മൊഹാലി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരത്തില്‍ ന്യൂസിലാന്റ് ടീം ഒട്ടാഗോ വോള്‍ട്ട്സിന് തുടര്‍ച്ചയായ രണ്ടാം വിജയം. ആദ്യ മത്സരത്തില്‍ ഫൈസലാബാദ് വോള്‍വ്സിനെ തകര്‍ത്ത ഒട്ടാഗോ ഇന്നലെ ശ്രീലങ്കന്‍ ടീമായ കാണ്ടൂരാതാ മറൂണ്‍സിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാണ്ടൂരാതാ മറൂണ്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒട്ടാഗോ വോള്‍ട്ട്സ് 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ശ്രീലങ്കന്‍ ടീമായ കാണ്ടൂരാതാ മറൂണ്‍സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കാണ്ടൂരാതാ മറൂണ്‍സിന് വേണ്ടി ഓപ്പണര്‍ ഉപുല്‍ തരംഗ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 56 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം 76 റണ്‍സാണ് തരംഗ നേടിയത്. മറ്റ് പ്രമുഖരെല്ലാം ചെറിയ സ്കോറിന് പുറത്തായി. സംഗക്കാര (13), ഷെഹാന്‍ ജയസൂര്യ (13), ദില്‍ഹാര (15), കുലശേഖര (14) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഒട്ടാഗോക്ക് വേണ്ടി ബട്ട്ലര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒട്ടാഗോ വോള്‍ട്ട്സിനു വേണ്ടി ഓപ്പണര്‍മാരായ ബ്രൂം (25), റുതര്‍ഫോര്‍ഡ് (20), ടെന്‍ ഡൊസ്കറ്റ് (64), ജെയിംസ് നീഷാം (32 നോട്ടൗട്ട്) എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: