ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സന്തോഷ് ട്രോഫി ഫുട്ബോളിന് മരണമണി മുഴങ്ങുന്നു. സന്തോഷ് ട്രോഫിയുടെ പ്രാധാന്യം കുറഞ്ഞെന്നും അപ്രസക്തമായ ടൂര്‍ണമെന്റായി മാറിയെന്നും അത് തുടരണമോയെന്ന് പരിശോധിക്കുമെന്നും എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ കുശാല്‍ ദാസ് വ്യക്തമാക്കിയതോടെയാണ് സന്തോഷ് ട്രോഫിയും വിസ്മൃതിയിലേക്ക് മായുമെന്ന് ഏറെക്കുറെ വ്യക്തമായത്.
1941ല്‍ തുടങ്ങിയ സന്തോഷ് ട്രോഫി മത്സരം ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം അടയാളപ്പെടുത്തിയ ടൂര്‍ണമെന്റാണ്. ബംഗാള്‍ ആസ്ഥാനമായ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനാണ് സന്തോഷ് ട്രോഫി ആരംഭിക്കുന്നത്. ഇന്നത്തെ ബംഗ്ലാദേശിലെ സന്തോഷ് എന്ന നാട്ടുരാജ്യത്തിന്റെ മഹാരാജാവായിരുന്ന മഹാരാജ സര് മന്മഥനാഥ് റോയ് ചൗധരിയുടെ പേരിലാണ് സന്തോഷ് ട്രോഫി മത്സരവിജയികള്‍ക്കുള്ള ട്രോഫി നല്‍കിയിരുന്നത്.
രാജ്യത്തെ ആദ്യ ഫുട്ബോള്‍ ക്ലബ്ബായ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു മഹാരാജ സര് മന്മഥനാഥ് റോയ് ചൗധരി. 1941-ല്‍ തുടങ്ങിയ ടൂര്‍ണമെന്റില്‍ 31 തവണ ബംഗാള്‍ ടീമാണ് വിജയിച്ചത്. കേരളം അഞ്ച് തവണ കിരീടം നേടിയപ്പോള്‍ എട്ട് തവണ റണ്ണേഴ്സാവുകയും ചെയ്തു.
അതേസമയം ഈ വര്‍ഷത്തെ ഫെഡറേഷന് കപ്പ് മത്സരങ്ങള്‍ക്ക് കേരളം ആതിഥേയത്വം വഹിക്കും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെഡറേഷന് കപ്പിന് കേരളം വേദിയാകുന്നത്. കൊച്ചിയിലും മലപ്പുറത്തുമായിട്ടായിരിക്കും ടൂര്‍ണമെന്റ് നടക്കുക. എന്നാല്‍ സന്തോഷ് ട്രോഫി നിര്‍ത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: