ലഖ്നൗ: മുസാഫര്‍ നഗര്‍ കലാപത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണെന്ന് വാര്‍ത്താ ചാനലുകളോട് വെളിപ്പെടുത്തിയ രണ്ട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ സ്ഥലം മാറ്റി. ഒരു വാര്‍ത്താ ചാനലാണ് ഇരുവരുടെയും അഭിമുഖം രഹസ്യമായി ചിത്രീകരിച്ച് സംപ്രേഷണം ചെയ്തത്. യുപി മന്ത്രി അസംഖാനാണ് കലാപം നിയന്ത്രിക്കുന്നതില്‍ നിന്നും പോലീസിനെ തടഞ്ഞതെന്ന് രഹസ്യ ചിത്രീകരണത്തില്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.
ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ മുസാഫര്‍ നഗര്‍ കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് സമാജ്വാദി പാര്‍ട്ടി സര്‍ക്കാരാണെന്ന ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് രംഗത്തെത്തി. ചെറിയൊരു സംഘര്‍ഷത്തെ വളര്‍ത്തി വലുതാക്കി വലിയൊരു കലാപമാക്കിയാല് അത് മുസ്ലിം വോട്ട് ബാങ്ക് ധ്രൂവീകരണത്തിന് സഹായിക്കുമെന്ന തിരിച്ചറിവാണ് എസ്പി സര്‍ക്കാരിനെക്കൊണ്ട് ചിലതൊക്കെ ചെയ്യിച്ചതെന്ന് ദൈനിക് ഭാസ്കര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രഹസ്യ ചിത്രീകരണം സംപ്രേഷണം ചെയ്യപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബുധന, ഫുവാന എന്നീ പോലീസ് സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബുധന ഇന്‍സ്പെക്ടര്‍ ഋഷിപാലിനെ തിരികെ ക്രൈംബ്രാഞ്ചിലേക്കും ഫുവാന പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ പോലീസ് ലൈനിലേക്കുമാണ് മാറ്റിയത്. എന്നാല്‍ സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സാധാരണ നടക്കുന്നതു പോലെ സംഭവിച്ചതാണെന്ന് ആഭ്യന്തര വിഭാഗം വ്യക്തമാക്കി.
സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്നും തങ്ങളെ തടഞ്ഞെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അറസ്റ്റ് ചെയ്ത പ്രതികളെ വിട്ടയയ്ക്കാന് ഉത്തരവിട്ടെന്നുമാണ് രഹസ്യ ക്യാമറയ്ക്കു മുന്നില്‍ പോലീസുദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. പ്രദേശത്ത് എന്ത് സംഭവിക്കുന്നുവോ അത് അങ്ങനെ തന്നെ തുടരട്ടെ എന്ന് ലഖ്നൗവില്‍ നിന്നും ഫുവാന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് യുപി മന്ത്രി അസംഖാന് പറഞ്ഞതായി പോലീസുദ്യോഗസ്ഥന് റിപ്പോര്‍ട്ടറോട് രഹസ്യമായി പറയുന്നത് വ്യക്തമായി കേള്‍ക്കാമായിരുന്നു.
കലാപത്തില്‍ പങ്കെടുത്ത എട്ടുപ്രതികളെ പിടികൂടാനുള്ള നിര്‍ദേശം ലഖ്നൗവിലെ യുപി ഭരണകൂടം നല്‍കിയതായി മറ്റൊരു ഉദ്യോഗസ്ഥന് രഹസ്യമായി വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ അവരെ വിട്ടയയ്ക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥന് പറയുന്നു. മുസാഫര്‍ നഗറിലെ ജില്ലാ മജിസ്ട്രേറ്റും മുതിര്‍ന്ന പോലീസ് സൂപ്രണ്ടും തങ്ങളുടെ ജോലി സത്യസന്ധമായി നിറവേറ്റിയതായും ഇരുവരെയും സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ അന്യായമായി സ്ഥലം മാറ്റുകയാണുണ്ടായതെന്നും രഹസ്യ ക്യാമറയ്ക്കു മുന്നില്‍ മീരാപൂറിലെ എസ്എച്ച്ഒ വെളിപ്പെടുത്തുന്നുണ്ട്. അതേസമയം അഞ്ച് എംഎല്‍എമാര്‍ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന് കാട്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: