കോട്ടയം: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപത്തിന്റെ പേരില്‍ ന്യൂനപക്ഷവര്‍ഗ്ഗീയ പ്രീണനത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മതഭീകര സംഘടനകളുമായി മത്സരിക്കുന്നു. കലാപത്തിന്റെ പേരില്‍ മുസ്ലീംമതവിഭാഗത്തില്പ്പെട്ടവരെ സഹായിക്കാനായി മുസ്ലിംലീഗും, സിപിഎമ്മും മത്സരിച്ചാണ് പണപ്പിരിവ് നടത്തുന്നത്. ലീഗ് അടുത്ത വെള്ളിയാഴ്ച പള്ളികള്‍ തോറും പണപ്പിരിവ് നടത്താനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. സിപിഎം ഇതിനെ കടത്തിവെട്ടി ഓരോ ഏരിയാ കമ്മറ്റികള്‍ കേന്ദ്രീകരിച്ച് പിരിവ് ആരംഭിച്ചുകഴിഞ്ഞു.
ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മത തീവ്രവാദ സംഘടന ഇന്നലെ മുതല്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് തുടങ്ങിക്കഴിഞ്ഞു. മതവികാരം ആളിക്കത്തിക്കുന്ന വിധത്തില്‍ പ്രകടനങ്ങള്‍ നടത്തിയും ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് പല സ്ഥലങ്ങളിലും പണപ്പിരിവ് നടക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ മതവികാരം ആളിക്കത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.
മലപ്പുറം അടക്കമുള്ള ജില്ലകളില്‍ ലീഗ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ അതിനെ മറികടക്കുകയെന്ന ലക്ഷ്യമാണ് മുസ്ലീം മതപ്രീണനത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തുടര്‍ച്ചയായി പിരിവ് നടത്തി പൊതുജനങ്ങളെ പിഴിയുന്ന സാഹചര്യത്തില്‍ മുസഫര്‍നഗര്‍ കലാപത്തിന്റെ പേരിലുള്ള പിരിവിനോട് പാര്‍ട്ടി അണികള്‍ നിസ്സംഗത പാലിക്കുകയാണ്.
നേരത്തെ സോളാര്‍ വിഷയത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പേരില്‍ സംസ്ഥാനമെമ്പാടുംനിന്ന് കോടികളാണ് സിപിഎം പിരിച്ചെടുത്തത്. എന്നാല്‍ സമരം ദയനീയമായി പരാജയപ്പട്ട സാഹചര്യത്തില്‍ പൊതുജനങ്ങളോട് മറുപടി പറയാനാകാതെ അണികള്‍ ബുദ്ധിമുട്ടിയതിനിടയിലാണ് സുര്‍ജിത് സ്മാരക മന്ദിര നിര്‍മ്മാണത്തിന്റെ പേരില്‍ സിപിഎം വീണ്ടും പിരിവിന് രംഗത്തിറങ്ങിയത്. ഏതാണ്ട് ഒന്‍പത് കോടിയോളം രൂപയാണ് പാര്‍ട്ടി പിരിച്ചെടുത്തത്. വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനത്തെ പിടിച്ചു പിഴിഞ്ഞ സിപിഎം വീണ്ടും ന്യൂനപക്ഷപ്രീണനത്തിനായി പിരിവ് നടത്തുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഉത്തര്‍ഖണ്ഡിലെ വന്‍ പ്രളയക്കെടുതിയില്‍ ആയിരങ്ങള്‍ മരിക്കുകയും സഹസ്രകോടികളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിട്ടും അവിടെയുള്ള ജനങ്ങളെ സഹായിക്കാന്‍ പീഡിതസഹായനിധി ശേഖരണം നടത്തിയത് ദേശീയ പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നു. ആസാം കലാപത്തിന്റെയും മുസഫര്‍ നഗര്‍ കലാപത്തിന്റെയും പേരില്‍ മത്സരിച്ച് സഹായനിധിശേഖരണം നടത്തുന്നവര്‍ ഉത്തരാഖണ്ഡിലെ ദുരന്തം കണ്ടില്ലെന്ന് നടിച്ചതിലൂടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാവുകയാണ്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: