ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തിയത്. സപ്തംബര്‍ ഒന്നിന് നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനോട് പരാജയപ്പെട്ടിരുന്നു. സര് അലക്സ് ഫെര്ഗൂസന് പകരം മാനേജരായി ചാര്‍ജെടുത്ത ഡേവിഡ് മോയസിന് കീഴില്‍ യുണൈറ്റഡിന്റെ ആദ്യ ഹോം വിജയമാണിത്.
ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ റോബിന് വാന്‍ പെഴ്സിയും വെയ്ന്‍ റൂണിയുമാണ് യുണൈറ്റഡിന്റെ വിജയഗോളുകള്‍ നേടിയത്. ആദ്യപകുതിയുടെ ഇഞ്ച്വറിസമയത്ത് ക്രിസ്റ്റല്‍ പാലസിന്റെ കാഗിഷോ ഡികാസോയി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ആദ്യ ഗോള്‍ നേടാന്‍ ആദ്യപകുതിയുടെ ഇഞ്ച്വറി സമയം വരെ യുണൈറ്റഡിന് കാത്തിരിക്കേണ്ടിവന്നു. വിവാദമായ പെനാല്‍റ്റിയിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. ആഷ്ലി യങ്ങിനെ ബോക്സിനുള്ളില്‍ വെച്ച് വീഴ്ത്തിയതിനാണ് കാഗിഷോ ഡികാസോയിക്ക് ചുവപ്പുകാര്‍ഡും യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റിയും ലഭിച്ചത്. കിക്കെടുത്ത വാന്‍ പെഴ്സി ക്രിസ്റ്റല്‍ പാലസ് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ക്രിസ്റ്റല്‍ പാലസ് പത്തുപേരായി ചുരുങ്ങിയിട്ടും യുണൈറ്റഡിന് ലീഡ് ഉയര്‍ത്താന്‍ ഏറെ പണിപ്പെടേണ്ടിവന്നു. 81-ാം മിനിറ്റിലാണ് യുണൈറ്റഡ് ലീഡ് ഉയര്‍ത്തിയത്. 25 വാര അകലെനിന്ന് റൂണി എടുത്ത ഫ്രീകിക്ക് ക്രിസ്റ്റല്‍ പാലസ് വലയില്‍ പതിക്കുകയായിരുന്നു.
ഫ്രഞ്ച് ലീഗില്‍ കരുത്തരായ പാരീസ് സെന്റ് ജെര്‍മന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബോര്‍ഡെക്സിനെ പരാജയപ്പെടുത്തി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജര്‍മ്മന്‍ ബുണ്ടസ് ലീഗില്‍ വിഎഫ്ബി സ്റ്റുട്ട്ഗര്‍ട്ട് ഏകപക്ഷീയമായ ഒരു ഗോളിന് ഹെര്‍ത്ത ബെര്‍ലിനെ പരാജയപ്പെടുത്തി. 49-ാം മിനിറ്റില്‍ ജെന്റ്നറാണ് സ്റ്റുട്ട്ഗര്‍ട്ടിന്റെ വിജയഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: