കൊച്ചി: ഹൈന്ദവ ആരാധനാലയങ്ങളുടെ അധികാരത്തില്‍ ഇടപെടാനുള്ള നീക്കങ്ങള്‍ ചെറുക്കണമെന്ന് ഹൈന്ദവ നേതൃയോഗം ആഹ്വാനംചെയ്തു. ഹൈന്ദവ ആരാധനാലയങ്ങളുെ കൈവശമുള്ള സ്വര്ണക്കണക്കെടുപ്പിനെതിരെ ഒക്ടോബര്‍ 16 ന് ഗുരുവായൂരില്‍ ക്ഷേത്രരക്ഷാ സമ്മേളനം നടത്തും.
ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്കാവശ്യപ്പെട്ടുകൊണ്ട് അടുത്തിടെ റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലര്‍ ആരാധനാലയങ്ങളുടെ അധികാരത്തില്‍ കൈകടത്തലാണെന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ കൂടിയ ഹൈന്ദവ നേതൃയോഗം വ്യക്തമാക്കി.
ഇന്ന് സ്വര്‍ണത്തിന്റെ കണക്കെടുക്കുന്ന സര്‍ക്കാര്‍ നാളെ ഇത് റിസര്‍വ് ബാങ്കിന് സ്വര്‍ണനിക്ഷേപമായി കൈമാറണമെന്ന് ആവശ്യപ്പെടാനിടയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ ക്ഷേത്രങ്ങളുടെ സ്വര്‍ണം വിറ്റഴിക്കാനും സാധ്യതയുണ്ട്.
അന്യമത ദേവാലയങ്ങളുടെ സ്വത്തില്‍ ഇത്തരത്തിലുള്ള ഒരു നീക്കവും നടത്തിക്കാണുന്നില്ല. കണക്ക് നല്‍കില്ലെന്ന് തീരുമാനിച്ച ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയെ യോഗം അഭിനന്ദിച്ചു. ക്ഷേത്രരക്ഷാ സമ്മേളനത്തിന് മുന്നോടിയായി വിവിധ ഹിന്ദു സംഘടനാ ഭാരവാഹികളുടെ യോഗം ഈ മാസം 24 ന് തൃശൂരില്‍ ചേരും.
കേരള ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. കെ. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് വിഷയം അവതരിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, ധര്‍മ്മജാഗരണ്‍ മഞ്ച് സംസ്ഥാന പ്രമുഖ് വി.കെ. വിശ്വനാഥന്, കെ.പി. നാരായണന് (വിഎച്ച്പി ട്രഷറര്‍), വത്സന് (വിഎച്ച്പി സംഘടനാ സെക്രട്ടറി), ടി.യു. മോഹനന് (ക്ഷേത്രസംരക്ഷണ സമിതി സംഘടനാ സെക്രട്ടറി), ഇ.എസ്. ബിജു (ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: