നതന്മാരായ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാള്‍ ഒരു മാനസിക രോഗിയാണെന്ന് വിധിയെഴുതി. മനഃശാസ്ത്രത്തില്‍ ഉന്നതബിരുദവും ഐപിഎസും ഉള്ള കുഞ്ഞുണ്ണിയോട് എപ്പോഴും അനുകമ്പ കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥനോട് അയാളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്കാന് ഡിജിപി ഉത്തരവിട്ടു. അതിനുവേണ്ടി ഐപിഎസ് ഉദ്യോഗസ്ഥന് ഒരു ചോദ്യാവലി തയ്യാറാക്കി. അതിന് കുഞ്ഞുണ്ണി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.
‘പേര്?’
‘കുഞ്ഞുണ്ണി.’
അച്ഛന്?
‘നാരായണന്’
‘വയസ്സ്’
‘അറിയില്ല. ജീവിച്ചിരിപ്പില്ല’
‘എങ്ങനെയാ മരിച്ചത്’
‘പോലീസുകാര്‍ തല്ലിക്കൊന്നു.’
‘കാരണം’
‘ധനമുള്ളവന്റെ സ്വത്ത് മോഷ്ടിച്ച് ഇല്ലാത്തവന് കൊടുക്കുമായിരുന്നു. പോലീസുകാര്ക്കതിഷ്ടപ്പെട്ടില്ല. ഒരു ദിവസം പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം ഏറ്റുമരിച്ചു. ശവശരീരം സ്റ്റേഷനിലെ കക്കൂസില്‍ കെട്ടിതൂക്കി. അത് കൊലപാതകമാക്കി സത്യം പുറത്തു കൊണ്ടുവരാന്‍ ആരുമില്ലായിരുന്നു. കള്ളന് ആരെങ്കിലും പരസ്യമായി കൂട്ടു നില്‍ക്കുമോ. അത് പകല്‍ മാന്യന്മാര്ക്ക് യോജിച്ചതാണോ?’
‘അമ്മ?’
‘മരിക്കുമ്പോള്‍ മുപ്പതു വയസ്സായിരുന്നു. അച്ഛന് മരിച്ചതോടെ അമ്മയെ പലരും വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ ആരുടെയൊ കരാളഹസ്തത്തില്‍ കിടന്നു മരിച്ചു. അവര്‍ രഹസ്യമായി കുഴിച്ചിട്ടു. അങ്ങനെ അഞ്ചു വയസ്സുകാരനായ ഞാന്‍ തെണ്ടാനിറങ്ങി. പല ബസ് സ്റ്റാന്റുകളിലും കടത്തിണ്ണകളിലും കിടന്നുറങ്ങി. ഒരിക്കല്‍ ഒരമ്പലത്തിന് മുന്നില്‍ ഭക്ഷണം യാചിച്ചുകൊണ്ട് നിന്നപ്പോള്‍ ദേവിയെപ്പോലൊരു സ്ത്രീ മുന്നില്‍ വന്നു. കൈയിലിരുന്ന പ്രസാദമായ പായസവും പഴവും കഴിക്കാനായി തന്നു. എന്റെ മുഖം ശ്രദ്ധിച്ച് അവര്‍ ചോദിച്ചു. കൂടെ വരുന്നുണ്ടോയെന്ന്. കൂടെ പോയി. കൊട്ടാര സദൃശ്യമായ ഒരു വീടായിരുന്നു അത്. ഭര്‍ത്താവ് ഒരു ആക്സിഡന്റില്‍ മരിച്ചു. അവര്‍ എന്നെ സ്വന്തം മകനെപ്പോലെ വളര്‍ത്തി. ബിരുദം നേടിയപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാകാന്‍ മോഹം. അങ്ങനെ എന്റെ മോഹം പൂവണിഞ്ഞു. ഇന്ന് ഞാനീ തൊഴിലില്‍ പരിപൂര്‍ണ സന്തോഷവാനാണ്. പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും ഞാന്‍ നഷ്ടപ്പെടുത്താറില്ല.
എസ്ഐ കുഞ്ഞുണ്ണിയുടെ മറുപടിയില്‍ കൂടി കടന്നുപോയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്റെ മനസ്സില്‍നിന്നും ഒരു ചോദ്യം ഉയര്‍ന്നു. ഇയാള്‍ തെറ്റുകാരനാണോ. ഇയാളെ ശിക്ഷിക്കാന്‍ പാടുണ്ടോ. ഇത്തരം മനുഷ്യരല്ലേ ഇന്നത്തെ സമൂഹത്തിന് ആവശ്യം.
കഥ
വട്ടപ്പാറ രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: