കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകയുമായിരുന്ന വി.പാറുക്കുട്ടി അമ്മ (90) അന്തരിച്ചു. മാതൃഭുമി പത്രാധിപസമിതി അംഗമായിരുന്നു വാര്‍ധക്യസഹജമായ അസുഖം മൂലം കുറച്ചു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വ്യാഴാഴ്ച നാലു മണിയോടെയായിരുന്നു അന്ത്യം.മൃതദേഹം വയനാട് റോഡില്‍ ശിവപുരി ക്ഷേത്രത്തിനു സമീപമുള്ള നെച്ചൂളിവീട്ടില് കൊണ്ടു വന്നു.ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്് മാവൂര്‍ റോഡ് ശ്മാശനത്തില്‍ നടക്കും.
കോഴിക്കോട് ബി ഇ എം ഗേള്‍സ് സ്കുളില്‍ 23 വര്‍ഷം ഗണിതാധ്യാപികയായിരുന്ന പാറുക്കുട്ടി അമ്മ ജോലി രാജിവെച്ചാണ് മാതൃഭൂമിയില്‍ ലൈബ്രേറിയനായി ചേര്‍ന്നത്.1923ലാണ്് പാറുക്കുട്ടി അമ്മയുടെ ജനനം. കോഴിക്കോട്ടെ നെച്ചുളി അച്യുതന് നായരുടെയും മലപ്പുറം അരിയല്ലൂര്‍ വടക്കും താന്നി ലക്ഷിക്കുട്ടി അമ്മയുമാണ് മാതാപിതാക്കള്‍.
ബി ഇ എം സ്കുളില്‍ നിന്ന് സ്കുള് വിദ്യാഭ്യാസവും മലബാര്‍ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ഇന്റര്‍മീഡിയറ്റും പാസ്സായ അവര്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി എ യും ബി എഡും കരസ്ഥമാക്കിയ ശേഷമാണ് കോണ്‍ഗ്രസ്സില്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ഡി.സി.സി, കെ.പി.സി.സി എന്നിവയില്‍ അംഗമായിരുന്ന പാറുക്കുട്ടിയമ്മ വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകള്‍ ചുരുക്കമാണ്. സ്വാതന്ത്രസമരത്തില്‍ പങ്കാളിയായ അവര്‍ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ.എസ്.രാധാകൃഷ്ണന്,വി.വി.ഗിരി തുടങ്ങിയവര്‍ കേരളത്തില്‍ പ്രസംഗിച്ചപ്പോള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കെ.പി. കേശവമേനോന്, കെ.എ. ദാമോദര മോനോന്, ജി.എന്‍.പിള്ള എന്നിവരുടെ ജീവചരിത്രമെഴുതിയ പാറുക്കുട്ടിയമ്മ, ?ചെമ്പനീര്‍പൂവ് വീണ്ടുംഎന്ന വിവര്‍ത്തന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. 1977ല്‍ അധികാരത്തില്‍ നിന്നു പുറത്തായ ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവിനെ ആധാരമാക്കി കെ.എ അബ്ബാസ് എഴുതിയ റിട്ടേണ്‍ ഓഫ് ദി റെഡ്റോസ് എന്ന പുസ്തകത്തിന്റെ മലയാള തര്‍ജമയാണ് ഈ പുസ്തകം. കവയിത്രിയായും ചിത്രകാരിയായും കഴിവുതെളിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അനാഥമന്ദിരത്തിന്റെ സൂപ്രണ്ടായും ജുവനെയില്ഹോം മജിസ്ട്രേറ്റായും സേവനമനുഷ്ടിച്ചു. ചിന്മയമിഷന്റെ ആദ്യ സെക്രട്ടറിയും അഖിലേന്ത്യാ വിമന്‍സ് കോണ്‍ഫറന്‍സിന്റെ ട്രഷററുമാണ്. 1975 ല്‍ സജീവ രാഷ്ട്രയത്തില്‍ നിന്നു പിന്മാറിയ അവര്‍ തുടര്‍ന്നു വേദാന്തപഠനത്തിലും ചിത്രരചനയിലും മുഴുകി ജീവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: