മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എക്സൈസ് സംഘം പിടികൂടി പോലീസിന് കൈമാറിയ അരടണ്‍ സ്ഫോടകവസ്തു വളത്തിനെന്ന ന്യായം നിരത്തി മാഫിയാ സംഘത്തെ രക്ഷിക്കാന്‍ അധികൃത നീക്കം. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റ് റോഡില്‍ വച്ച് മൂവാറ്റുപുഴ എക്സൈസ് സംഘം പിടികൂടിയ അമോണിയം നൈട്രേറ്റും രണ്ട് മൊബെയില്‍ ഫോണുകളും സ്കോര്‍പ്പിയോ കാറും മഹസര്‍ എഴുതിയ ശേഷം പോലീസിന് കൈമാറിയിരുന്നു.
എന്നാല്‍ എക്സൈസ് സംഘം സ്ഫോടകവസ്തു പിടികൂടിയത് പോലീസിനെ ചൊടിപ്പിച്ചു. കൂടാതെ പാറമട മാഫിയകളുടെ സമ്മര്‍ദ്ദവും കൂടിയായപ്പോഴാണ് സ്ഫോടകവസ്തുവിനെ രാസവളമാക്കി മാറ്റാനുള്ള രാസപ്രവര്‍ത്തനം അണിയറയില്‍ അരങ്ങേറുന്നത്. ആഢംബര വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന സ്ഫോടകവസ്തു എക്സൈസ് സംഘം പിന്തുടര്ന്ന് ജീപ്പ്പ് വട്ടം വച്ചാണ് പിടികൂടിയത്. ഇതിനിടയില്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. അമോണിയം നൈട്രേറ്റിന് ശക്തമായ സ്ഫോടക ശേഷിയാണുള്ളത്.
വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് വേണ്ടവിധത്തില്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് ആക്ഷേപം. രായമംഗലം വായ്ക്കര സ്വദേശി റോയിയുടെ പേരിലുള്ള വാഹനം തലശ്ശേരി രജിസ്ട്രേഷനോടു കൂടിയതാണെന്നും സൂചനയുണ്ട്.
എംസി റോഡില്‍ സിഗ്നല്‍ ജംഗ്ഷനില്‍ വാഹനപരിശോധനയ്ക്കിടെ അമിത ലോഡുമായി വന്ന ജീപ്പ്പില്‍ സ്പിരിറ്റായിരിക്കുമെന്ന് സംശയിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചത്. എന്നാല്‍ വാഹനം നിര്‍ത്താതെ പോയതോടെ എക്സൈസ്സംഘം പിന്നാലെ എത്തി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വന്‍സ്ഫോടകശേഖരം കണ്ടെത്തിയത്.
50 കിലോ വീതമുള്ള പത്തു ചാക്കുകളിലാണ് അമോണിയം നൈട്രേറ്റ് കടത്താന്‍ ശ്രമിച്ചത്. അസി. ഇന്‍സ്പെക്ടര്‍മാരായ റോയി ജെയിംസ്, സി.ഇ. ഉസ്മാന്, എം. റോയി, പ്രവന്റീവ് ഓഫീസര്‍ ഉമ്മര്ഖാന്, കെ.എം. യൂസഫ്, സുരേന്ദ്രന്, കബീര്‍, ജോണി അഗസ്റ്റിന്, അസീസ്, റോബി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: