തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കുന്നതിനുള്ള മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനതാല്പ്പര്യങ്ങള്ക്കെതിരായുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവുകള്‍ക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം ജൂലായ് 25നും സപ്തംബര്‍ 20നും പുറപ്പെടുവിച്ച ഉത്തരവുകള്ക്കെതിരായാണ് അപ്പീല്‍ സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പശ്ചിമഘട്ട മലനിരകളുടെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ 2009ലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. പശ്ചിമഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ച് മൂന്നായി തിരിക്കാനായിരുന്നു സമിതിയുടെ പ്രധാന നിര്‍ദേശം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാംമേഖലയില് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരായാണ് ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവുകള്‍ ഉണ്ടായത്.
വയനാട് ജില്ലയില്‍ വനഭൂമിയും കൃഷിയിടങ്ങളും അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ മൃഗങ്ങളുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് എലിഫെന്റ് സ്്ക്വാഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് സൗത്ത്, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലായി 5 ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കും. കോട്ടയം കെ.ആര്.നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സില്‍ സെക്രട്ടറി തസ്തിക അനുവദിച്ചു. നവംബര്‍ 27 മുതല്‍ 28 വരെ ആസ്ട്രേലിയയില്‍ നടക്കുന്ന ഏഷ്യ-പസഫിക് സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള 46 പേരുടെ ചിലവിനത്തില്‍ 37 ലക്ഷം രൂപ അനുവദിച്ചു. ഒരാള്‍ക്ക് ആകെ ചിലവാകുന്ന 1.75 ലക്ഷം രൂപയില്‍ ഒരുലക്ഷം രൂപ കേന്ദ്രം വഹിക്കും. ബാക്കി തുക സംസ്ഥാനം വഹിക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ ചുമതലയുള്ള നാഷണല്‍ ഒളിമ്പിക്സ് ഡയറക്ടര്‍ സംസ്ഥാനത്തിന് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: