ന്യൂദല്‍ഹി: കേസില്‍ ശിക്ഷിച്ചാല്‍ എംപിസ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമാകുമെന്ന സുപ്രീം കോടതി വിധി വന്നശേഷം ഇതാദ്യമായി ഒരു രാജ്യസഭാ എംപിക്ക് സ്ഥാനം നഷ്ടമാകാന്‍ പോകുന്നു.
അഴിമതിക്കേസിലുള്പ്പെടെ വിവിധ വകുപ്പുകളില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ കോണ്‍ഗ്രസ് അംഗമായ റഷീദ് മസൂദായിരിക്കും ഈ ഗണത്തില്‍ പെടുന്ന ആദ്യത്തെ ജനപ്രതിനിധി. ഇന്നലെയാണ് സിബിഐ കോടതി റഷീദ് കുറ്റക്കാരനാണെന്നു വിധിച്ചത്. ശിക്ഷ ഒക്ടോബര്‍ ഒന്നിനു പറയും. ഏഴു വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് റഷീദിനെതിരേ തെളിഞ്ഞിട്ടുള്ളത്. റഷീദ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയംഗം കൂടിയാണ്.
വി.പി.സിംഗ് സര്‍ക്കാരില്‍ 1990-91 കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന റഷീദ് അയോഗ്യരായവരെ ത്രിപുര മെഡിക്കല്‍ കോളേജില്‍ രാജ്യത്തെമ്പാടും നിന്ന് പ്രവേശിപ്പിച്ച അഴിമതിക്കേസിലാണ് റഷീദിന് ശിക്ഷ. സ്പെഷ്യല്‍ സിബിഐ കോടതി ജഡ്ജ് ജെ.പി.എസ്.മാലിക് 66 കാരനായ റഷീദ് മസൂദ് വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നു വിധിച്ചു.
ഇന്നലെ കേസില്‍ കുറ്റക്കാരനാണെന്നു വിധി വന്നതോടെ റഷീദിനു എംപിസ്ഥാനം നഷ്ടമാകും. എന്നാല്‍ സിബിഐ കോടതി വിധിക്കെതിരേ മേല്‍ക്കോടതിയില്‍ വിധി തീര്‍പ്പാക്കുന്നതുവരെ നടപടി ഒഴിവാക്കാം. മൂന്നു മാസത്തിനുള്ളില്‍ അപ്പീല്‍ കോടതി സ്വീകരിക്കണം.
റഷീദ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ കേസില്‍ മുതിര്‍ന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. റിട്ടയേഡ് ഐഎഎസ് ഓഫീസര്‍ അമല്‍ കുമാര്‍ റോയ്, അന്നത്തെ ത്രിപുര മുഖ്യമന്ത്രിയുടെ സെക്രട്ടറി സുധീര്‍ രഞ്ജന്‍ മജുംദാര്‍ തുടങ്ങി ആറു പേരും കുറ്റക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: