ബാംഗ്ലൂര്‍: സെഞ്ച്വറി നേട്ടത്തോടെ യുവരാജ് തന്റെ തിരിച്ചുവരവ് കെങ്കേമമാക്കി. ഒപ്പം ‘എ’ ടീമുകള്‍ തമ്മിലുള്ള ഏകദിന മത്സരത്തില്‍ യുവി നയിച്ച ഇന്ത്യ വിന്‍ഡീസിനെ 77 റണ്‍സിന് തകര്‍ക്കുകയും ചെയ്തു. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയാ യിരുന്നു. യുവരാജിന്റെ മികവില്‍ 42 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് 39.1 ഓവറില്‍ 235 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി.
സ്കോര്‍ 8-ല്‍ എത്തിയപ്പോള്‍തന്നെ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ വിന്‍ഡീസ് പിരിച്ചു. ഒരു റണ്ണെടുത്ത ഉന്മുക്ത് ചന്ദിനെ കമിന്‍സാണ് പുറത്താക്കിയത്. തടുര്‍ന്ന് മന്ദീപ് സിംഗ് റോബിന് ഉത്തപ്പക്കൊപ്പം ചേര്‍ന്നു. സ്കോര്‍ 47ല്‍ എത്തിയപ്പോഴാണ് ഇവര്‍ പിരിഞ്ഞത്. 23 റണ്‍സെടുത്ത ഉത്തപ്പ റസലിന്റെ പന്തില്‍ കമിന്‍സിന് പിടിനല്‍കിയാണ് ഉത്തപ്പ മടങ്ങിയത്. അതിനുശേഷമായിരുന്നു യുവരാജിന്റെ രംഗപ്രവേശം. വിന്‍ഡീസിന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് യുവി പുറത്തെടുത്തത്. യുവരാജും മന്ദീപും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്കോര്‍ 147ല്‍ എത്തിയ ശേഷമാണ് ഈ കൂട്ടുകെട്ടിനെ പിരിക്കാനായത്. 67 റണ്‍സാണ് മികച്ച ഫോമിലുള്ള മന്ദീപ് കൂട്ടിച്ചേര്‍ത്തത്.
ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞാടിയ യുവി 123 റണ്‍സാണ് സ്കോര്‍ ചെയ്തത്. 89 പന്തില്‍നിന്നും 8 ബൗണ്ടറികളുടെയും 7 സിക്സറിന്റെയും കരുത്തിലായിരുന്നു യുവിയുടെ കുതിപ്പ്. മന്ദീപിനുശേഷമെത്തിയ യൂസഫ് പഠാനും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. 32 പന്തില്‍നിന്നും 4 ബൗണ്ടറികളുടെയും 6 സിക്സറിന്റെയും കരുത്തില്‍ 70 റണ്‍സെടുത്ത് പഠാന് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിനുവേണ്ടി നര്‍സിംഗ് ഡിയോനരീന്, ആഷ്ലി നഴ്സ് എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 58 റണ്‍സെടുക്കുമ്പോഴേക്കും ബോണര്‍ (16), പവല്‍ (17), എഡ്വാര്‍ഡ്സ് (19) എന്നിവരുടെ വിക്കറ്റുകള്‍ നിലംപതിച്ചിരുന്നു. ആദ്യ രണ്ടു വിക്കറ്റുകളും വിനയ്കുമാറിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഡിയോനാരീന് 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതേ സ്കോര്തന്നെ നഴ്സും നേടി. ബാക്കിയാര്‍ക്കും കാര്യമായി ഒന്നുംതന്നെ ചെയ്യാനായില്ല.
ഇന്ത്യക്കുവേണ്ടി വിനയ്കുമാര്‍, രാഹുല്‍ ശര്‍മ്മ, യൂസഫ് പഠാന്, നര്‍വാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: