ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് ചുമതലയേറ്റ ശേഷം നടന്ന എല്ലാ വര്‍ഗീയ ലഹളകളെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ചൊവ്വാഴ്ച അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി ചുമതലയേറ്റ 2012 മാര്‍ച്ച് 15ന് ശേഷം സംസ്ഥാനത്ത് നടന്ന മുഴുവന്‍ വര്‍ഗീയ ലഹളകളെക്കുറിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സാമൂഹ്യ പ്രവര്‍ത്തകയായ നുതല്‍ താക്കൂര്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി രണ്ടാഴ്ചത്തെ സമയവും കോടതി നല്‍കിയിട്ടുണ്ട്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്തുണ്ടായ എല്ലാ കലാപങ്ങളെക്കുറിച്ചും സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷനോട് സംസ്ഥാനത്ത് നടന്ന മുഴുവന്‍ കലാപങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണം. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് 48 പേരുടെ മരണത്തിനിടയാക്കിയ മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
ജസ്റ്റിസുമാരായ ഇംതിയാസ് മുര്‍താസ, അരവിന്ദ് കുമാര്‍ ത്രിപാഠി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരിയുടെ അഭിഭാഷകന് അശോക് പാണ്ഡെയുടെ വാദം കേട്ട ശേഷം വര്‍ഗീയ ലഹളയെക്കുറിച്ച് സുപ്രീംകോടതിയില്‍ നല്കുന്ന വിശദീകരണം അലഹബാദ് ഹൈക്കോടതിയിലും സമര്‍പ്പിക്കണമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബുല്‍ബുല്‍ ഗോഡിയലിനോട് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഒരു പ്രത്യേക വിഭാഗത്തിനോട് അനുഭാവപൂര്‍വം പെരുമാറുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ 18 മാസത്തിനിടെ നടന്ന എല്ലാ കലാപങ്ങളിലും ശരിയായ നടപടി സ്വീകരിക്കുന്നതില്‍ നിന്നും ഭരണകൂടം പിന്നാക്കം പോയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനോട് മമതാപൂര്‍വം പെരുമാറിയത് താന്‍ ഉള്‍പ്പെടെയുള്ള മറ്റു സമുദായങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടായാക്കിയെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.
അതേസമയം മുസാഫര്‍നഗര്‍ കലാപം ആസൂത്രിതമാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു. ഒരു യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ യോഗം ചേര്‍ന്ന് പ്രതിഷേധിച്ച ശേഷം മടങ്ങിപ്പോകുകയായിരുന്ന ഹിന്ദു കര്‍ഷകര്‍ക്ക് നേരെ കനത്ത ആക്രമണം ഉണ്ടായതാണ് ഭീകരമയ കലാപത്തിന് വഴിതെളിച്ചതെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു.
ആക്രമണകാരികള്‍ വളരെ തയ്യാറെടുപ്പുകളോടെയാണ് ആ കൃത്യം നിര്‍വഹിച്ചത്. അവരില്‍ ചിലര്‍ തോക്കുകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് കര്‍ഷകരെ ആക്രമിച്ചതെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന് അരുണ്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ നീചമായി ആക്രമിക്കപ്പെട്ട വിവരം സമീപ ഗ്രാമങ്ങളിലേക്ക് പടര്‍ന്നതാണ് കലാപം രൂക്ഷമാകാന്‍ കാരണം. അഖിലേഷ് യാദവ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 27 കലാപങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
മുസാഫര്‍ നഗര്‍ കലാപത്തെക്കുറിച്ചുള്ള പ്രത്യേക സെല്ലിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഘം വിവിധ സ്ഥലങ്ങളില്‍ നിന്നും തെളിവെടുപ്പും ആരംഭിച്ചു. ഒരു അഡീഷണല്‍ എസ്പി, രണ്ട് ഡിവൈഎസ്പിമാര്‍, 30 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കലാപം അന്വേഷിക്കുന്നതും തെളിവുകള്‍ ശേഖരിക്കുന്നതും. ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ തിങ്കളാഴ്ച നിര്‍ദേശിച്ചതനുസരിച്ചാണ് യുപി സര്‍ക്കാര്‍ പ്രത്യേക സെല്‍ രൂപീകരിച്ചത്.
കലാപം ആരംഭിച്ച ശേഷം ഏതാണ്ട് 1,700 ആയുധ ലൈസന്‍സുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. മറ്റൊരു 5000 ആയുധ ലൈസന്‍സ് കൈവശം വച്ചിരിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഇപ്പോള്‍ 4,729 കുടുംബങ്ങളില്‍ നിന്നായി 7,198 പേര് സര്‍ക്കാര്‍ താത്കാലികമായി ഉണ്ടാക്കിയ 41 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. മുസാഫര്‍ നഗറിലെ 32 ഗ്രാമങ്ങളെയാണ് കലാപം ബാധിച്ചത്. കലാപക്കേസുകള്‍ അന്വേഷിക്കാനായി 20 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി മുതിര്‍ന്ന എസ്പി പ്രവീണ്‍കുമാര്‍ പറഞ്ഞു. പ്രത്യേക സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കലാപത്തിന് ഇരയായവരില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കും. മാത്രമല്ല ഇരകള്‍ക്ക് നേരിട്ട് എസ്എസ്പി ക്യാമ്പ് ഓഫീസിലെത്തി പരാതി നല്‍കാമെന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. അതേസമയം ഭാരതീയ കിസാന്‍ യൂണിയന് അധ്യക്ഷന്‍ നരേഷ് ടിക്കായത്തും കലാപത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: