നാളെ തിരുവോണം! പൊയ്പോയ നല്ല കാലത്തിന്റെ സുവര്‍ണ സ്മൃതികള്‍ തുയിലുണര്‍ത്തുന്ന സുദിനം.
ഓണവെയിലും ഓണത്തുമ്പിയും തിരുവാതിരയും ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളിയും നാട്ടിന്‍പുറങ്ങളില്‍ നിന്നുപോലും അന്യമായെങ്കിലും ഓണം എന്നും മലയാളികള്‍ക്ക് ഗൃഹാതുരമാണ്.
ഓണം വള്ളംകളിയുടെ കാലം കൂടിയാണ്. എത്രയെത്ര ജലമേളകള്‍ ഓണക്കാലത്ത് പമ്പയുടെ ഓളങ്ങളില്‍ അരങ്ങേറുന്നു. നീരേറ്റുപുറം ജലോത്സവം, റാന്നി അവിട്ടം വള്ളംകളി, അയിരൂര്‍-പുതിയകാവ് ചതയം ജലോത്സവം, ആറന്മുള ഉതൃട്ടാതി വള്ളംകളി…
ഇതില്‍ ഏറ്റവും പ്രസിദ്ധം ആറന്മുള ഉതൃട്ടാതി വള്ളംകളി തന്നെ.
അമരത്ത് വര്‍ണച്ചാര്‍ത്തണിഞ്ഞ്, കൊടി പാറിച്ച്, മുത്തുക്കുടകള്‍ ചൂടി, വഞ്ചിപ്പാട്ടിന്റെ താളലയത്തില് തുഴയെറിഞ്ഞ് നീങ്ങുന്ന പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് കാണാന്‍ ഓണനാളിലെ ഉതൃട്ടാതി ദിനത്തില്‍ ആറന്മുളയിലെത്തുന്നത് ലക്ഷങ്ങളാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി പമ്പാതീരത്തെ വള്ളപ്പുരകളില്‍ ഉറങ്ങിയിരുന്ന പള്ളിയോടങ്ങള്‍ ആറന്മുളയില് നടന്നുവരുന്ന വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായി നേരത്തെ ഉണര്‍ന്നിരുന്നു.
തുഴച്ചില്‍ക്കാരും വഞ്ചിപ്പാട്ടുകാരും അമരക്കാരും തയ്യാറായി. വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ പമ്പാതീരത്ത് ഉയരുന്നു. ആറന്മുളയിലെത്തുന്ന ജനലക്ഷങ്ങളുടെ മനസ്സില്‍ ഭക്തിയും ആവേശവും ആനന്ദവും അലതല്ലാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം!
ആറന്മുള ജലമേളയുടെ ഉത്ഭവത്തിന് പിന്നില്‍ ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞിരിക്കുന്നു. അതിങ്ങനെ.
ഒരിക്കല്‍ ഭഗവാന് ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കലില്‍ നിന്ന് പമ്പാനദിയിലൂടെ ആറ് മുള കെട്ടിയ ചങ്ങാടത്തില്‍ യാത്രയായി. പമ്പാതീരത്ത് വിളക്ക് കണ്ട സ്ഥലത്ത് ഭഗവാന് കയറി ഇരുന്നു. ഈ സ്ഥലം വിളക്ക് മാടം എന്ന് അറിയപ്പെട്ടു. ഭഗവല്‍ സാന്നിദ്ധ്യം മനസ്സിലാക്കിയ ജനങ്ങള്‍ കിഴക്ക് മാറി ക്ഷേത്രം പണിതു. ഇതാണ് പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥീ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ അര്ജ്ജുനന് പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം.
ആറന്മുള ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ കിഴക്ക് മാറിയുള്ള കാട്ടൂരില്‍ ഒരു ഭട്ടതിരി താമസിച്ചിരുന്നു. അദ്ദേഹം എല്ലാ തിരുവോണത്തിനും ബ്രാഹ്മണര്‍ക്ക് സദ്യ നല്‍കിയിരുന്നു. ഒരു ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കാട്ടൂര്‍ മഠത്തില്‍ ബ്രാഹ്മണര്‍ ആരും എത്തിയില്ല. ദുഃഖിതനായ ഭട്ടതിരി ആറന്മുള ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ബ്രാഹ്മണ ബാലന് മഠത്തില്‍ എത്തി. ഭട്ടതിരി സന്തോഷത്തോടെ ബാലന് തിരുവോണ സദ്യ നല്കി. അടുത്ത തിരുവോണം മുതല്‍ തനിക്കുള്ള വിഭവങ്ങള്‍ ആറന്മുളയിലെത്തിക്കണമെന്ന് സ്വപ്നദര്‍ശനത്തിലൂടെ ഭട്ടതിരിയെ അറിയിച്ചു. പകല്‍ മഠത്തില്‍ എത്തി സദ്യ കഴിച്ചത് ആറന്മുള ദേവന് ആയിരുന്നുവെന്ന് ഭട്ടതിരിക്ക് ബോധ്യമായി.
തുടര്‍ന്ന് പിറ്റേക്കൊല്ലം മുതല്‍ ഭട്ടതിരി തോണിയില്‍ കയറി തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി ആറന്മുള ക്ഷേത്രത്തിലേക്ക് പോയിത്തുടങ്ങി.
ഒരിക്കല്‍ തോണിയില്‍ പോകുകയായിരുന്ന ഭട്ടതിരിയെ അയിരൂര്‍ കടവില്‍ വെച്ച് ചിലര്‍ ആക്രമിച്ചു. കാട്ടൂരില്‍നിന്നും നാട്ടുകാരെത്തി തോണിയേയും ഭട്ടതിരിയേയും രക്ഷിച്ച് ആറന്മുളയിലേക്ക് കൊണ്ടുപോയി. ഉത്രാടം നാള് സന്ധ്യയ്ക്കായിരുന്നു ഭട്ടതിരിയുടെ ആറന്മുളയിലേക്കുള്ള യാത്ര.
പിറ്റേവര്‍ഷം മുതല്‍ കാട്ടൂര്‍ കരക്കാരോടൊപ്പം പമ്പാതീരത്തെ മറ്റ് നിരവധി കരക്കാരും വള്ളങ്ങളില്‍ കയറി തിരുവോണത്തോണിക്ക് അകമ്പടി സേവിച്ച് പോന്നു.
തിരുവോണത്തോണിക്ക് അകമ്പടി പോകുന്നതിന്, കൂടുതല്‍ ആളുകള്‍ക്ക് കയറാവുന്ന തരത്തിലുള്ള വള്ളങ്ങള്‍ പണിയുന്നതിന് ഭട്ടതിരി ചെമ്പകശ്ശേരി രാജാവുമായി ആലോചിച്ചു. ചെമ്പകശ്ശേരി രാജാവിന് അക്കാലത്ത് ‘വള്ളപ്പട’ ഉണ്ടായിരുന്നു. സൈന്യം വലിയ വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം വള്ളങ്ങള്‍ മോടിയില്‍ പണിത് തിരുവോണത്തോണിക്ക് അകമ്പടി പോകുന്നതിന് തീരുമാനിച്ചു.
വള്ളം പണിയുന്നതിന് തച്ചന്മാരുടെ സഹായം തേടി. അങ്ങനെ ചുണ്ടന്വള്ളങ്ങളില്നിന്നും വ്യത്യസ്ഥതയുള്ള ആറന്മുള പള്ളിയോടങ്ങള്‍ പിറന്നു. തിരുവോണത്തോണിക്ക് അകമ്പടി പോകുന്നത് രാത്രിയിലായതിനാല്‍ ജനങ്ങള്‍ക്ക് പള്ളിയോടങ്ങള്‍ ദര്‍ശിക്കുന്നതിന് അസൗകര്യം ആയി. ഇതിന് പരിഹാരം ആയി പകല്‍ പമ്പാ നദിയില്‍ പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് നടത്തുന്നതിന് തീരുമാനിച്ചു. ഇതിനായി ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പ്രതിഷ്ഠ നടത്തിയ അര്‍ജ്ജുനന്റെ പിറന്നാള്‍ ദിവസവുമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാള് തെരഞ്ഞെടുത്തു. ഉതൃട്ടാതി നാളിലെ പള്ളിയോടങ്ങളുടെ പമ്പയിലൂടെയുള്ള ഈ എഴുന്നെള്ളത്താണ് പിന്നീട് ലോകപ്രശസ്തമായ ആറന്മുള വള്ളംകളിയായി മാറിയത്.
പാര്‍ത്ഥസാരഥിയുടെ സാന്നിദ്ധ്യം ഈ വള്ളങ്ങളിലുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് ആറന്മുള വള്ളങ്ങളെ ആറന്മുള പള്ളിയോടങ്ങള്‍ എന്ന് വിളിക്കുന്നത്. പാര്‍ത്ഥസാരഥി പള്ളികൊള്ളുന്ന ഓടം എന്നര്‍ത്ഥം.
ആകൃതികൊണ്ട് ആകര്‍ഷകമാണ് ആറന്മുള പള്ളിയോടങ്ങള്‍. അന്‍പതില്‍പ്പരം കോല് നീളമുള്ളതാണ് പള്ളിയോടങ്ങള്‍. പള്ളിയോടങ്ങള്‍ക്ക് നാല് അമരക്കാരാണ് ഉള്ളത്. ഇവര്‍ ഉപയോഗിക്കുന്ന നാല് അടനയമ്പുകള്‍ നാല് വേദത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം.
രണ്ട് വരിയായി ഓരോ വള്ളത്തിലും നൂറോളം തുഴച്ചില്‍കാരും നടുഭാഗത്ത് നിലയാളുകളും വെടിത്തടിയില്‍ വാദ്യമേളക്കാരുമാണ് ഉണ്ടാകുക. പള്ളിയോടങ്ങളുടെ അമരവും ‘കൂമ്പും’ (മുന്‍ഭാഗം) ജലനിരപ്പില്‍നിന്നും ഉയര്‍ന്നാണ് ഇരിക്കുന്നത്.
പള്ളിയോടങ്ങളില്‍ ഈശ്വരസാന്നിദ്ധ്യം ഉള്ളതിനാല്‍ പള്ളിയോടവുമായി ബന്ധപ്പെട്ട് വഴിപാടും ഭക്തജനങ്ങള്‍ നടത്താറുണ്ട്. ഇതില്‍ പ്രധാനമാണ് ആറന്മുള വള്ളസദ്യ. പള്ളിയോടങ്ങളെ ആറന്മുളയിലെത്തിച്ച തുഴച്ചില്‍ക്കാര്‍ക്ക് ക്ഷേത്രത്തില്‍ വെച്ച് വിഭവസമൃദ്ധമായ സദ്യ നല്‍കുന്നതാണ് ഈ വഴിപാട്. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനാണ് ഭക്തജനങ്ങള്‍ വള്ളസദ്യ വഴിപാടായി നടത്തുന്നത്.
പള്ളിയോടങ്ങള്‍ക്ക് വെറ്റ, പുകയില, അവല്‍പ്പൊതി എന്നിവ നല്‍കുന്നതും വഴിപാടാണ്.
രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് ആറന്മുളയില് ഉയരുന്നത്. ചരിത്രമുണര്‍ത്തുന്ന തിരുവോണത്തോണിയും ആറന്മുള വള്ളംകളിയില്‍ പങ്കെടുക്കാറുണ്ട്. ആറന്മുള പള്ളിയോട സേവാസംഘം എന്ന സംഘടനയാണ് വള്ളംകളിക്ക് നേതൃത്വം നല്‍കുന്നത്.
ഇക്കുറി ചിങ്ങമാസത്തിലെ അവസാന ദിവസം തിരുവോണം എത്തിയതിനാല്‍, കന്നി മാസത്തിലെ ഉതൃട്ടാതി നാളിലാണ് ഈ വര്‍ഷം ആറന്മുള വള്ളംകളി അരങ്ങേറുന്നതെന്ന അപൂര്‍വതയുമുണ്ട്. ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളില്‍ ഐതിഹ്യം അനുസ്മരിപ്പിച്ചുകൊണ്ട് ആറന്മുളയില് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര നടത്തിയിരുന്നു.
ആറന്മുള വിമാനത്താവള പദ്ധതിയുടെ മറവില്‍, പമ്പയിലേക്കുള്ള നീര്‍ച്ചാലുകളും വലിയ തോടുകളും നശിപ്പിക്കുക വഴി ഭാവിയില്‍ ഉതൃട്ടാതി വള്ളംകളിക്ക് ദോഷം സൃഷ്ടിക്കുന്നതിനുള്ള നീക്കത്തിനെതിരെ പമ്പയുടെ ഇരുകരകളിലുമുള്ള പള്ളിയോടക്കരകള്‍ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്ന അവസരത്തിലാണ് ഇത്തവണത്തെ ജലമേളയെന്നതും ശ്രദ്ധേയമാണ്.
ആറന്മുള വള്ളംകളിയുടെ ശംഖനാദം ഉയരാന്‍ ഇനി അഞ്ച് ഓണദിനങ്ങള്‍ കൂടി മാത്രം. പുണ്യനദിയായ പമ്പയിലൂടെ പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങള്‍ എഴുന്നെള്ളുന്നത് ദര്‍ശിക്കാന്‍ ആറന്മുള കാത്തിരിക്കുന്നു.
പ്രസാദ് മൂക്കന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: