ന്യൂയോര്‍ക്ക്: രാസായുധങ്ങള്‍ സംബന്ധിച്ച രാജ്യാന്തര കരാറില്‍ ഒപ്പുവയ്ക്കാനുള്ള സിറിയയുടെ അപേക്ഷ ഐക്യരാഷ്ട്രസഭ സ്വീകരിച്ചു. രാസായുധ നിരോധന സംഘടനയില്‍ ചേരാനുള്ള സിറിയയുടെ അപേക്ഷ സ്വീകരിച്ച കാര്യം യുഎന്‍ വക്താവാണ് അറിയിച്ചത്. വ്യാഴാഴ്ച്ചയായിരുന്നു സിറിയ ഇതിനായി അപേക്ഷ നല്‍കിയത്. രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നതും സംഭരിക്കുന്നതും വിലക്കിയ യുഎന്‍ നിലവിലുള്ള ആയുധങ്ങള്‍ നശിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സിറിയന്‍ സര്‍ക്കാരില്‍ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് അപേക്ഷ സ്വീകരിക്കാന്‍ യുഎന്‍ തയ്യാറായത്. എന്നാല്‍ രാസായുധങ്ങള്‍ രാജ്യാന്തര നിരീക്ഷകര്‍ക്ക് കൈമാറി മുപ്പത് ദിവസം പിന്നിടുമ്പോള്‍ മാത്രമേ സിറിയക്ക് സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു.
സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാനുള്ള പദ്ധതിയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വാഗതം ചെയ്തു. റഷ്യന്‍ പദ്ധതിയെ വിശ്വസിക്കുന്നെന്നും എന്നാല്‍ ഇത് തങ്ങള്‍ പരിശോധിക്കുമെന്നും ഒബാമ എബിസിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പദ്ധതിയോട് സഹകരിക്കാന്‍ അസാദ് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സിറിയക്കെതിരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് ഒബാമ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ചൈന, ഫ്രാന്‍സ്, ബ്രിട്ടണ് എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, നാറ്റോ തുടങ്ങിയ സംഘടനകളും യുഎസ്- റഷ്യ ആറിന പദ്ധതിയെ അനുകൂലിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: