കണ്ണൂര്‍: ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഓഫീസില്‍ അതിക്രമിച്ചു കയറി എഡിറ്റോറിയല്‍ ജീവനക്കാരെയും, ഓഫീസ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം. ബ്ലേഡ് മാഫിയക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പത്രം ഓഫീസില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കണ്ണൂര്‍ പ്രസ് ക്ലബ്ബും പ്രതിഷേധിച്ചു.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്കിയാല് കൊന്നുകളയുമെന്ന അക്രമി സംഘത്തിന്റെ ഭീഷണി ഗുരുതരമായി കാണേണ്ടതാണ്. എട്ടോളം പേരടങ്ങുന്ന സംഘമാണ് അതിക്രമം കാണിച്ചതെന്നത് സംഭവത്തിന്റെ ഭീകരത കൂട്ടുന്നു. പത്ര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായേ ഇത്തരം സംഭവങ്ങളെ കാണാന്‍ കഴിയുകയുള്ളു. അതിനാല്‍ പോലീസ് ശക്തമായ നടപടിയെടുക്കുകയും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.എന്‍.ബാബുവും, സെക്രട്ടറി സി.കെ.കുര്യച്ചനും ആവശ്യപ്പെട്ടു.
സംഭവത്തില്‍ ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ശശിധരന് നല്കിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്നലെ ജന്മഭൂമി ഓഫീലെത്തി തെളിവെടുത്തു. അതിക്രമം കാണിച്ചവര്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലയിലും കണ്ണൂര്‍ നഗരത്തിന്റെ വിവധ ഭാഗങ്ങളിലും വര്‍ദ്ധിച്ചു വരുന്ന ബ്ലേഡ് മാഫിയാ സംഘങ്ങളെ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികള്‍ ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു. സംഭവത്തെ വിവധ സാമൂഹ്യ-സാംസ്കാരിക സംഘടനകളും, സംഘപരിവാര്‍ സംഘടനകളും അപലപിച്ചു.
പത്രസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തെ ഏത് വിധേനയും ചെറുത്തു തോല്‍പ്പിക്കണമെന്നും അതിക്രമം കാട്ടിയവരെ എത്രയും പെട്ടെന്ന് നിയത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജന്മഭൂമി വികസന സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 17 ാം തീയ്യതി ഉച്ചക്ക് 1.30 മണിയോടെ ഒരു സംഘം ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഓഫീസിലെത്തുകയും ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട് ജന്മഭൂമി പ്രസിദ്ധീകരിച്ച് വാര്‍ത്ത ചൂണ്ടിക്കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മേലില്‍ ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം ചൊരിയുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: