ആട്ടക്കളത്തില്‍ ആവേശം മൂക്കുകയാണ്. ആര്‍പ്പുവിളിയും കയ്യടിയും ഇരമ്പിക്കയറുന്നു. നാട്ടിലെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ പത്ത് പേര് വീതമടങ്ങുന്ന രണ്ട് സംഘമായി തിരിഞ്ഞാണ് കളി. വൃത്താകൃതിയില്‍ വലിയൊരു കളം. കളത്തിന്റെ പുറത്ത് പത്ത് പേര്, അകത്ത് പത്തുപേര്‍. അകത്തുനില്ക്കുന്നവരെ ഓരോരുത്തരെയായി പുറത്തേക്ക് വലിച്ചിറക്കി കളം ശൂന്യമാക്കിയാല്‍ പുറത്ത് നില്‍ക്കുന്നവര്‍ക്ക് ജയം. ഉള്ളില്‍ നില്ക്കുന്നവര് ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നു. കാഴ്ച്ചക്കാര്‍ രണ്ട് ചേരിയായി കയ്യടിച്ചും ആര്‍ത്തുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നു. മത്സരം മുറുകുകയാണ്. ഇതിനിടയില്‍പ്പെട്ട വെളുത്തുമെലിഞ്ഞ സുന്ദരനായ ഒരു പന്ത്രണ്ട് വയസുകാരന് വീണുപോയി. ചവിട്ടും തൊഴിയുമേറ്റ് അല്പ്പസ്വല്പ്പമൊക്കെ പരിക്കും പറ്റി പകച്ചു നില്ക്കുകയാണവന്…
വടക്കാഞ്ചേരിയിലെ ഉള്‍നാടന്‍ ഗ്രാമമായ മച്ചാടില്‍ പത്തറുപത്തഞ്ച് വര്‍ഷം മുമ്പ് നടന്ന ആ ഓണക്കളി എറണാകുളത്ത് കലൂരിലെ ശ്രീരാമകൃഷ്ണസേവാശ്രമത്തിലെ വാനപ്രസ്ഥയിലിരുന്ന് എണ്‍പതുകാരനായ അരവിന്ദാക്ഷന് നായര്‍ വിവരിക്കുമ്പോള്‍ കണ്ണില്‍ ആ കൗമാരക്കാരന്റെ ഉത്സാഹവും മുഖത്ത് നാണത്തില്‍ പൊതിഞ്ഞ ഒരു ചെറുചിരിയും. പറയാന്‍ തുടങ്ങിയപ്പോള്‍ കെട്ടഴിച്ചുവിട്ടപോലെ ഓര്‍മ്മകള്‍…ചിങ്ങപ്പുലരിയില്‍ പൂക്കളം തീര്‍ക്കാന്‍ പൂവ് തേടി നടന്നതും കൈകൊട്ടിക്കളിക്കുന്ന സുന്ദരിമാരുടെ അഴകില്‍ ഭ്രമിച്ച് എന്തിനെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിത്തിരിഞ്ഞതും ഓണത്തപ്പന് സമര്‍പ്പിക്കുന്ന അടയുടെ രുചിയുമടക്കം ഓര്‍മ്മകളില്‍ കുന്നോളം ഓണവിചാരങ്ങള്‍…ഒറ്റയ്ക്കല്ല നായര്‍, ജീവിതയാത്രയില്‍ കൂടെക്കൂട്ടിയ പാലക്കാട്ടെ ചേര്പ്പുളശ്ശേരിക്കാരി സുന്ദരിക്കുട്ടി കൂടെയുണ്ട്. ജീവിതസായാഹ്നത്തില്‍ ഇരുവരും തെരഞ്ഞെടുത്തതാണ് വാനപ്രസ്ഥയിലെ ജീവിതം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന നായര്‍ വിരമിച്ചതിന് ശേഷവും വര്‍ഷങ്ങളോളം മറ്റ് മേഖലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീടാണ് ഭാര്യയേയും കൂട്ടി വിശ്രമജീവിതം ഇവിടേക്ക് മാറ്റിയത്. മകനുണ്ട്. പുറത്താണ്. ഫോണിലൂടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാറുണ്ട്.
വീണ്ടുമൊരോണം കണ്മുന്നിലൂടെ കടന്നുപോകുന്നു, പക്ഷേ, പിന്നിട്ടുപോയ കാലങ്ങള്‍ക്കിപ്പുറം ഓര്‍മ്മകളില്‍ ആവേശക്കടല്‍ സൃഷ്ടിച്ച അതേ ഓണത്തിനെന്തിനാണിത്ര അപരിചിതത്വം…ഈ ചോദ്യം അരവിന്ദാക്ഷന് നായരുടേത് മാത്രമല്ല. വര്‍ഷങ്ങളായി ഓണം വരുന്നതും പോകുന്നതും നിര്‍വികാരമായി നോക്കിക്കാണുന്ന ഒരുപാട് പേരുണ്ട്. പണ്ട് ജോലി തേടി നാട് വിട്ടുപോയ ചെറുപ്പക്കാരൊക്കെ ആവേശത്തോടെ നാട്ടിലെത്തുന്നത് ഓണക്കാലത്തായിരുന്നു. പഴയ തലമുറയുടെ ഓണത്തിന് മിഴിവും നിറവുമേറുന്നു. ചിങ്ങക്കൊയ്ത്തിനായി കാത്തുകിടക്കുന്ന പാടങ്ങളില്‍ നിന്നുയരുന്ന പുന്നെല്ലിന്റെ മണം. തൊടിയാകെ അത്ഭുതം സൃഷ്ടിക്കുന്ന വസന്തം. ചക്രവര്‍ത്തിയുടെ ഗര്‍വ്വ് പകരുന്ന ഓണക്കോടിയുടെ മാസ്മരികത. ഊഞ്ഞാല്ച്ചോട്ടിലെ ഊഴംകാക്കല്. നെയ്യും പരിപ്പും പപ്പടവും പായസവും ചേര്‍ത്തുള്ള ഓണസദ്യ. എങ്ങനെ പ്രാര്‍ത്ഥിക്കാതിരിക്കും ദൈവമേ എന്നും ഓണമായിരുന്നുവെങ്കിലെന്ന്. പക്ഷേ പ്രാര്‍ത്ഥനകള്‍ തിരുത്താനാണിപ്പോള് തോന്നുന്നതെന്ന് ഈ കാരണവന്മാര്. എന്നും ഓണമാകേണ്ട. എന്നും സുഭിക്ഷമാകേണ്ട പഞ്ഞക്കാലത്തിനപ്പുറം വാഗ്ദാനമാകുന്ന ഓണമാണ് ഓണം. ആ ഓണത്തിനായുള്ള കാത്തിരിപ്പാണ് കാത്തിരിപ്പ്…
എല്ലാവരുടെയും ഓര്‍മ്മയിലുണ്ട് ന്യൂ ജനറേഷന്റെ ചിന്തകള്‍ക്ക് സ്പര്‍ശിക്കാനാകാത്ത ഓണാനുഭവങ്ങളുടെ കുത്തൊഴുക്ക്. മഞ്ഞിന്ത്തരികള് പറ്റിപ്പിടിച്ച ചിലന്തിവല തട്ടി, പൂവട്ടിയുമായി തൊടിയിലേക്കോടുന്ന ഒരു കുട്ടിയാണ് തൊടുപുഴക്കാരന് നാരായണന് കര്‍ത്തയുടെ ഓര്‍മ്മയില്‍. പെണ്കുട്ടികളില്ലാത്ത വീട്ടില്‍ പൂവട്ടിയുമായി തൊടികള്‍തോറും കയറിയിറങ്ങാന്‍ അന്നത്തെ എട്ടുവയസുകാരന് അശേഷം മടിയില്ലായിരുന്നു. മുറ്റത്ത് വലിയ പൂക്കളം. ഉത്രാടനിലാവിലെ ഓണക്കളികള്‍, തിരുവോണ സദ്യ. പിറ്റേന്ന് അയല്പക്കത്തെ ദരിദ്രരായ അന്യമതസ്ഥരെ ക്ഷണിച്ചുവരുത്തി അവര്‍ക്കായി വിശേഷാല്‍ സദ്യ വേറെ. അങ്ങനെയൊക്കെയായിരുന്നു ഓണക്കാലം, ദീര്‍ഘ നിശ്വാസത്തോടെ കര്‍ത്താ പറയുന്നു.
ആശ്രമത്തിലെ ഒറ്റമുറിയില്‍ ഇരുപത് വര്‍ഷമായി ഓണം വരുന്നതും പോകുന്നതും കണ്ടിരിക്കുകയാണ് എണ്‍പതുകാരനായ അരവിന്ദാക്ഷ മേനോനും ഭാര്യ ആനന്ദവല്ലിയും. രോഗിയായ ഭാര്യ മക്കള്‍ക്ക് ബാധ്യതയാകരുതെന്ന് കരുതി വീടുവിട്ടതാണ് ഈ റിട്ടേഡ് എയര്‍ഫോഴ്സ ഉദ്യോഗസ്ഥന്. വിവരമറിഞ്ഞെത്തിയ മകള്‍ അച്ഛനേയും അമ്മയേയും തിരികെ കൊണ്ടുപോകാന്‍ ഒറ്റമുറിയില്‍ ഉപവാസമിരുന്നിട്ടും മേനോന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഒന്നെഴുന്നേല്ക്കതിനാവതില്ലാത്ത ഭാര്യ ആനന്ദവല്ലി നിസ്സഹായയായി എല്ലാം നോക്കിക്കിടന്നു. ഒടുവില്‍ അച്ഛന്റെ നിശ്ചയ ദാര്ഢ്യത്തിന് മുന്നില്‍ കീഴടങ്ങിയ മകള്‍ കണ്ണീരോടെ മടങ്ങി. വിധിയുടെ മുന്നില്‍ തലകുനിച്ച് വിധേയനാകാന്‍ മടിച്ച മേനോന് ദിവസവും മൂന്നും നാലും തവണ പടികള്‍ കയറിയിറങ്ങി താഴെ മെസ്സില്‍ നിന്ന് ഭാര്യയ്ക്കുള്ള ഭക്ഷണമെത്തിച്ചു. വിദഗ്ധ ചികിത്സക്കായി അവരെയും കൊണ്ട് ആശുപത്രികള്‍ കയറിയിറങ്ങി.
ഓണവിശേഷം തിരക്കി ചെല്ലുമ്പോള്‍ ഒറ്റമുറിയുടെ ഒരു കോണിലെ മേശപ്പുറത്തെ സ്റ്റൗവില്‍ രാത്രിയ്ക്കുള്ള കഞ്ഞി തയ്യാറാക്കുന്നു മേനോന്, മുറിയില്‍ മറ്റാരുമില്ല. എവിടെ.. എന്ന മുഖഭാവം കണ്ടിട്ടാകും ഒട്ടും അപരിചിതത്വമില്ലാതെ ആ വലിയ മനുഷ്യന് പറഞ്ഞു- അവളെ നടക്കാനയച്ചിരിക്കുകയാണ്. മടിച്ചിയാ.. നിര്‍ബന്ധിച്ചില്ലെങ്കില്‍ പോകില്ല. മെസ്സില്‍ നിന്ന് ഭക്ഷണമുണ്ട്. ഇടയ്ക്ക് ഒരു മാറ്റത്തിന് കഞ്ഞിയാക്കും. പിന്നെ ജീവിത കഥയുടെ കെട്ടഴിക്കുമ്പോള്‍ മനസ്സുകൊണ്ട് അദ്ദേഹത്തെ എത്രയോ നമസ്ക്കരിച്ചു. തൃപ്രയാറിലെ പേരുകേട്ട കുടുംബത്തിലെ അംഗം. ഏറെ പ്രിയപ്പെട്ട ഇടവഴിയും അമ്പലപറമ്പും ആല്ച്ചുവടും സ്നേഹകുശലം പറഞ്ഞെത്തുന്ന നാട്ടുമുഖങ്ങളും ബാല്യകൗമാരങ്ങള്‍ക്ക് നിറംപകര്‍ന്ന തറവാടും ഉപേക്ഷിച്ചിറങ്ങിയതാണ് മേനോന്. നഷ്ടബോധമില്ലേ എന്ന് ചോദ്യത്തിന് പൊരുത്തപ്പെടലാണ് ജീവിക്കാനുള്ള ഏറ്റവും വലിയ വഴിയെന്നായിരുന്നു ഉത്തരം. ഓര്‍മ്മകളില്‍ ജീവിക്കുന്നത് സ്വയം ശിക്ഷിക്കലാണെന്നും വര്‍ത്തമാനത്തോട് താനെന്നേ പൊരുത്തപ്പെട്ടെന്നും ഒരു വേദാന്തിയെപ്പോലെ അദ്ദേഹം വ്യക്തമാക്കുന്നു.
മുറിക്കുള്ളില്‍ അപരിചിതയെ കണ്ടിട്ടും നിറഞ്ഞ ചിരിയോടെ ആ അമ്മ കടന്നു വന്നു. ഏറെക്കാലത്തെ പരിചയമുള്ളൊരാള്‍ കാണാനെത്തിയപോലെ അടുത്തിരുന്നു. ഓണനാളുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു നാട്ടിന്‍പുറത്തുകാരിയുടെ ഹൃദയശുദ്ധിയോടെ, ആവേശത്തോടെ നൂറ് വിവരണങ്ങള്‍. പൂക്കളത്തിലെ ഓണത്തപ്പന്റെ എണ്ണം ഒന്നോ മൂന്നോ ആയിരിക്കണമെന്ന് ആ അമ്മ പറഞ്ഞുതരുമ്പോള്‍ മേനോന് തിരുത്തി, അല്ല ഏഴുമാകാം. പിന്നെ എന്നോ മറന്നുപോയ ഓണനാളുകളിലേക്ക് അറിയാതെ അദ്ദേഹവും മടങ്ങിപ്പോയി. പൂവട്ടിയുമായി ആളെത്തുമ്പോള്‍ തുടങ്ങും ഉള്ളില്‍ ഓണത്തുടിപ്പ്. ചിങ്ങക്കൊയ്ത്ത് കഴിഞ്ഞ് നിറഞ്ഞ അറകള്‍. തൊടി നിറയെ പലതരം പച്ചക്കറികള്‍. തറവാട്ടില്‍ മാത്രമല്ല ചുറ്റുവട്ടത്താരും പട്ടിണി കിടക്കരുതെന്ന് നിഷ്ക്കര്‍ഷയുള്ള കാരണവന്മാര്. ശരിക്കും സമൃദ്ധിയുടെ പൊന്നോണം. തിരുവോണ ദിനത്തില്‍ വെളുപ്പിന് തൃക്കാക്കരയപ്പന് പൂജ. അരിമാവ് കൊണ്ട് അടയാളപ്പെടുത്തിയ തൃക്കാക്കരയപ്പന്റെ കോലം, അറപ്പുരയിലും വാതില്‍പ്പാളികളിലും അരിമാവടയാളങ്ങള്.. പറഞ്ഞു തുടങ്ങിയപ്പോള്‍ ഭാര്യയേക്കാള്‍ വാചാലനാകുന്നു മേനോന്. കൗതുകത്തോടെ കേട്ടിരുന്നു. ഗൃഹാതുരത്വത്തിന്റെ എത്രയെത്ര ഓര്‍മ്മകള്‍ മനസ്സിലൊതുക്കിയാണ് മനുഷ്യന് ജീവിതചക്രം പൂര്‍ത്തിയാക്കുന്നതെന്ന അതിശയത്തോടെയും.
പുറത്ത് കണ്ണില്‍ക്കണ്ട വസ്തുവകകളൊക്കെ വാങ്ങി ലോകം ഓണമാഘോഷിക്കാന്‍ പാഞ്ഞു നടക്കുമ്പോള്‍ ഓണമെത്തിയെന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ ആശ്രമത്തിലെ ഹാളില്‍ ശ്രീരാമകൃഷ്ണദേവന്റെയും ശ്രീകൃഷ്ണന്റെയും മുന്നില്‍ ചെറിയൊരു പൂക്കളം. മുല്ലപ്പൂമണമോ കുപ്പിവളക്കിലുക്കമോ പൊട്ടിച്ചിരികളോ ഇല്ലാതെ ഏറെ നിശബ്ദതയോടെ ശ്രദ്ധയോടെ തീര്‍ക്കപ്പെട്ടത്. മുണ്ടും നേര്യതും ചുറ്റി നെറ്റിയില്‍ ഭസ്മക്കുറിയുമായി ധ്യാനത്തിലെന്നപോലെ കണ്ണടച്ചിരിക്കുന്ന കുറെ അമ്മമാര്‍. ഹാളില്‍ നിന്നൊഴുകുകയാണ് അതിശയിപ്പിക്കുന്ന ഈണത്തിലും താളത്തിലും കേട്ടുമറന്ന തിരുവാതിരപ്പാട്ടിന്റെ മോഹിപ്പിക്കുന്ന വരികള്‍…
തിരുവേഗപ്പുറയുള്ള ഭഗവാന് ഒരുനാള്‍
ഗൗരിയെന്നൊരുത്തിയെ കിനാവുകണ്ടു
മകയിരപ്പൂനിലാവില്‍ ദശപുഷ്പങ്ങളും ചൂടി
മാങ്കൊമ്പില്‍ പൊന്നൂഞ്ഞാലിലാടിയാടി…
പിന്നില്‍ വിരല്‍ത്തുമ്പില്‍ താളം പിടിച്ച് തലയാട്ടി ഏതൊക്കെയോ ഓര്‍മ്മകളില്‍ എഴുപത് കഴിഞ്ഞ പുരുഷന്മാര്. നിറഞ്ഞ നിശബ്ദതയില്‍ ആ പാട്ടങ്ങനെ പരന്നൊഴുകി. ഈ പാട്ടിലും പൂക്കളത്തിലും ഇവിടെ ഓണാഘോഷം അവസാനിക്കുന്നു. എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത് അന്തേവാസികളായ പ്രഭാസുകുമാരനും ലക്ഷ്മി ഹരിഹരനും. കോളേജ് അധ്യാപികയായിരുന്ന പ്രഭാ സുകുമാരന്റെ ഭര്‍ത്താവ് മരിച്ചിട്ട് പതിനഞ്ച് വര്‍ഷം. ജോലിയില്‍ നിന്ന് വിരമിച്ചതോടെ സായി ആശ്രമം കേന്ദ്രമാക്കി സേവനപ്രവര്‍ത്തനങ്ങള്‍. ഒടുവില്‍ കാറും വീടും ഉള്‍പ്പെടെയുള്ള സമ്പാദ്യങ്ങളെല്ലാം ഓരോരുത്തര്‍ക്കായി നല്കി കൈയും വീശി ഈ ആശ്രമത്തിലേക്ക്. നിറഞ്ഞ പ്രതീക്ഷയും ഊര്‍ജ്ജവുമാണ് പ്രഭാസുകുമാരന്. ഒറ്റമുറികളിലെ ഏകാന്തതയില്‍ നിന്ന് പുറത്ത് കടന്ന് ഒരു കൂട്ടായ്മയിലൂടെ ജീവിതത്തില്‍ ആരവം നിറയ്ക്കുകയെന്നതാണ് പ്രഭയുടെ നയം. അധ്യാത്മികതയിലൂന്നിയ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂട്ടായി തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി ഹരിഹരന്. ഭര്ത്താനിനൊപ്പമാണ് ലക്ഷ്മി ഹരിഹരന് ഇവിടെ കഴിയുന്നത്. മക്കള്‍ വിദേശത്ത്. കുടുംബവും വീടും വിട്ട് നിറമനസ്സോടെയാണ് തങ്ങള്‍ ഇവിടേക്ക് വന്നതെന്ന് എല്ലാവരും ആവര്‍ത്തിക്കുമ്പോഴും ഉള്ളിലെന്തിനെന്നറിയാതൊരു നീറ്റല്‍.
ഇനിയുമുണ്ട് ജീവിതങ്ങളും കഥകളും. എറണാകുളത്തെ ഏറെ അറിയപ്പെടുന്ന പ്രശസ്തനായൊരാള്‍. മക്കളും വേണ്ടതിലധികം സ്വത്തുക്കളുമുണ്ടായിട്ടും നേരത്ത് ഭക്ഷണം കഴിക്കാനും മറ്റുള്ളവരോട് ഇടപഴകാനും കൊതിച്ച് അദ്ദേഹവുമെത്തിയത് ഈ അഭയസ്ഥാനത്തേക്ക് തന്നെ. ഇടനാഴികളില്‍ വേച്ചുവേച്ച് അന്തിനടത്തം നടത്തുന്നവര്‍. മുറിക്കുള്ളില്‍ മാത്രമായി കാലം കഴിക്കുന്നവര്‍. സ്വന്തമായി നടക്കാന്‍ കഴിയാത്തവര്‍ക്കായി ഹോം നേഴ്സിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യം ജീവിക്കാന്‍ കാശുണ്ടായിട്ടും ആരുമില്ലാതാകുന്നവര്ക്ക് വലിയൊരു സാന്ത്വനമാണ് മെട്രോനഗര ഹൃദയത്തിലെ ഈ വൃദ്ധസദനം. ജീവിതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച് ഒടുവില്‍ ആവതില്ലാതാകുമ്പോള്‍ അവര്‍ക്ക് ഭാരമാകരുതെന്ന് കരുതി സ്വയമൊഴിഞ്ഞ് മാറിയവരാണധികം. വാനപ്രസ്ഥത്തിലേക്ക് നടന്നു കയറിയ മാതാപിതാക്കളുടെ ലോകം. കഥകളിലും സിനിമയിലും കാണുന്നതുപോലെ മക്കള്‍ പാടെ ഉപേക്ഷിച്ചവര്‍ താരതമ്യേന കുറവാണ്. വിദേശങ്ങളില്‍ നിന്ന് അവധിക്കെത്തുമ്പോള്‍ കുറച്ചുദിവസത്തേക്ക് അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്.
വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും സ്വന്തമായുണ്ടായിരുന്നവരുടെ ലോകമാണിത്. ഇതൊന്നുമില്ലാത്തവര്ക്കുള്ള സങ്കേതങ്ങളുമുണ്ട്. കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണവിടെ. സര്‍ക്കാരും സന്നദ്ധസംഘടനകളും എറിഞ്ഞു നല്കുന്ന ഓണക്കോടിയ്ക്കായി മത്സരിക്കുന്നവര്‍. കിടന്നുറങ്ങാനൊരു മേല്‍ക്കൂരയും യഥാസമയം ഭക്ഷണവും ലഭിക്കുന്നുണ്ട്. പക്ഷേ മാനുഷികമായ അംഗീകാരമോ വ്യക്തിപരമായ പരിഗണനയോ സ്വപ്നം പോലും കാണാനാകാത്തവരാണവര്. അവഗണനയുടെ അവസാനവാക്കുകളായി അവര്‍ ജീവിതം പോക്കുന്നു. തീര്‍ത്തും ഒറ്റയ്ക്കായി നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി ആരുമറിയാതെ ആ ജന്മങ്ങള് അവസാനിക്കുന്നു. ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധ്യാത്മ സംഘടനകളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഒരുപാട് മുന്നിലാണ്. ആരെയും പഴിചാരാതെ സ്വയമൊതുങ്ങുന്നവരാണ് ഇവിടെ അധികവും. ഇതിനൊക്കെയിടയില്‍ ഓണവും വിഷുവും വരുന്നതും പോകുന്നതും ആരും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും മൗനികളാകുന്നു. മനപ്പൂര്‍വ്വം മറവിയിലേക്ക് തള്ളുന്ന ഓര്മ്മകളെയെന്തിന് വിളിച്ചുവരുത്തണം.
സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും തീക്ഷ്ണകാമനകള് എന്നേ വാടിക്കരിഞ്ഞു. യാഥാര്‍ത്ഥ്യങ്ങളില്‍ ചുറ്റിവരിഞ്ഞ വര്‍ത്തമാനം മാത്രമാണ് മുന്നില്‍. നിനവുകളില്‍ പെരുമഴ പെയ്യിക്കുന്ന ഭൂതകാലവും മനസ്സില്‍ കനല്ച്ചൂടാകുന്ന ഭാവിയും മാറ്റി വച്ച് വര്‍ത്തമാനത്തെ വിശ്വസിക്കുകയാണിവര്. അധ്യാത്മികതയുടെ തണല്‍ തരുന്ന കുളിര്‍മ്മയില്‍ മനസ്സിനെ പിടിച്ചുനിര്ത്തുന്നോര്, അസഹിഷ്ണതയുടെ അസ്സഹനീയതയില്‍ അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ പിറുപിറുപ്പായി അവശേഷിക്കുവോര്, അവിശ്വാസങ്ങളുടെ തുടരനുഭവങ്ങളില് സ്നേഹം കൊതിച്ചിട്ടും ആരെയും സ്നേഹിക്കാത്തവര്‍ അങ്ങനെ എത്രയെത്രപേരാണ് ഈ മതില്‍ക്കെട്ടിനുള്ളില്‍. നേരനുഭവങ്ങളുടെ തീക്കാഴ്ച്ചയും അതിജീവനത്തിന്റെ പ്രായോഗികതയും നല്കുന്ന ആശയക്കുഴപ്പത്തില്‍ വിങ്ങിയ മനസ്സുമായി നഗരസന്ധ്യയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഭജനമന്ദിരത്തില്‍ നിന്ന് മധുരമായൊരു കീര്‍ത്തനം.
ഗോവിന്ദാ ഗോപാലാ പ്രഭു ഗിരിധാരി
ഗോവിന്ദ ഗോപാല ഹൃദയവിഹാരി…
മതില്‍ക്കെട്ടിന് പുറത്ത് ഓണം ഞങ്ങളോടൊപ്പമെന്ന് ക്ഷണിച്ച് നൂറായിരം പരസ്യബോര്‍ഡുകള്‍. കടകളിലും വീടുകളിലും ആധിപത്യമുറപ്പിച്ച ടെലിവിഷനുകളില്‍ പ്രലോഭനങ്ങളുടെ പരസ്യപ്പുളപ്പുകളും ജീവിതക്കെട്ടുക്കാഴ്ച്ചയുടെ ഘോഷയാത്രകളും…ഓണമാഘോഷിക്കുകയാണെല്ലാവരും. വൈരുദ്ധ്യാത്മക ജീവിതവാദങ്ങള്ക്കിടയില് ഭയന്ന മനസ്സ് ചോദിച്ചു ആരാണ് ശരി, ഏതാണ് സത്യം, മനസ്സുതന്നെ ഉത്തരവും തന്നു- കാലം… കാലമാണ് ശരി.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: