മുപ്പത്തിനാലാം വയസ്സില്‍ മംഗലാപുരം യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലി പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ പലരും ഡോ. ചന്ദ്രശേഖര്‍ ചൗട്ടയെ ഉപദേശിച്ചു. “നല്ലൊരു ഭാവി തുലയ്ക്കരുത്” ഒരു വൈസ് ചാന്‍സലറെങ്കിലും ആയി വിരമിക്കാമെന്നായിരുന്നു ഉപദേശങ്ങളുടെ സാരം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലറുമൊക്കെയായി ചൗട്ടയ്ക്ക് കുടുംബപരമായും ബന്ധമുണ്ടായിരുന്നു.
മംഗലാപുരം നഗരത്തിലെ നിരത്തുകള്‍ ഉപേക്ഷിച്ച് ചൗട്ട നടന്നുകയറിയത് മിയ്യപ്പദവെന്ന കുഗ്രാമത്തിലെ കുന്നുകളായിരുന്നു. അവിടെ പാരമ്പര്യമായി ലഭിച്ച ഭൂമിയില്‍ കൃഷിചെയ്ത് ജീവിക്കാനായിരുന്നു മുംബൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം സ്വര്‍ണമെഡലോടെ ഒന്നാം റാങ്കില്‍ പാസായ ചൗട്ടയുടെ തീരുമാനം. പ്രായം എഴുപതിലെത്തി നില്‍ക്കുമ്പോഴും പറമ്പില്‍ തലയുയര്‍ത്തി നില്ക്കുന്ന തെങ്ങുകളെപ്പോലെ ചൗട്ടയുടെ തീരുമാനവും തലയുയര്‍ത്തി തന്നെ നില്ക്കുന്നു.
രാഷ്ട്രീയ കേരളത്തിന്റെ ‘യാത്രകള്‍’ ആരംഭിക്കുന്ന കേരളത്തിന്റെ വടക്കനതിര്‍ത്തിയായ ഹൊസങ്കടിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടാല്‍ ഉള്‍നാടന്‍ ഗ്രാമമായ മിയ്യപ്പദവിലെ ചൗട്ടയുടെ കൃഷിത്തോട്ടത്തിലെത്താം. അന്‍പത് ഏക്കറിലെ സമൃദ്ധി കാര്‍ഷിക രംഗത്ത് ചൗട്ട നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ്. തെങ്ങും കവുങ്ങും കുരുമുളകും കൊക്കോയും റബ്ബറുമാണ് മുന്‍പന്തിയില്‍. ഇടവിളക്കൃഷിയായി പപ്പായ, വാഴ, പൈനാപ്പിള്‍ തുടങ്ങിയവയും. മലയാളികള്‍ മൈന്റ് ചെയ്യാത്ത ചക്ക പോലും വിപണിയിലെ വസ്തുവാക്കാന്‍ ചൗട്ടയ്ക്ക് കഴിഞ്ഞു. വാനില, വെണ്ട, റംബൂട്ടാന്, സപ്പോട്ട തുടങ്ങിയവയും ചൗട്ടയുടെ തോട്ടത്തിന് ചന്തം പകരുന്നു. വിലത്തകര്‍ച്ചയില്‍ കേര കര്‍ഷകര്‍ തലയില്‍ കൈ വയ്ക്കുമ്പോള്‍ ഇളനീരിന്റെ വിപണി തേടിയിറങ്ങി ചൗട്ട. 90 ശതമാനത്തോളം ഇരട്ടി വിലയ്ക്ക് ഇളനീരായാണ് ഇപ്പോള്‍ വിറ്റഴിക്കപ്പെടുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ ഗ്രാമത്തലവന്മാരായ പട്ടേല്‍ പദവിയുള്ളവരായിരുന്നു ചൗട്ടയുടെ കുടുംബം. ഉപജീവനമാര്‍ഗ്ഗമെന്നതിനപ്പുറം കൃഷി ഇവര്‍ക്ക് ജീവിതത്തിന്റെ ഭാഗമായിരുന്നു. ചേറിലും ചെളിയിലും പുതഞ്ഞ ഓര്‍മ്മകളാണ് ചൗട്ടയ്ക്ക് കുട്ടിക്കാലം. ഉന്നത വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്തതാകട്ടെ സസ്യശാസ്ത്രവും. ബിരുദാനന്തരബിരുദം സ്വര്‍ണമെഡല്‍ നേട്ടത്തോടെ പാസായി. തുടര്‍ന്ന് സൈറ്റോജനിറ്റിക്സില്‍ പിഎച്ച്ഡി. ആറുവര്‍ഷം മംഗലാപുരം സര്‍വ്വകലാശാലയില്‍ ലൈഫ് സയന്‍സില്‍ അധ്യാപകന്. ‘ജോലിക്കുവേണ്ടിയായിരുന്നില്ല പഠിച്ചത്. പഠിച്ചത് പ്രാവര്‍ത്തികമായി കാണുന്നതിലാണ് താല്പര്യം’ അധ്യാപക ജോലി ഉപേക്ഷിക്കുന്നതിന് ചൗട്ട കാരണം പറഞ്ഞൊഴിഞ്ഞതിങ്ങനെ. എങ്കിലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പലതവണ ഈ ചോദ്യമുയര്‍ന്നു. കാര്‍ഷിക മേഖല പച്ചപിടിക്കാത്തതിന് കാരണം ഇത്തരം മനോഭാവങ്ങളാണെന്ന് ചൗട്ട പറയുന്നു. സര്‍ക്കാരിനേയും സമൂഹത്തേയും ഒരുപോലെ ബാധിച്ചിരിക്കുന്ന രോഗമാണിത്. വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഈ പണി ചെയ്യരുതെന്നാണ് സമൂഹം പറയുന്നത്. കൃഷി സമൂഹത്തിലെ സ്റ്റാറ്റസ് സിംബലാകുന്നില്ല. ഇതിന്റെ ഭവിഷ്യത്ത് ചൗട്ട കണ്മുന്നില് തന്നെ കാണുന്നു. നഗരമുപേക്ഷിച്ച് ഗ്രാമത്തിലെത്തിയ ചൗട്ടയ്ക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നത് ഗ്രാമവാസികളുടെ നഗരത്തിലേക്കുള്ള കുത്തൊഴുക്കാണ്. നിറയെ വീടുകളുണ്ടായിരുന്ന മിയ്യപ്പദവില്‍ ഇന്ന് ശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. കൃഷിയുപേക്ഷിച്ച് ഇവരും നഗരത്തില്‍ ജോലിക്ക് പോയിത്തുടങ്ങിയിരിക്കുന്നു. സംഘടിത തൊഴില്‍ മേഖലകളാണ് പുതിയ തലമുറയുടെ നോട്ടം. ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും അരിലഭിക്കുമ്പോള്‍ പാടത്ത് പണിയെടുക്കേണ്ടതില്ലലോ ? ചൗട്ട ചോദിക്കുന്നു.
രാജ്യത്തെ പല കാര്‍ഷിക ഗ്രാമങ്ങളും നേരിട്ട് സന്ദര്‍ശിച്ച് മനസ്സിലാക്കിയിട്ടുണ്ട് ചൗട്ട. നാല് വര്‍ഷം മുമ്പ് അടയ്ക്ക കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ അംഗമായിരുന്നു. ഉത്പാദന ചിലവ് കണക്കാക്കി അടയ്ക്ക കിലോയ്ക്ക് 140 രൂപയെങ്കിലും ലഭിക്കണമെന്ന് സമിതി റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് ഏതാനും മാസങ്ങള്‍ക്കുമുമ്പ്. കൃഷിപ്പണിക്ക് 150 രൂപ വേതനമുള്ളപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ സമ്മതം മൂളുമ്പോള്‍ 350 രൂപയാണ് കുറഞ്ഞ നിരക്ക്. ഇത്തരം നടപടികള്‍ കൊണ്ട് എന്തുപ്രയോജനം.
വിദഗ്ധ തൊഴിലാളികളെ ലഭിക്കാത്തത് കാര്‍ഷികരംഗം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. തൊഴിലുറപ്പ് പദ്ധതി വന്നതോടെ ഉള്ള തൊഴിലാളികള്‍ കൂടി കൃഷിയില്‍ നിന്നും പിന്മാറി.
കൃഷി രക്ഷപ്പെടണമെങ്കില്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയേ തീരു. പരിഷ്കൃത സമൂഹമെന്ന് മേനി നടിക്കുന്നവരുടെ പൊങ്ങച്ചങ്ങള്‍ പിന്തുടരാനും ചൗട്ട തയ്യാറല്ല. നമ്മുടെ ഭക്ഷ്യ സംസ്കാരത്തിന്റെ ഭാഗമായിരുന്നു ചക്ക. എന്നാല്‍ ഇന്ന് ചക്ക കഴിക്കുന്നത് നല്ല സംസ്കാരമല്ലെന്ന രീതിയിലാണ് ചിലരുടെ പെരുമാറ്റം. തൊണ്ണൂറ് ശതമാനം ചക്കകളും പാഴായി പോവുകയാണ്. ചക്ക തിന്നുന്നത് കുറച്ചിലായി കരുതുന്ന തലമുറയ്ക്ക് ചക്ക കൃഷി ചെയ്താണ് ചൗട്ടയുടെ മറുപടി. മംഗലാപുരമാണ് ചക്കയുടെ വിപണന കേന്ദ്രം.
മിയ്യപ്പദവിലെ ചൗട്ടയുടെ കൃഷിത്തോട്ടത്തില്‍ സന്ദര്‍ശകരേറെയാണ്. കേന്ദ്രസര്‍ക്കാര്‍ സഹായത്തിലുള്ള അഖിലേന്ത്യാ വാനില ഗ്രോവേഴ്സ് അസോസിയേഷന് വൈസ് പ്രസിഡണ്ടും കൂടിയാണ് ചൗട്ട. ആത്മ, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം എന്നിവ നടത്തുന്ന പരിപാടികളില്‍ ക്ലാസെടുക്കുന്നതിനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. ജീവിതത്തില്‍ ചെയ്യേണ്ടത് ചെയ്തുവെന്ന സംതൃപ്തിയാണ് എപ്പോഴുമുള്ളത്. ചൗട്ട പറയുന്നു.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: