തിരുവനന്തപുരം: മലബാര്‍ മേഖലയ്ക്കായി അതിവേഗ തീവണ്ടി സര്‍വ്വീസ് തുടങ്ങാനുള്ള നിര്‍ദ്ദേശം റയില്‍വേയ്ക്ക് മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലബാര്‍ മേഖലയില്‍ പാത ഇരട്ടിപ്പിക്കല്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുന്നതിനാല്‍ കണ്ണൂര്‍-എറണാകുളം റൂട്ടില്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങണമെന്ന നിര്‍ദേശമാണ് റെയില്‍വെക്ക് മുന്നില്വെച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഇത് നടപ്പിലായാല്‍ കണ്ണൂരില്‍ നിന്ന് മൂന്നര മണിക്കൂര്‍ കൊണ്ട് എറണാകുളത്ത് എത്താന്‍ കഴിയും. ബജറ്റിലൂടെ മാത്രമെ പുതിയ ട്രെയിന്‍ അനുവദിക്കാനാകൂവെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചതെങ്കിലും അതിന് മുമ്പ് തന്നെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെ ഉടന്‍ സമീപിക്കും. തിരുവനന്തപുരത്തു നിന്ന് ചെങ്ങന്നൂരേക്കും ഹരിപ്പാട്ടേക്കും തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുള്ള സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എറണാകുളത്തേക്ക് നീട്ടാനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കാനുള്ള നിര്‍ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്ത്യന്‍ റെയില്‍വെക്കും സംസ്ഥാന സര്‍ക്കാറിനും കമ്പനിയില്‍ തുല്ല്യപങ്കാളിത്തമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം-ഹരിപ്പാട്, തിരുവനന്തപുരം-ചെങ്ങന്നൂര്‍ റൂട്ടിലാണ് സബര്‍ബന്‍ സര്‍വീസ് തുടങ്ങുന്നത്. ഇതിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ മുംബൈ റെയില്‍വെ വികാസ് കോര്പ്പറേഷന് പത്ത് കോടി രൂപ നല്‍കും. മൂന്ന് മാസത്തിനകം ഡിപിആര്‍ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പദ്ധതി നടത്തിപ്പിന് ചീഫ്സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ് ചെയര്‍മാനായി ജോയിന്റ് സ്റ്റെയറിംഗ് കമ്മറ്റിയുണ്ടാക്കും. ദക്ഷിണ റെയില്‍വെ ചീഫ് സേഫ്റ്റി ഓഫീസര്‍ എസ്.അനന്ദരാമന്‍, ഡിവിഷനല്‍ റെയില്‍വെ മാനേജര്‍ രാജേഷ് അഗര്‍വാള്‍, മുംബൈ റെയില്‍ വികാസ് കോര്പ്പറേഷന് പ്ലാനിംഗ് എക്സിക്യുട്ടീവ് ഡയറക്ടര്‍ രവി അഗര്‍വാള്‍, ബിജു പ്രഭാകര്‍ ് നോഡല്‍ ഓഫീസറുമായാണ് കമ്മറ്റി.
3500 കോടി രൂപയുടെ പദ്ധതിയുടെ മൊത്തം ചെലവ്. ലോകബേങ്ക് സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തും. 25 സ്റ്റേഷനുകള്‍ നവീകരിക്കും. ഏഴ് ബോഗി വീതമുള്ള പത്ത് മെമു സര്‍വീസാണ് ഏര്‍പ്പെടുത്തുക. സ്ഥലമേറ്റെടുക്കേണ്ടതില്ലെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. രണ്ടു പാതകളിലുമായുള്ള 83 ലെവല്ക്രോസുകളാണ് വലിയവെല്ലുവിളി.
ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം വരുന്നതോടെ ട്രെയിനുകള്‍ പെട്ടെന്ന് നിര്‍ത്താനും യാത്ര തുടരാനും കഴിയും. സാധാരണ ട്രെയിനുകള്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ പത്ത് കിലോമീറ്റര്‍ വേഗതയിലെ സഞ്ചരിക്കാന്‍ കഴിയൂ. സബര്‍ബന്‍ ട്രെയിനുകള്‍ക്ക് 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ സ്റ്റേഷനുകളിലും സഞ്ചരിക്കാന്‍ കഴിയും. സാധാരണ ട്രെയിനുകള്‍ ഒരു സ്റ്റോപ്പില്‍ നിര്‍ത്തുന്നത് രണ്ട് മിനുട്ടാണെങ്കിലും ഏഴ് മുതല്‍ ഒന്‍പത് മിനുട്ട് വരെ വേഗത കുറക്കുന്നതിലൂടെ നഷ്ടപ്പെടും. സബര്‍ബന്‍ ട്രെയിനുകള്‍ക്ക് ഈ നഷ്ടവും ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: