കണ്ണൂര്‍: കഴിഞ്ഞ ഏപ്രില്‍ 23ന് നാറാത്ത് ആയുധ പരിശീലനത്തിനിടയില്‍ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായ സംഭവം അന്വേഷിക്കുന്ന ദേശീയ അന്വേഷണ സംഘം ഉദ്യോഗസ്ഥര്‍ ഇന്നലെ വീണ്ടും കണ്ണൂരിലെത്തി. എന്‍ഐഎ ഡിവൈഎസ്പി വി.കെ.അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. പ്രാഥമിക ഘട്ടത്തില്‍ കേസന്വേഷിച്ച കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരനുമായി കേസ് സംബന്ധിച്ച് ചര്‍ച്ച നടത്തിയ സംഘം ക്യാമ്പ് നടന്ന നാറാത്ത് സന്ദര്‍ശിച്ച് അന്വേഷണം നടത്തി.
കേസ് എന്‍ഐഎ ഏറ്റെടുത്ത ശേഷം അന്വേഷണ സംഘം രണ്ടാഴ്ച മുമ്പും കണ്ണൂരിലെത്തുകയും നാറാത്ത് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും ഈ മാസം അവസാനമോ അടുത്ത മാസം ആദ്യത്തോടെയോ കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നറിയുന്നു. കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കണമെന്നുള്ളതിനാല്‍ അത് ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നറിയുന്നു.
കഴിഞ്ഞ ഏപ്രില്‍ 23ന് നാറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന ട്രസ്റ്റിന്റെ കീഴിലുള്ള കെട്ടിടത്തില്‍ ബോംബും മാരകായുധങ്ങളുമടക്കമുള്ള വസ്തുക്കളുമായി ആയുധ പരിശീലനം നടത്തുന്നതിനിടയിലായിരുന്നു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് രാജ്യാന്തര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: