തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് 10 കോടി അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 67 ഡിപ്പോകളിലെ ഡീസല്‍ പമ്പുകള്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വാടകയ്ക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള നടപടികളുമായി മുന്നോട്ട് പോകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പമ്പുകള്‍ സിവില്‍ സപ്ളൈസ് കോര്പ്പറേഷന് വാടകയ്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
നേരത്തെ പമ്പുകള്‍ വാടകയ്ക്ക നല്‍കുന്നതിനെ കുറിച്ചും അവിടെ നിന്നും ഡീസല്‍ വാങ്ങുന്നത് സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ എണ്ണക്കമ്പനി പ്രതിനിധികള്‍ അംഗീകരിച്ചിരുന്നു. സപ്ളൈക്കോയ്ക്ക് പമ്പുകള്‍ വാടകയ്ക്ക് നല്‍കുന്നത് വരെ പിടിച്ചു നില്‍ക്കുന്നതിന് വേണ്ടിയാണ് തുക അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ക്ഷേമപെന്ഷന്നുകള് നല്‍കുന്നത് വൈകുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഡീസല്‍ സബ്സീഡി പിന്‍വലിച്ചതാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത്. കെഎസ്ആര്‍ടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന്റെ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: