കരുനാഗപ്പള്ളി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ടശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോഡിയെ കാത്തിരിക്കുന്നത് ഒരു ലക്ഷത്തോളം അമ്മമാരുടെ വരവേല്പ്. മാതാ അമൃതാനന്ദമയിദേവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ആഗോള സ്ത്രീശാക്തീകരണ മഹാസമ്മേളനത്തിലാണ് മോഡി പങ്കെടുക്കുന്നത്. ഒരു ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുന്ന മഹാസമ്മേളനം മോഡി ഉദ്ഘാടനം ചെയ്യും.
മാതാ അമൃതാനന്ദമയിദേവിയുടെ 60-ാം ജന്മദിനാഘോഷമായ ‘അമൃതവര്‍ഷം 60’ന്റെ ഭാഗമായി 26ന് രാവിലെ 9.30ന് വള്ളിക്കാവ് എഞ്ചിനിയറിംഗ് കോളേജ് അങ്കണത്തില്‍ സ്ത്രീ ശാക്തീകരണം സംബന്ധിച്ചുള്ള ആഗോള സെമിനാര്‍ നടക്കുന്നത്.
മോഡിയുടെ വരവേല്പിനായി വിപുലമായ ഒരുക്കങ്ങളാണ് അമൃതാനന്ദമയീമഠത്തില്‍ നടക്കുന്നത്. പ്രതിനിധികളായി അരലക്ഷം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും അഞ്ച് ലക്ഷം പേര്‍ക്ക് പങ്കെടുക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. മൂന്നര ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള താല്കാലിക ആഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. അയ്യായിരം പേരാണ് പന്തലിന്റെ നിര്‍മ്മാണത്തിന് പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് പങ്കെടുക്കുന്നത്.
മോഡി ഹെലികോപ്റ്റര്‍ മാര്‍ഗം അമൃതപുരി ആയുര്‍വേദ കോളേജ് ഗ്രൗണ്ടിലാണ് ഇറങ്ങുന്നത്. ഇതിനായി കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രമൈതാനവും കായംകുളം സ്റ്റേഡിയവും നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാല്‍ ഈ സ്ഥലങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. വൈകിട്ട് 9ന് സിനിമാതാരം മഞ്ജുവാര്യരുടെ ഡാന്‍സും നടക്കും.
27ന് സിനിമാതാരം ശോഭന അവതരിപ്പിക്കുന്ന നൃത്ത പരിപാടികളോടെയാണ് അമ്മയുടെ ജന്മദിന ചടങ്ങുകള്‍ ആരംഭിക്കുന്നത്. പാദപൂജയ്ക്കുശേഷം അമൃതകീര്‍ത്തി പുരസ്കാര സമര്‍പ്പണവും ജന്മദിന സമ്മേളനവും നടക്കും.
സമ്മേളനത്തില്‍ അഞ്ച് സംസ്ഥാനത്തിലെ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: