ജെയിനെവ: രാസായുധങ്ങള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ അമേരിക്കയ്ക്ക് മുന്നില്‍ വച്ച നിര്‍ദ്ദേശങ്ങളില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്ത് ധാരണയിലെത്തിയതോടെ സിറിയയില്‍ ആസന്നമായ സൈനിക നടപടി അമേരിക്ക ഉപേക്ഷിക്കും.
ചര്‍ച്ചയുടെ മൂന്നാം ദിവസമായ ശനിയാഴ്ചയാണ് അമേരിക്കയും റഷ്യയും ധാരണയിലെത്തിയത്. പുതിയ ധാരണ പ്രകാരം സിറിയിയിലെ രാസായുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കും. രാസായുധങ്ങളുടെ പരിശോധനയ്ക്കായി ഒരാഴ്ചയ്ക്കുള്ളില്‍ യു.എന്‍ സംഘം സിറിയയിലെത്തുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു.
നാലു ഘട്ടങ്ങളായാണ് സിറിയന്‍ പ്രശ്നപരിഹാര പദ്ധതി നടപ്പാക്കുന്നത്. രാസായുധ നിരോധന സംഘടനയില്‍ സിറിയ അംഗമാകണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ആദ്യത്തേത്. രാസായുധ ശേഖരം എവിടെയെല്ലാമാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും അവ എവിടെ നിര്‍മ്മിച്ചതാണെന്നും വെളിപ്പെടുത്താന്‍ സിറിയയോട് നിര്‍ദ്ദേശിക്കുന്നതാണ് പിന്നീടത്തെ നടപടി.
യു.എന്‍ സംഘടനയുടെ രാസായുധ നിരോധന കാര്യവിദഗ്ദ്ധരെ സിറിയയുടെ രാസായുധങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കും. പരിശോധനകള്‍ക്ക് ശേഷം രാസായുധ ശേഖരം നിര്‍വീര്യമാക്കി നശിപ്പിക്കുന്നതോടെ പദ്ധതി പൂര്‍ണമായി നടപ്പില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: