തിരുവോണായാല്‍ നല്ല മണ്ണൊക്കെ കൊഴച്ച് തൃക്കാക്കരപ്പനെ ണ്ടാക്കി അരിമാവോണ്ട് അണിഞ്ഞ്, തലയില്‍ കൃഷ്ണകിരീടോം കാശിത്തുമ്പേം കുത്തി മൂന്നുനേരോം അരീം അടേം പഴോം കൊണ്ട് നല്ല ഭംഗീലൊക്കെ നേദിക്കും.
ഇനിപ്പൊ ഈ തൃക്കാക്കരപ്പന്ന്ന് വെച്ചാ ആരാ? ന്ന് ആരെങ്കിലും ചോദിച്ചാ പിന്നെ സംശയായി………….
അദ്പ്പൊ മാവേല്യല്ലേ?ന്ന് ഒരുകൂട്ടര്‍ പറയും.
അല്ല വാമനനാണെന്ന് വേറൊരു കൂട്ടര്.
ആര്‍ക്കും ഈ കാര്യത്തില്‍ വല്ല്യേ ഉറപ്പൊന്നൂല്യ.
അല്ല………….വാമനനാവണതെങ്ങന്യാ……………
നമ്മളൊക്കെ ആ കഥ കേട്ടതല്ലേ
കേമായിട്ട് ഭരണൊക്കെ നടത്തീര്ന്ന ആ മഹാബലി ചക്രവര്‍ത്തീനെ അസൂയമൂത്ത് വാമനന് പാതാളത്തില്‍ക്ക് ചവിട്ടിതാഴ്ത്തീന്നല്ലേ.
പാഠപുസ്തകത്തിലൊക്കെ ണ്ടായ്ര്‍ന്ന്.
ന്‍ണ്ട്ട് പിന്നെ ആ വാമനനെ പൂജിയ്ക്ക്യേ……..!!
ഏയ് അപ്പൊ അദാവ്ല്ല്യ……….
അത് മാവേല്യന്നെ……….
ഇനി ഇത്തിരി കഥ കേള്‍ക്കാം
പാലാഴി മഥനത്തില്‍ കിട്ടിയ അമൃതിനെചൊല്ലി ദേവന്മാരും അസുരന്മാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ മഹാബലി അടക്കം ഒട്ടേറെ അസുരന്മാര് മരിച്ചുവീണു. ഇതറിഞ്ഞ് അസുരഗുരു ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രത്താല്‍ ഉടലും തലയും കൈകാലുകളും ചേര്‍ത്തുവച്ച് അവരെയെല്ലാം ജീവിപ്പിച്ചു.
വിശ്വത്തെ മുഴുവന്‍ ജയിക്കാന്‍ വേണ്ടി ഗുരു മഹാബലിയെകൊണ്ട് വിശ്വജിത്ത്യാഗം നടത്തിക്കുകയും യാഗത്തില്‍നിന്ന് ലഭിച്ച ഒട്ടനേകം യുദ്ധസാമഗ്രികളുമായി ദേവലോകത്തെ ആക്രമിച്ച് മഹാബലി മൂന്നു ലോകങ്ങളുടേയും അധിപനാവുകയും ചെയ്തു.
തന്റെ മക്കള്‍ക്ക് രാജ്യം നഷ്ടപ്പെട്ടതില്‍ ദുഃഖിതയായ ദേവമാതാവ് അദിതി, ഭര്‍ത്താവ് കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വ്രതം അനുഷ്ഠിക്കുകയും അതില്‍ സന്തുഷടനായ മഹാവിഷ്ണു അദിതിയുടേയും കശ്യപന്റേയും പുത്രനായി ജനിച്ച് രാജ്യം തിരിച്ചേല്‍പ്പിക്കാം എന്ന് വാക്ക് കൊടുക്കുകയും ചെയ്തു. അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ വാമനന് പിറന്നു.
ഏഴുവയസ്സ് മാത്രം പ്രായമുള്ള വാമനന് ഒരിക്കല്‍ മഹാബലിയുടെ അശ്വമേധയാഗഭൂമിയിലേക്ക് ഭിക്ഷാപാത്രവുമായി ചെന്നു. അതീവ തേജസ്സുള്ള ആ ബാലനെക്കണ്ട് മഹാബലി അടക്കമുള്ളവര്‍ ആദരപൂര്‍വ്വം എണീറ്റുനിന്നു. താന്‍ ത്രൈലോക്യനാഥനാണെന്നും അങ്ങേക്ക് ആവശ്യമുള്ളതെന്തും ചോദിക്കാമെന്നും മഹാബലി ബാലനോട് പറഞ്ഞു. എന്നാല്‍ തന്റെ പാദം കൊണ്ട് അളക്കാവുന്ന മൂന്നടി ഭൂമി മാത്രംമതി എന്ന് വാമനന് പറഞ്ഞു. വാമനന്റെ ബാലിശമായ ആവശ്യം കേട്ട് മഹാബലി നഗരങ്ങളോ, ദ്വീപുകളോ അങ്ങനെ വലിയതെന്തെങ്കിലും ചോദിക്കണമെന്ന് പറഞ്ഞു. എന്നാല്‍ വാമനന് തന്റെ ഈ ആവശ്യത്തില്‍ മാത്രം ഉറച്ചുനിന്നു. ഒടുവില്‍ മഹാബലി അതിനു സമ്മതിച്ചു. അന്നേരം ശുക്രാചാര്യര്‍ വന്ന് തടയുകയുണ്ടായി.
ബാലനായി വേഷം മാറി വന്നിരിയ്ക്കുന്നത് വിഷ്ണുവാണെന്നും വെറും രണ്ടടികൊണ്ട് മൂന്നുലോകങ്ങളും അളന്ന് മൂന്നാമത്തെ അടി ചോദിക്കുമ്പോള്‍ കൊടുക്കാതെ വന്നാല്‍ മഹാബലിക്ക് വാക്കുപാലിക്കാനാവാതെ പരാജയപ്പെടേണ്ടിവരുമെന്നും ഗുരു പറഞ്ഞു. എന്നാല്‍ ദാനം നല്കുന്ന കാര്യത്തില്‍നിന്നും അദ്ദേഹം ഒട്ടും പിന്മാറിയില്ല.
ഭൂമി അളന്നെടുക്കാന്‍ ഒരുമ്പെടും മുമ്പ് വാമനന് ആകാശത്തോളം വളര്‍ന്ന് രണ്ടടികൊണ്ടുതന്നെ മൂന്നുലോകങ്ങളും അളന്നെടുത്തു. ഭഗവാന്റെ ഈ വിശ്വരൂപം കണ്ടപ്പോള്‍ ത്രൈലോക്യനാഥനാണ് താനെന്ന ഗര്‍വ്വ് മഹാബലി അവസാനിപ്പിക്കുകയും തലകുനിച്ച് സ്ഥിതപ്രജ്ഞനാവുകയും ചെയ്തു.
മൂന്നു ലോകങ്ങളും സ്ഥാനമാനങ്ങളും സകല സൗഭാഗ്യങ്ങളും നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഗുരുവിന്റെ ശാപമേറ്റിട്ടും വാക്കുമാറാത്ത മഹാബലിയുടെ പ്രവൃത്തിയില്‍ സന്തുഷ്ടനായ ഭഗവാന് തന്റെ പാദമുദ്രകൊണ്ട് മഹാബലിയെ ദേവന്മാര്ക്കുപോലും പ്രാപിക്കാനാവാത്ത ‘സുതലലോകത്തിലേക്ക്’ അനുഗ്രഹിച്ച് അയക്കുകയും ചെയ്തു.
ഇനി അല്പം കാര്യം
വേദാന്തതത്വങ്ങള്‍ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനുവേണ്ടി കഥകളിലൂടെയും പ്രതീകങ്ങളിലൂടേയും അവതരിപ്പിക്കുന്ന രീതി ഭാരതീയ ദര്‍ശനങ്ങളുടെ പ്രത്യേകതയാണ്. നിര്‍ഭാഗ്യവശാല്‍ തത്വങ്ങളും കഥകളും രണ്ടുവഴിയിലേക്ക് തിരിഞ്ഞുപോകുകയും വെറും കെട്ടുകഥകള്‍ മാത്രമായി അവ അലങ്കോലപ്പെടുകയും ചെയ്തു. അത്തരത്തില്‍ ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതാണ് ‘വാമനാവതാരകഥയും’.
വേദാന്തത്തിന്റെ വെളിച്ചത്തില്‍ ഈ കഥയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സൗന്ദര്യം നമുക്ക് ബോധ്യപ്പെടും. മഹാബലി എന്നത് എല്ലാം എന്റേതെന്ന് കരുതി അഹങ്കരിച്ച് ജീവിക്കുന്ന നാമുള്‍പ്പെടുന്ന ഓരോ ജീവനുമാണ്. ജാഗ്രത് സ്വപ്ന സുഷുപ്തികളാണ് മൂന്നു ലോകങ്ങള്‍. (ജാഗ്രത് = ഉണര്‍ന്നിരിക്കുന്ന അവസ്ഥ, സ്വപ്നം = സ്വപ്നം കാണുന്ന അവസ്ഥ, സുഷുപ്തി = ഗാഢ നിദ്രാവസ്ഥ. ഈ മൂന്നു ലോകങ്ങളും തന്റേതുമാത്രമാണെന്ന് ജീവന് അഹങ്കരിക്കുന്നു). യഥാര്‍ത്ഥത്തില്‍ വാമനന് ഈ ലോകങ്ങള്‍ക്ക് ചൈതന്യം നല്കി അനുഗ്രഹിക്കുന്ന, ഹൃദയമദ്ധ്യത്തിലിരിക്കുന്ന ആത്മാവാണ്. (മധ്യേ വാമനമാസീനം-കഠോപനിഷത്ത്) വാമനന് എന്ന വാക്കിനര്‍ത്ഥം ചെറുത് എന്നാണ്, എന്നാല്‍ അതു വലുതുമാണ്. (അണോരണീയാന്‍ മഹതോ മഹീയാന്‍-കഠോപനിഷത്ത്)
നമ്മുടെ ഉള്ളില്‍ വാമനന് ഉണര്‍ന്നിട്ട് ശരീരാഭിമാനബോധമാകുന്ന അഹങ്കാരത്തെ അളന്നെടുക്കണം. ഒരടികൊണ്ട് ജാഗ്രത്തും സ്വപ്നവും രണ്ടാമത്തെ അടികൊണ്ട് സുഷുപ്തിയും അളന്നെടുത്ത് ഇനി അളക്കാന്‍ ഒന്നുമില്ലെന്ന അവസ്ഥ വരുന്നു. (വേദാന്തത്തിന്റെ ഭാഷയില്‍ ആത്മജ്ഞാനം കിട്ടുന്നതോടുകൂടി മാത്രമെ ശരിയായ ഉണരലുള്ളൂ. ആയതുകൊണ്ട് ജാഗ്രത് എന്നത് നീണ്ട സ്വപ്നമായിട്ടാണ് കണക്കാക്കുന്നത്. അതാണ് ഒരടികൊണ്ട് രണ്ട് ലോകവും അളന്നു എന്നു പറയുന്നതിന്റെ പിന്നിലെ തത്വം)
മുഴുവന്‍ ലോകവും ഭഗവാന്റേതാണെന്ന അറിവ് ഉള്ളിലുദിക്കുമ്പോള്‍ ഈ വിശ്വത്തിനു മുമ്പില്‍ നമ്മള് തലകുനിക്കും. (അഹങ്കാരത്തിന്റെ മറ്റൊരു പേരാണല്ലോ തലക്കനം) ഈ തിരിച്ചറിവ് നേടിയവനെ സംബന്ധിച്ചിടത്തോളം അവന് കിട്ടുന്നത് ആത്മജ്ഞാനമാണ്. ആ ഇടമാണ് ‘സുതലം’ അഥവാ നല്ലതലം. അവിടേക്കാണ് മഹാബലിയെ അനുഗ്രഹിച്ച് അയക്കുന്നത്. അല്ലാതെ പാതാളത്തിലേക്കല്ല.
മഹത്തരമായ ഒരു തത്വത്തെ വികലമാക്കി പ്രചരിപ്പിച്ചതിനു പിന്നില്‍ ആരായാലും വാസ്തവം തിരിച്ചറിയേണ്ടതുണ്ട്.
മൂന്നു കാലത്തിന്റേയും പ്രതീകമായാണ് നമ്മള് മൂന്ന് ദിവസങ്ങളില്‍ തൃക്കാക്കരയപ്പനെ (വാമനമൂര്‍ത്തി) പൂജിക്കുന്നത്. ഈ തിരിച്ചറിവാല്‍ ലഭിക്കുന്ന ആനന്ദത്തിന്റെ പ്രകടനമാണ് ആര്‍പ്പും കുരവയും. ഈ അറിവിന്റെ നിറവില്‍ നമുക്ക് ഇനി മുതല്‍ ഓണം ആഘോഷിക്കാം.
അരവിന്ദ് വട്ടംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: