പാലക്കാട്: കഞ്ചിക്കോട് മേഖലയുടെ സമഗ്രവികസനത്തിന് കോച്ചുഫാക്ടറിയുടെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൊതു മേഖലയുടെയോ സ്വകാര്യപങ്കാളിത്തത്തിലോ, ഏതുരീതിയിലാണെങ്കിലും കേരളത്തിലെ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോടിന് പുതുജീവന്‍ നല്കാന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സത്വരനടപടി സ്വീകരിക്കണമെന്ന് കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം ആവശ്യപ്പെട്ടു.
കോച്ചുഫാക്ടറിക്കാവശ്യമായ സ്ഥലം യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഒരുചലനം പോലും ഉണ്ടായിട്ടില്ല. ഭരണകക്ഷിയായ കോണ്‍ഗ്രസിന് സംസ്ഥാനത്തുനിന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 8 മന്ത്രിമാരും 16 എംപിമാരും ഉണ്ടായിട്ടാണ് ഈ ദുര്യോഗം. ആര്.വേലു കേവലം ഒരു സഹമന്ത്രിയായിരുന്നപ്പോഴാണ് പാലക്കാട് റെയില്‍വേ ഡിവിഷന് വെട്ടിമുറിച്ച് സേലം ഡിവിഷന് രൂപീകരിച്ചത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിനു നല്കിയ സംഭാവന ഓര്ക്കുന്നവരേറെയാണ്.
കോച്ച് ഫാക്ടറിക്ക് കോട്ടമൈതാനത്ത് തറക്കല്ലിട്ടത് ഒഴിച്ചാല്‍ മറ്റൊരു കാര്യവും നടന്നിട്ടില്ല. പാലക്കാടിനൊപ്പം പ്രഖ്യാപിച്ച യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച് ഫാക്ടറിയില്‍ നിന്ന് കോച്ചുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ കേരളത്തിന് ഇന്നും അവഗണനതന്നെ. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യപോലുള്ള ഒരു പങ്കാളി കോച്ചുഫാക്ടറി നിര്‍മ്മാണത്തിനു മുന്നോട്ടുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ കൈയ്യൊഴിയുകയാണ് ചെയ്യുന്നത്. അവരുടെ പങ്കാളിത്തം സ്വീകരിച്ചിരുന്നെങ്കില്‍ ഒന്നരവര്‍ഷത്തിനകം കോച്ചുഫാക്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമായിരുന്നു. എന്നാലിപ്പോള്‍ സ്വകാര്യമേഖലയിലുള്ള ഒരു പങ്കാളിയെ കണ്ടെത്തി സര്‍ക്കാര്‍ പ്രീക്വാളിഫിക്കേഷന് ടെണ്ടര്‍ വിളിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രക്രിയ പൂര്‍ത്തീകരിക്കണമെങ്കില്‍ ആറുവര്‍ഷം വരെ എടുത്തേക്കുമെന്നാണ് സൂചന.
കോച്ചുഫാക്ടറി വന്നാല്‍ കഞ്ചിക്കോട് വ്യവസായ മേഖലയിലെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന നിരവധിചെറുകിട യൂണിറ്റുകള്‍ക്ക് പുതുജീവന്‍ നല്കാന് കഴിയും. അതോടൊപ്പം ധാരാളം ചെറുകിട അനുബന്ധവ്യവസായങ്ങള്‍ തുടങ്ങുന്നതിനും അതിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലിസാധ്യതയും ഉണ്ടാകും. ജനപ്രതിനിധികള്‍ ഇക്കാര്യത്തിന് മുന്നിട്ടിറങ്ങിയാല്‍ കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് കെ.പങ്കജാക്ഷന്,വി.രവീന്ദ്രന്,എബ്രഹാം ജോസ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: