വാഷിങ്ങ്ടണ്‍: സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കുമെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പ്രഖ്യാപിച്ചു. പക്ഷേ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഒരു ബില്യണ്‍ ചെലവ് വരുമെന്നും യുഎസ്സിലെ ഫോക്സ് ന്യൂസ് ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സിറിയന്‍ വിമതര്‍ക്കു നേരെ രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കയും റഷ്യയും തമ്മിലുള്ള ഉടമ്പടിയിലാണ് സിറിയന്‍ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് തീരുമാനത്തിലായത്. ഈ തീരുമാനത്തെ സിറിയ അംഗീകരിച്ചു.
രാസായുധം നശിപ്പിക്കുകയെന്നത് വളരെ കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. എന്നുമാത്രമല്ല മാസങ്ങളോളമുള്ള പ്രയത്നവും ഇതിന് ആവശ്യമാണ്. രാസായുധങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക മുന്നോട്ട് വരികയാണെങ്കില്‍ കൈമാറാന്‍ തയ്യാറാണെന്ന് സിറിയ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ മറ്റു രാജ്യങ്ങളെപ്പോലെതന്നെ സിറിയയും പ്രതിജ്ഞാബദ്ധമാണെന്നും അസദ് പറഞ്ഞു. വിമതര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന നിലപാട് അസദ് ആവര്‍ത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: