തിരുവനന്തപുരം: എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്ന രീതിയില്‍ മൂന്നര മണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്നും കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വ്വീസ് വിഭാവനം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്റെ പദ്ധതിരേഖ തയാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂമി ഏറ്റെടുക്കലിലെ തടസമാണ് സംസ്ഥാനത്തിന്റെ് റെയില്‍ വികസനത്തിന് പ്രതിസന്ധിയാകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി ആര്യാടന് മുഹമ്മദ്, മുംബൈ റെയില്‍ വികാസ് കോര്പറേഷന് എം.ഡി. രാജേഷ് സക്സേന, ദക്ഷിണ റെയില്‍വേ ജനറല്‍മാനേജര്‍ രാജേഷ് മിശ്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സബര്‍ബന്‍ കോറിഡോര്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ മുംബൈ റെയില്‍ വികാസ് കോര്‍പറേഷനെ ചുമതലപ്പെടുത്തും. ഡിസംബറിനകം ആദ്യ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. നാളെ ചേരുന്ന മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അനുമതി നല്‍കും.
പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ തിരുവനന്തപുരം ചെങ്ങന്നൂര്‍, തിരുവനന്തപുരം ഹരിപ്പാട് മേഖലയിലാണ് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അമ്പതു ശതമാനം വീതം ഓഹരി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. കിലോമീറ്ററിന് 20കോടി എന്ന നിരക്കില്‍ 3000കോടി രൂപയാണ് മൊത്തം പദ്ധതി ചെലവായി കണക്കാക്കിയിരിക്കുന്നത്.
പദ്ധതി നടത്തിപ്പിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് ആവശ്യമായ അത്യാധുനിക സിംഗ്നലിംഗ് സംവിധാനം, പുതിയ ട്രെയിന്‍ എന്നിവ ഈ സംവിധാനം വഴിയാകും വാങ്ങുക. ഇതിനായി ലോകബാങ്കിന്റെ സാമ്പത്തിക സാഹയവും പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: