നെടുമ്പാശ്ശേരി: പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ശ്രമിച്ച കോടികളുടെ സ്വര്‍ണം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പിടികൂടി. രണ്ട് മുസ്ലീം സ്ത്രീകള്‍ അറസ്റ്റിലായി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടുത്തയിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്. ഇന്നലെ പുലര്‍ച്ചെ 3 മണിക്ക് വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി അരീഫ (26), കോഴിക്കോട് കോട്ടപ്പള്ളി സ്വദേശിനി ആസിഫ (25) എന്നിവരാണ് പിടിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 6 കോടി രൂപയിലധികം വിലമതിക്കും.
കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും അധികം സ്വര്‍ണ്ണം ഒരുമിച്ച് പിടികൂടുന്നത്. രണ്ട് സ്ത്രീ യാത്രക്കാര്‍ അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവരുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ കര്‍ശന പരിശോധനയിലാണ് സ്വര്‍ണ്ണക്കട്ടികള്‍ പിടികൂടിയത്. ഇവരുടെ ദേഹത്ത് ധരിച്ചിരുന്ന ജാക്കറ്റിനുള്ളില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി ഇതില്‍ സ്വര്‍ണ്ണം സൂക്ഷിച്ച് ബെല്‍റ്റുകൊണ്ട് ശരീരത്തില്‍ മുറുക്കികെട്ടിയതിനുശേഷം പര്‍ദ്ദ ധരിച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. ഇവരുടെ ഒപ്പം അസിഫയുടെ കുട്ടിയും ഭര്‍ത്താവും ഉണ്ടായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം തെളിവുകള്‍ ഇല്ലെന്ന പേരില്‍ പറഞ്ഞുവിട്ടു.
പിടിയിലായവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ദുബായിലേക്ക് നിരവധി യാത്രകള്‍ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇവര്‍ ഇതിനുമുമ്പും അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവന്നതായി സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും കുടുംബസമേതം ദുബായിലാണ് താമസിക്കുന്നത്. അരീഫ ദുബായില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലിചെയ്യുന്നുണ്ട്. നിരവധി പ്രാവശ്യം കുടുംബസമേതം വിദേശയാത്രനടത്തിയിട്ടുള്ള ഇവര്‍ ദുബായില്‍ മലയാളികള്‍ നയിക്കുന്ന സ്വര്‍ണ്ണകള്ളക്കടത്ത് സംഘത്തിനുവേണ്ടി സ്ഥിരമായി സ്വര്‍ണ്ണം കടത്തുന്ന കണ്ണികളാണെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്.
ഇന്നലെ കണ്ടെടുത്ത സ്വര്‍ണ്ണം ഉള്‍പ്പെടെ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 43 കിലോ സ്വര്‍ണ്ണമാണ് അനധികൃതമായി കൊണ്ടുവന്നതിന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മാത്രം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിട്ടുള്ളത്.
ഇന്നലെ നടന്ന പരിശോധനയില്‍ അഡീഷണല്‍ കമ്മീഷണര്‍ സോഫിയ ജോയ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. എ. എസ്. നവാസ്, എസ്. നാസര്‍ഖാന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍, സുപ്രണ്ടുമാരായ മിത്ര പ്രസാദ്, പത്മരാജന്‍, ആര്‍. ജയചന്ദ്രന്‍, ഉമ്മന്‍ ജോസഫ്, കോശി അബ്രാഹം, സണ്ണി കെ. ജോസഫ്, മുഹദ് ഫെയ്സ്, പി. കെ. തുളസിദാസന്‍, ശ്രീധരന്‍, ജോസി, ഗിരീഷ്, ഓഫീസര്‍മാരായ കെ. ചാക്കോച്ചന്‍, സി. ഡി. അരവിന്ദാക്ഷന്‍നായര്‍, രൂപം കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: