നിലമ്പൂര്‍: മഞ്ചേരിയില്‍ നിന്ന് ആന്ധ്രയിലെ അനന്ദപൂരിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന രണ്ടേമുക്കാല്‍ ടണ്‍ ചന്ദനം വഴിക്കടവില്‍ വച്ച് പോലീസ് പിടികൂടി. ലോറി ഡ്രൈവര്‍ മഞ്ചേരി ഷാപ്പിന്‍കുന്ന് കുരിക്കള്‍ മുഹമ്മദ് (35), ക്ലീനര്‍ മഞ്ചേരി മംഗലശ്ശേരി വിളക്കുമഠത്തില്‍ ഹാരിസ് (26) എന്നിവരെയാണ് വഴിക്കടവ് എസ്ഐ എം ടി പ്രദീപ് കുമാറും സംഘവും പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വഴിക്കടവ് മണിമൂളി നെല്ലിക്കുത്ത് ജംങ്ങ്ഷനില്‍ വെച്ചാണ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരക്കാണ് നൈറ്റ് പെട്രോളിംഗിനിടെ ചന്ദന കടത്തുസംഘം വഴിക്കടവ് പോലീസിന്റെ വലയിലകപ്പെട്ടത്. 125 പ്ലാസ്റ്റിക് ചാക്കുകളിലായി 2750 കിലോ ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്. കെഎല്‍ 10 എ എല്‍ 8625 എന്ന നമ്പര്‍ ലോറിയാണ് ചന്ദന കടത്തിന് ഉപയോഗിച്ചത്.
വള്ളുവമ്പ്രം സ്വദേശി പള്ളിയാലില്‍ അലവി ഹാജിയുടെ മകന് അമീര്‍ എന്നയാളുടെ പേരിലാണ് ലോറിയുടെ ആര്‍സി ബുക്കുള്ളതെന്ന് പോലീസ് പറഞ്ഞു. ലോറിയുടെ അടിവശത്ത് ?ഭദ്രമായി അടുക്കിയ നിലകളിലാണ് ചന്ദനം കണ്ടെത്തിയത്. ചന്ദനത്തിന്റെ ഉടമയെ അറിയില്ലെന്നും മഞ്ചേരി വിപി ഹാളിന് സമീപത്ത് നിര്‍ത്തിയിട്ട ലോറി ആന്ധ്രയിലെ അനന്ദപൂരി ബ്രോറോക്കര് ഓഫീസിന് മുന്‍വശത്ത് എത്തിക്കാനുമാണ് കരാര്‍ എന്നും പ്രതികള്‍ പോലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
റെയ്ഡിന് വഴിക്കടവ് എസ്ഐ എം ടി പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിബിച്ചന്, പി തോമസ്, സുബ്രഹ്മണ്യന്, കെവി എബ്രഹാം എന്നിവര്‍ നേതൃത്വം നല്കി. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വിശദമായ അന്വേഷണത്തിന് നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ചര്‍ ബി അരുണേഷ് വെള്ളിയാഴ്ച കോടതിയില്‍ നിന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: