ന്യൂദല്‍ഹി: കൊച്ചി നാവിക ആസ്ഥാനത്ത് ഭര്‍ത്താവ് പീഡിപ്പിച്ചുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം കഴിയാന്‍ പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് യുവതി നല്‍കിയിരുന്ന പരാതിയില്‍ കേരള പോലീസ് നടത്തുന്ന അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കേസില്‍ ഹൈക്കോടതി സ്വീകരിച്ചിരുന്ന നടപടികള്‍ നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. യുവതിയുടെ പരാതിയുണ്ടായിട്ടും പ്രതികള്‍ക്കെതിരേ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് യുവതിക്കു വേണ്ടി ഹാജരായ അഭിഭാഷക കാമിനി ജയ്സ്വാള്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ഭര്‍ത്താവിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ യുവതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇതിനുശേഷം ഡല്‍ഹയില്‍ വിദ്യാര്‍ഥിനിയായ യുവതിയെ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ രേഖയുപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാവികസേനയില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് യുവതിയുടെ ഭര്‍ത്താവ്. അതേസമയം യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്നത്തില്‍ സേനയെയും വലിച്ചിഴയ്ക്കുകയാണെന്നായിരുന്നു നാവികസേന ആദ്യം നല്‍കിയിരുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: