എരുമേലി: വൃദ്ധദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ട തങ്കമ്മയുടെ സഹോദരന് ശശിയുടെ മകന് അരുണ്‍ ശശി (31) യെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കഞ്ഞിക്കുഴി കവലയില്‍ വഴിയാത്രക്കാരിയുടെ മാല തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസുമാണ് ഇയാളെ പിടികൂടിയത്.
മാല തട്ടിയെടുത്ത് ഇറഞ്ഞാല്‍ റോഡിലൂടെ ഓടിയ ഇയാളെ ബൈക്കിലെത്തിയ പോലീസും നാട്ടുകാരുമാണ് പിടിച്ചത്. ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് സംശയിച്ചിരുന്നില്ല. കസ്റ്റഡിയില്‍ എടുത്ത ഇയാളെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നതിനിടയിലാണ് പഴയിടം ഇരട്ടക്കൊലപാതകം താനാണ് നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചത്. താന്‍ തനിച്ചാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊലപാതകം നടത്തിയത് പണം മോഷ്ടിക്കാനായിരുന്നുവെന്നും ആ പണം കൊണ്ട് കാറുവാങ്ങാനായിരുന്നു പദ്ധതിയെന്നും ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ പോലീസിനോട് പറഞ്ഞു. പുതിയ കാര്‍ ബുക്ക് ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ആഗസ്റ്റ് 29 നാണ് കാഞ്ഞിരപ്പള്ളി പഴയിടം തീമ്പനാല്‍ പിഡബ്ല്യൂഡി റിട്ട. സൂപ്രണ്ട് ഭാസ്കരന് നായര്‍ (75) ഭാര്യ റിട്ട. കെഎസ്ഇബി സ്റ്റെനോ ജീവനക്കാരി സി.പി. തങ്കമ്മ (69) എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റിരുന്നത്. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും കോടാലിയും മൃതദേഹത്തിനരികില്‍ നിന്ന് കണ്ടെത്തിയിരുന്നു. വീടിന്റെ ഹാളില്‍ മുകളിലത്തെ നിലയിലേക്ക് കയറുന്നതിനുള്ള പടിക്കെട്ടുകളുടെ താഴെയാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് മുകളില്‍ അരിപ്പൊടി വിതറിയിട്ടുണ്ടായിരുന്നു. മരിച്ച തങ്കമ്മയുടെ ശരീരത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒരു കയ്യിലെ സ്വര്‍ണവള പകുതി ഊരിയ നിലയിലുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: