കണ്ണൂര്‍: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. 2012 ല്‍ 513 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 501 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലാണ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്. കേരളത്തിലെ വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഓരോ വര്‍ഷവും വര്‍ധിച്ച് വരികയാണ്. ഇവരാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നതും മയക്കുമരുന്നുകളുടെ മുഖ്യ ഉപഭോക്താക്കളും.
പാന്‍ മസാലകളുടെ നിരോധനവും പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതുമാണ് മയക്കുമരുന്നുകളുടെ ഉപഭോഗം വര്‍ധിക്കാന്‍ പ്രധാനകാരണമായി പറയുന്നത്. തുടര്‍ച്ചയായി പുകവലിച്ചിരുന്നവരും പാന്‍പരാഗ് ഉപയോഗിച്ചിരുന്നവരും അതിന് പകരമായി മയക്കുമരുന്ന് ഉപയോഗിച്ച് വരുന്ന പ്രവണതയുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കൂടാതെ തുടര്‍ച്ചയായി കൂടുതല്‍ നേരം വാഹനമോടിക്കുന്ന ഡ്രൈവര്‍മാരും കഞ്ചാവുള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഫ്ലാറ്റ് നിര്‍മാണം പോലെ അപകടമുള്ള ജോലികള്‍ ചെയ്യുന്നവരും വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു. മയക്കുമരുന്ന് വിപണനത്തിന് സ്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ച് വരികയാണ്.
ചില തീവ്രവാദ സംഘടനകളുടെ പ്രധാന വരുമാനമാര്‍ഗം കഞ്ചാവ് കൃഷിയാണ്. ആന്ധ്രപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വനാന്തരങ്ങളില്‍ കൃഷിചെയ്യുന്ന കഞ്ചാവിന്റെ പ്രധാനവിപണന കേന്ദ്രമായി ഇവര്‍ കേരളത്തെയാണ് കാണുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും നേരിട്ട് ഇടുക്കി ജില്ലയിലെത്തിച്ച് അവിടെ നിന്നാണ് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെത്തിക്കുന്നത്. അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട്ടിലെ കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് 20 കിലോ ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് ഒന്നിച്ച് കൈവശം വച്ചാല്‍ മാത്രമേ വാണിജ്യാവശ്യത്തിനുള്ളതായി പരിഗണിക്കുകയുള്ളു. ഒരു കിലോഗ്രാമിനു താഴെയാണ് പിടിച്ചെടുക്കുന്ന മയക്കുമരുന്നെങ്കില് പരമാവധി മൂന്നുവര്‍ഷത്തെ തടവാണ് ശിക്ഷ. ഒരു കിലോ മുതല്‍ 20 കിലോ മയക്കുമരുന്ന് കൈവശം വച്ചാല്‍ പരമാവധി ശിക്ഷ 10 വര്‍ഷം വരെയാണ്. ചില ആളുകളെ മയക്കുമരുന്ന് കൈവശം വച്ചതിന് ഒന്നില്‍ കൂടുതല്‍ തവണ അറസ്റ്റ് ചെയ്യാറുണ്ട്. നിയമത്തിലെ പഴുതുകളാണ് ഒരിക്കല്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും തുടര്‍ന്നും മയക്കുമരുന്ന് വില്പന നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
മയക്കുമരുന്ന് കേസുകള്‍ അന്വഷിക്കുന്നതിന് തൃശ്ശൂരിലെ എക്സൈസ് അക്കാദമിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുന്നുണ്ട്. കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനും മയക്കുമരുന്ന് ശൃംഖലകള്‍ കണ്ടെത്തുന്നതിനും ഇത് ഏറെ സഹായിക്കുന്നുണ്ട്. മയക്കുമരുന്ന് കച്ചവടത്തിനെതിരെ നിലപാടുകള്‍ കര്‍ശനമാക്കുമെന്നും വന്‍ ലോബികള്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. ജയരാജ് പറഞ്ഞു.
കെ. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: