കരുനാഗപ്പള്ളി: വിവേകാനന്ദ ജയന്തി സാര്‍ധശതി ആഘോഷത്തിന് യുവത്വത്തിന്റെ തുടിപ്പ്. ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ ഓര്‍മ്മകളുണര്‍ത്തി സാര്ധശതിയുവവിഭാഗത്തിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടന്നു.
പുതിയകാവ്, ഇടക്കുളങ്ങര, മരുതൂര്‍കുളങ്ങര എന്നിവിടങ്ങളില്‍ നിന്ന് നൂറ് കണക്കിന് യുവാക്കള്‍ അണിനിരന്ന കൂട്ടയോട്ടം പടനായര്‍കുളങ്ങര മഹാദേവക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ കാര്യവാഹ് എ.?വിജയന് അധ്യക്ഷത വഹിച്ചു.
ഓച്ചിറ ആര്. ധനരാജന്, ആര്‍എസ്എസ് ഗ്രാമജില്ലാ പ്രചാര്‍ പ്രമുഖ് എസ്. രാജേഷ് എന്നിവര്‍ സംസാരിച്ചു.
പുത്തൂര്‍: ഭാരതീയ യുവത്വത്തിന് ഉണര്‍വിന്റെ ദിശാബോധം പകര്‍ന്ന സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 120-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുത്തൂരില്‍ കൂട്ടയോട്ടം നടന്നു. വിവേകാനന്ദ സാര്‍ധശതി പുത്തൂര്‍ താലൂക്ക് ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടയോട്ടത്തില്‍ നൂറ് കണക്കിന് യുവാക്കള്‍ പങ്കെടുത്തു.
വെണ്ടാറില്‍ നിന്നും ഇടവട്ടത്ത് നിന്നുമാണ് കൂട്ടയോട്ടങ്ങള്‍ ആരംഭിച്ചത്. വെണ്ടാര്‍ മനക്കരക്കാവില്‍ പുത്തൂര്‍ എസ്ഐ പി. രാജുവും ഇടവട്ടം ചന്തമുക്കില്‍ എഴുകോണ്‍ സിഐ കെ. സദനും പരിപാടി ഉദ്ഘാടനം ചെയ്തു.
പുത്തൂര്‍ കുമ്പഴ ദേവീക്ഷേത്രാങ്കണത്തില്‍ നടന്ന സമാപന യോഗം ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പി.?എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആത്മബോധവും ആത്മവീര്യവും നഷ്ടപ്പെട്ട നമ്മുടെ ജനതയില്‍ ഇരുമ്പ് സിരകളും ഉരുക്ക് പേശികളും ഉണര്‍വിന്റെ ആത്മീയപ്രഭയും സ്വപ്നം കണ്ട വിവേകാനന്ദസ്വാമികള്‍ ഭാരതീയ യുവത്വത്തിന് എക്കാലത്തെയും ആദര്ശപുരുഷനാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനെതിരെ ആക്ഷേപവാക്കുകള് ചൊരിഞ്ഞ കേന്ദ്രമന്ത്രി ശശിതരൂര്‍ രാജ്യത്തിന് തന്നെ അപമാനമാണ്. അമേരിക്കന്‍ സംസ്കാരം സ്വീകരിച്ച് ഭാരതീയതയെയും പാരമ്പര്യത്തെയും അപമാനിക്കുന്ന തരൂരിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയില്‍ എഐടിയുസി സംസ്ഥാനസമിതിയംഗം പ്രൊഫ. പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ചാത്തന്നൂര്‍: കവടിയാറില്‍ സ്ഥാപിക്കപ്പെട്ട വിവേകാനന്ദപ്രതിമ കേരളം ആ മഹാത്മാവിനോട് കാട്ടിയ അവഗണനയുടെ പ്രായശ്ചിത്തമാണെന്ന് ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ പ്രചാര്‍ പ്രമുഖ് എസ്. രഞ്ജന്‍ പറഞ്ഞു. കന്യാകുമാരിയിലെ അനശ്വരമായ വിവേകാനന്ദ സ്മാരകനിര്‍മാണത്തിന് ഒരു ചില്ലിക്കാശും നല്‍കില്ലെന്ന് പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനം കേരളമായിരുന്നു. ആ പാപത്തിന്റെ കറ കേരളീയ പൊതുസമൂഹം കഴുകിക്കളയുകയായിരുന്നു കവടിയാറിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിക്കാഗോ പ്രസംഗത്തിന്റെ സ്മരണകളുമായി വിവേകാനന്ദ സാര്‍ധശതി യുവവിഭാഗ് ചാത്തന്നൂരില്‍ സംഘടിപ്പിച്ച കൂട്ടയോട്ടതത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഞ്ജന്‍.
കേരളത്തിലെ ദേശീയസമൂഹത്തിനിടയില് നിലനിന്നിരുന്ന ജാതീയതയില്‍ മനംനൊന്താണ് ഇതൊരു ഭ്രാന്താലയമാണെന്ന് സ്വാമിജി പറഞ്ഞത്.
മതപരിവര്‍ത്തന ശക്തികള്‍ ആ വികൃതമനോഭാവത്തില്‍നിന്ന് മുതലെടുക്കുന്നതും ഹിന്ദുക്കളെ അപമാനിക്കുന്നതും അദ്ദേഹത്തെ വേദനിപ്പിച്ചു. ലോകത്തെ ക്രൈസ്തവീകരിക്കാന്‍ വേണ്ടി സംഘടിപ്പിക്കപ്പെട്ട ചിക്കാഗോ ലോകമതമഹാസമ്മേളനത്തിനെ കൊണ്ട് മതങ്ങളുടെ മാതാവാണ് ഹിന്ദുത്വം എന്ന് പ്രഖ്യാപിപ്പിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദന് ഹിന്ദുത്വത്തെ ഉയര്‍ത്തുകയും അതുവഴി രാഷ്ട്രത്തെ ഉദ്ധരിക്കുകയും ചെയ്തുവെന്ന് രഞ്ജന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: