കോഴിക്കോട്: വിവാദ യു.എസ് നരവംശശാസ്ത്രജ്ഞന് റിച്ചാര്‍ഡ് ഫ്രാങ്കിയുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച് സി.പി.എം നേതാവ് തോമസ് ഐസക് എം.എല്‍.എ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഐ.ഐ.എമ്മില്‍ നടക്കുന്ന ദ്വിദിന സെമിനാറിലാണ് ഡോ. റിച്ചാര്‍ഡ് ഫ്രാങ്കി പങ്കെടുത്തത്. അമേരിക്കയിലെ മോണ്ട്ക്ലെയര് സ്റ്റേറ്റ് സര്‍വകലാശാലയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസറായ ഫ്രാങ്കിക്കെതിരെ സി.പി.എമ്മിലെ ഒരു വിഭാഗം മുമ്പ് ശക്തമായി രംഗത്തുവന്നിരുന്നു. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് സൊസൈറ്റി സെമിനാര്‍ സംഘടിപ്പിച്ചതെങ്കിലും സെമിനാറിന്റെ മുഖ്യ സംഘാടകന്‍ തോമസ് ഐസക്കായിരുന്നു. ഉദ്ഘാടന ദിവസം സെമിനാറിന്റെ മുഖ്യവിഷയാവതരണം നടത്തിയതും ഇദ്ദേഹം തന്നെ. തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിക്ക് നടന്ന പ്ലീനറി സെഷനില്‍ സഹകരണരംഗവും മുതലാളിത്തവും; തെരഞ്ഞെടുത്ത അന്താരാഷ്ട്രതാരതമ്യങ്ങള് എന്ന വിഷയത്തില്‍ റിച്ചാര്‍ഡ് ഫ്രാങ്കിയും ഭാര്യ ബര്ബാദയും പ്രബന്ധം അവതരിപ്പിച്ചത്. വിവാദങ്ങള്‍ക്കു ശേഷം 12 വര്‍ഷം കഴിഞ്ഞ് കേരളത്തിലെത്തിയ ഫ്രാങ്കിയെ ന്യായീകരിച്ചുകൊണ്ടാണ് തോമസ് ഐസക് മാധ്യമങ്ങളോട് സംസാരിച്ചത്. ഫ്രാങ്കിയെ സി.ഐ.എ ചാരനെന്ന് വിളിച്ചവര്‍ മാന്യമായി തോല്ക്കാന് പോലും അറിയാത്തവരാണെന്നായിരുന്നു ഐസക്കിന്റെ പ്രതികരണം.
ജനകീയാസൂത്രണ രംഗത്തെ മേന്മകളെ അട്ടിമറിക്കാന്‍ വന്ന സിഐഎ ചാരനാണ് ഫ്രാങ്കി എന്നായിരുന്നു സി.പി.എമ്മിലെ ഒരുവിഭാഗം ആരോപിച്ചിരുന്നത്. പ്രൊഫ.എം.എന്‍ വിജയന്റെ നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പായിരുന്നു അന്ന് സി.പി.എമ്മിനുള്ളില്‍ നടന്നത്. വിഎസ്സിന്റെ പിന്തുണയുടെ ബലത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ ഈ വിഭാഗം ഐസക്കിനും പാര്‍ട്ടിയുടെ ഫ്രാങ്കിബന്ധത്തിനുമെതിരെ ശക്തമായി രംഗത്തുവന്നത്. 2001 ല്‍ തോമസ് ഐസക്കും റിച്ചാര്‍ഡ് ഫ്രാങ്കിയും ജനകീയാസൂത്രണരംഗത്തെ കേരള അനുഭവങ്ങളെക്കുറിച്ച് വിശദമായ പഠനഗ്രന്ഥം പുറത്തിറക്കി. പ്രാദേശിക ജനാധിപത്യവും വികസനവും- കേരളത്തിലെ വികേന്ദ്രീകൃത ജനകീയാസൂത്രണവും എന്ന ഈ പുസ്തകവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ശാസ്ത്രസാഹിത്യപരിഷത്ത് തയ്യാറാക്കിയ നാലംലോകസിദ്ധാന്തം അക്കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഉപജ്ഞാതാവായാണ് ഫ്രാങ്കിയെ ഇടതു ചിന്തകര്‍ വിമര്‍ശിച്ചത്. ഫ്രാങ്കിയ്ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസുകൊടുക്കുമെന്നും അന്ന് തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു പ്രൊഫ.എം.എന്‍. വിജയനും സംഘവും നടത്തിയ ശക്തമായ എതിര്‍പ്പില്‍ സി.പി.എമ്മിന് നഷ്ടമായത് പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തിരുന്ന വലിയൊരു വിഭാഗം ഇടതുബുദ്ധിജീവികളെയായിരുന്നു. ഇപ്പോള്‍ തോമസ് ഐസക് ഫ്രാങ്കിയെ വീണ്ടും ന്യായീകരിച്ചത് പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: