ഇന്ന് വൈക്കം കാലാക്കല്‍ ക്ഷേത്രത്തില്‍ തന്ത്രിയായി ചുമതലയേല്‍ക്കുന്ന പറവൂര്‍ രാകേഷ് തന്ത്രികള്‍ ജന്മഭൂമിയോട് സംസാരിക്കുന്നു
ആധ്യാത്മിക, താന്ത്രിക, ജ്യോതിശാസ്ത്ര രംഗത്ത് കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന് മഹാജ്യോതിസ്സ് പകര്‍ന്ന് തന്റേതായ സിംഹാസനം സൃഷ്ടിച്ച മഹദ് വ്യക്തിയായിരുന്നു സ്വര്‍ഗീയ പറവൂര്‍ ശ്രീധരന് തന്ത്രികള്‍. ഷഡാധാര പ്രതിഷ്ഠയ്ക്ക് ആധികാരികമായ പ്രമാണമുണ്ടെന്ന് ബ്രാഹ്മണ പൗരോഹിത്യ സമൂഹത്തെ ബോധ്യപ്പെടുത്തി കാഞ്ചികാമകോടി പീഠാധിപതി ശ്രീ ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികളുടെ അനുഗ്രഹത്തോടെയും അംഗീകാരത്തോടെയുമായിരുന്നു ശ്രീധരന് തന്ത്രികള്‍ ആത്മീയരംഗത്ത് സ്ഥിര പ്രതിഷ്ഠ നേടിയത്. ശ്രീധരന് തന്ത്രികളുടെ മകനായ രാകേഷ് തന്ത്രികളും പാരമ്പര്യത്തിന്റെ പുണ്യപാതകള്‍ പിന്തുടര്ന്ന് പുതിയൊരു ചരിത്ര നിയോഗത്തിലാണ്. ഈ ചരിത്രമുഹൂര്ത്തത്തെക്കുറിച്ച് രാകേഷ് തന്ത്രി ജന്മഭൂമിയുമായി പങ്ക് വെച്ചപ്പോള്‍.
? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചരിത്രത്തിലാദ്യമായി അബ്രാഹ്മണനായ ഒരാളെ തന്ത്രിയായി നിയമിച്ചിരിക്കുകയാണ്. ഈ നിയോഗത്തെ എങ്ങനെയാണ് കാണുന്നത്.
ഇതൊരു ചരിത്ര നിയോഗമായിട്ടാണ് കാണുന്നത്. നമ്മുടെ ചെറിയ അറിവില്‍ നടത്തിയ പൂജകളും പുഷ്പാഞ്ജലികളും ഈശ്വരന് അനുഗ്രഹിച്ചു. അതാണ് ഏറ്റവും വലിയ അനുഭവം. അബ്രാഹ്മണന് എന്ന പദത്തിനര്ത്ഥമില്ല. ക്രിസ്ത്യാനിയാവാന്‍ മാമോദീസ മുങ്ങണം. മുസ്ലിമാകാന് സുന്നത്ത് കര്‍മം ഉണ്ട്. കര്‍മം കൊണ്ടാണ് ബ്രാഹ്മണന് ആകുന്നത്. അബ്രാഹ്മണ പൂജാരി എന്നുപറയുന്നത് ശരിയല്ല.
ശ്രീനാരായണ ഗുരുദേവനിലൂടെ തലമുറകളായി ലഭിച്ച അനുഗ്രഹവും പാരമ്പര്യവുമാണ് ഞങ്ങളുടെ പ്രയാണത്തില്‍ മാര്‍ഗദര്‍ശകമായിട്ടുള്ളത്. അച്ഛന്റെ അച്ഛന് ശ്രീനാരായണ ഗുരുദേവന് നല്കിയ അനുഗ്രഹം ഓരോ ഉയര്‍ച്ചക്കും പിന്നിലുമുണ്ട്. ആലുവ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുകയായിരുന്ന ഗുരുദേവനെ ചെന്ന് കണ്ട എന്റെ പിതാമഹന് ഈശ്വരവിശ്വാസമുള്ള മക്കള്‍ വേണമെന്ന് പ്രാര്‍ത്ഥിച്ചു. ഈശ്വരനെ സൃഷ്ടിക്കുന്ന മക്കളുണ്ടാകും എന്നായിരുന്നു ഗുരുദേവന്റെ അനുഗ്രഹം. സംസ്കൃത പണ്ഡിതനായിരുന്നു പിതാമഹന്. അച്ഛനിലൂടെ ഗുരുദേവന്റെ അനുഗ്രഹം സാക്ഷാത്കരിക്കപ്പെട്ടു. ആ അനുഗ്രഹമാണ് ഇപ്പോഴും പ്രഭ ചൊരിയുന്നത്.
? 1996 ല്‍ പറവൂര്‍ നീറിക്കോട് ശിവക്ഷേത്രത്തിലെ ശാന്തിയായി ദേവസ്വം ബോര്‍ഡ് താങ്കളെ നിയമിച്ചപ്പോള്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. ഒരു ‘അബ്രാഹ്മണനെ’ ശാന്തിയാക്കിയതില് പ്രതിഷേധിച്ച് സുപ്രീംകോടതി വരെ പോയി. സുപ്രീംകോടതിയും അങ്ങയുടെ നിയമനം അംഗീകരിച്ചു. എന്നാല്‍ 2013 ല്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയായി നിയമിച്ചപ്പോള്‍ യാതൊരു എതിര്‍പ്പും ഉയര്‍ന്ന് കണ്ടില്ല. ഇതിനെ എങ്ങനെ കാണുന്നു.
ശാന്തിയായി നിയമിക്കപ്പെട്ട നീറിക്കോട് ക്ഷേത്രത്തില്‍ രണ്ടുദിവസം മാത്രമേ പൂജ ചെയ്യുവാന്‍ സാധിച്ചുള്ളൂ. അപ്പോഴേക്കും വലിയ എതിര്‍പ്പുണ്ടായി. അതിനെതിരെ കോടതിയെ സമീപിച്ചു. സുപ്രീംകോടതിവരെ എതിര്‍ഭാഗം അപ്പീല്‍ പോയെങ്കിലും ആത്യന്തിക വിജയം എനിക്കുതന്നെയായിരുന്നു. ഇന്ന് എതിര് സ്വരം ഉണ്ടായില്ലയെന്നത് വാസ്തവമാണ്. ഇത് കാലാനുസൃതമായ മാറ്റമാണ്. നമ്പൂതിരി, പോറ്റി സമുദായങ്ങളിലെ പുതിയ തലമുറ ഈ മേഖലയിലേക്ക് വരുന്നില്ല. അതുപോലെ ശാന്തിമാരെ വിവാഹം കഴിക്കുവാന്‍ നമ്പൂതിരി സമുദായത്തിലെ പെണ്‍കുട്ടികളും തയ്യാറാകുന്നില്ല. പ്രശസ്തനായ എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന് നല്ല സാമ്പത്തിക ശേഷി ഉള്ളയാളും മാസം ലക്ഷങ്ങള്‍ ദക്ഷിണ ലഭിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹം പെണ്ണ് കാണാന്‍ പോയപ്പോള്‍ പെണ്‍കുട്ടി മുഖത്ത് നോക്കി വേണ്ടെന്ന് പറഞ്ഞു. അതിനുശേഷം അദ്ദേഹം പെണ്ണ് കാണാനെ പോയിട്ടില്ല. പുതുതലമുറ പ്രൊഫഷണല്‍ മേഖലയാണ് ഇഷ്ടപ്പെടുന്നത്.
അതുപോലെ എന്‍എസ്എസ് പോലും പൂജ പഠിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മറ്റ് സമുദായങ്ങളിലുള്ളവര്‍ ഈ രംഗത്തേക്ക് കാര്യമായി തന്നെ കടന്ന് വരുന്നുണ്ട്.
? എന്തുകൊണ്ടാണ് അച്ഛന്റെ പാത പിന്തുടരുവാന് തീരുമാനിച്ചത്.
ഞാന്‍ പ്രീ-ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരിക്കല്‍ അമ്മ ചോദിച്ചു നിനക്ക് അച്ഛനെ സഹായിച്ച് കൂടെയെന്ന്. കോടിയര്‍ച്ചനകളും സഹസ്രാര്ച്ചനകളും പ്രതിഷ്ഠകളുമെല്ലാം നടത്താറുള്ള അച്ഛന് ജനങ്ങള്‍ നല്കുന്ന ആദരവും അംഗീകാരവും അമ്മ അനുഭവിച്ചറിയാറുണ്ട്. അതുകൊണ്ടാണ് അച്ഛന്റെ പാത ഞാന്‍ പിന്തുടരണമെന്ന് അമ്മ ആഗ്രഹിച്ചത്.
കോണൊത്ത് കുന്ന് വിജയന്റെ അടുത്ത് നിന്നാണ് ആദ്യം പൂജ പഠിച്ചത്. പാലേലി നാരായണന് നമ്പൂതിരിയാണ് ഉപനയനം കഴിപ്പിച്ചത്. അച്ഛന്റെ കൂടെ നടന്നുള്ള ആ സംസര്‍ഗം വലിയ അനുഭവം നല്കി. ശാസ്തൃശര്‍മന്‍ നമ്പൂതിരിയുടെ കീഴിലും പൂജാധികര്മങ്ങള് അഭ്യസിച്ചു. മാധവ്ജിയാണ് ആത്മീയ ഗുരു.
? മാധവ്ജിയുമായുള്ള ബന്ധം വിശദീകരിക്കാമോ.
ഗുരുവായൂരില്‍ 1981 ല്‍ നടന്ന ജ്യോതിശാസ്ത്ര സദസ്സിന് ശേഷം കാഞ്ചികാമകോടി ശങ്കരാചാര്യ സ്വാമികള്‍ മാധവ്ജിയോട് പറഞ്ഞു. ഓരോ ക്ഷേത്രത്തിലും ഓരോ തരത്തിലുള്ള പൂജാ രീതികളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ഏകീകരണം വേണം. ശ്രീധരന് തന്ത്രികളുമായി ആലോചിച്ച് വേണ്ടത് ചെയ്യണം. അങ്ങനെയാണ് മാധവ്ജിയുടെ നേതൃത്വത്തില്‍ ശ്രീധരന് തന്ത്രികളും അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിയും ചേര്‍ന്ന് തന്ത്രപഠന പരിഷത്ത് ഉണ്ടാക്കുന്നത്. ഈ കാലഘട്ടത്തില്‍ ഈ മൂന്ന് പേരുടെ കീഴില്‍ പ്രവര്‍ത്തിക്കുവാനായി.
മാധവ്ജിയില്‍നിന്നാണ് മന്ത്രദീക്ഷ സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനായി കൂടെ കഴിഞ്ഞിരുന്ന കാലഘട്ടത്തിലാണ് ആര്‍എസ്എസുമായി ബന്ധപ്പെടുന്നതും സ്വയംസേവകനാകുന്നതും ഗുരുദക്ഷിണ സമര്‍പ്പിച്ച് തുടങ്ങുന്നതും. മാധവ്ജി മരിക്കുമ്പോള്‍ വലത് കൈ എന്റെ കൈയിലും ഇടതുകൈ മേനോന് സാറിന്റെ (ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്)കയ്യിലുമായിരുന്നു. ഗുരുവിന്റെ വലിയൊരനുഗ്രഹമായിട്ടാണ് അത് ഞാന്‍ കരുതുന്നത്.
? ശാന്തിനിയമനങ്ങളിലും മറ്റും ഹിന്ദു സംഘടനകളുടെ നിലപാട് എന്തായിരുന്നു.
ഹിന്ദു സംഘടനകളില്‍നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആര്‍എസ്എസും ഹിന്ദുസംഘടനകളും നല്കിയ പിന്തുണയാണ് സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തുവാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയത്. ഹിന്ദു സംഘടനകള്‍ ഒപ്പം നിന്നു എന്നത് തന്നെ വലിയ കാര്യമാണ്. വലിയൊരു പ്രചോദനമായിരുന്നു അത്.
? അച്ഛനുമായുള്ള ആദ്ധ്യാത്മിക അടുപ്പം എങ്ങനെയായിരുന്നു.
ഞാന്‍ ഈ മേഖലയിലേയ്ക്ക് കടന്ന് വന്നതിന് ശേഷം പൂര്‍ണമായും അച്ഛനെ താന്ത്രിക കാര്യങ്ങളില്‍ സഹായിച്ചും ശ്രദ്ധിച്ചുമാണ് മുന്നോട്ട് പോയത്. മാതാ അമൃതാനന്ദമയീ ദേവി ആദ്യമായി കൊടുങ്ങല്ലൂരില്‍ ബ്രാഹ്മസ്ഥാന പ്രതിഷ്ഠ നടത്തുന്നതിന് മാധവ്ജിയും ശ്രീധരന് തന്ത്രികളും ശാസ്തൃശര്‍മന്‍ നമ്പൂതിരിയുമായിരുന്നു നേതൃത്വം നല്‍കിയത്. അന്ന് ഇവര്‍ക്കൊപ്പം എല്ലാ താന്ത്രികക്രിയകളും ചെയ്യുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.
മാതാ അമൃതാനന്ദമയിക്ക് ചെറുപ്പത്തില്‍ തന്നെ എങ്ങനെയാണ് ആത്മീയജ്ഞാനം ലഭിച്ചതെന്ന് അച്ഛനോട് ചോദിക്കുകയുണ്ടായി. അവര്‍ പൂര്വജന്മത്തില് വലിയ തപസ്സനുഷ്ഠിച്ചിട്ടുണ്ടാകും. അതിന്റെ ഫലമാണ് ചെറുപ്പത്തിലെ ആദ്ധ്യാത്മിക മാര്‍ഗത്തിലേയ്ക്ക് വരാന്‍ സാധിച്ചതെന്നാണ് മറുപടി പറഞ്ഞത്. അതുകൊണ്ട് തന്നെ പൂര്‍വജന്മത്തിലെ സുകൃതം കൊണ്ടായിരിക്കാം ഞാന്‍ ശ്രീധരന് തന്ത്രികളുടെ മകനായി ജനിക്കുവാനും ആ പാത പിന്തുടരുവാനും സാധിക്കുന്നതെന്ന് വിശ്വസിക്കുന്നു. ജാതി, വര്‍ഗ്ഗ, വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്ക്കും പൂജ പഠിക്കുവാന്‍ സാധിക്കുന്ന ആദ്ധ്യാത്മിക സ്ഥാപനം ഉണ്ടാകണമെന്ന് അച്ഛന് ആഗ്രഹിച്ചിരുന്നു. ജാതിക്കതീതമായി യോഗ്യരായ ആര്‍ക്കും പൂജാധികര്മങ്ങള്ക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി യാഥാര്‍ത്ഥ്യമാക്കണമെന്ന അഭിലാഷം ഉണ്ടായിരുന്നു. അച്ഛന് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പറവൂരില്‍ തന്ത്രവിദ്യാപീഠം സ്ഥാപിക്കാനായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഇവിടെ പൂജാധികര്മങ്ങള് പഠിക്കുന്നു. എസ്എസ്എല്‍സി കഴിഞ്ഞുള്ള വിദ്യാര്‍ത്ഥികളെ അവരുടെ ജാതകം പരിശോധിച്ചശേഷമാണ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൂജാ പഠനത്തോടൊപ്പം പ്ലസ്ടു വിദ്യാഭ്യാസം നല്‍കുകയും സംസ്കൃതം പഠിപ്പിക്കുകയും ചെയ്യുന്നു. ഓരോ ബാച്ചിലും ഒമ്പത് പേര്‍ക്കാണ് പ്രവേശനം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ അധ്യാപകര്‍ ഇവിടെ വന്ന് പഠിപ്പിക്കുന്നു. കോഴ്സ് കഴിയുന്നതോടൊപ്പം തന്നെ മേല്‍ശാന്തിമാരായി ക്ഷേത്രങ്ങളില്‍ നിയമനം ലഭിക്കാവുന്ന നിലവാരത്തില്‍ ഇവരെ പ്രാപ്തരാക്കുന്നു. സംസ്കൃതം സ്ഫുടതയോടെ ചൊല്ലുവാനും ഇവര്‍ക്കാവുന്നു. പുലയ, നായര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഇവിടെ പഠനത്തിനെത്തിയവരില്‍ പെടുന്നു. തികച്ചും സൗജന്യമായാണ് പഠനം. ഇതൊരു ചാരിറ്റബിള്‍ ട്രസ്റ്റാണ്. പഠന കേന്ദ്രത്തിന് മുമ്പില്‍ അച്ഛന്റെ ഒരു സ്മൃതി മണ്ഡപവും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇവിടെയെത്തുന്നവര്‍ ശ്രീധരന് തന്ത്രികളുടെ ഓര്‍മകളില്‍ അദ്ദേഹത്തെ നമസ്കരിച്ച് കടന്നുവരുവാനായിട്ടാണ് ഇത്. ആചാര്യന്മാരുടെ അനുഗ്രഹവും അവരുടെ മഹത്വം കൊണ്ടുമാണ് ഈ സ്ഥാപനം മുന്നോട്ടു പോകുന്നത്.
ഇപ്പോള്‍ തന്ത്രി സ്ഥാനം ലഭിച്ച വൈക്കം കാലാക്കല്‍ ക്ഷേത്രത്തെ കൂടാതെ ഇരുന്നൂറോളം ക്ഷേത്രങ്ങളില്‍ തന്ത്രി സ്ഥാനം വഹിക്കുന്നുണ്ട്. കാലാക്കല്‍ ക്ഷേത്ര ജീര്‍ണോദ്ധാരണത്തിനായി അഷ്ടമംഗലം വെച്ചപ്പോള്‍ ഒഴിവുള്ള തന്ത്രിസ്ഥാനത്തേയ്ക്ക് രാകേഷിന്റെ പേരാണ് വന്നത്. ഈ അഷ്ടമംഗല ചാര്‍ത്ത് ഉള്‍പ്പെടെ വെച്ച് ക്ഷേത്രഭാരവാഹികള്‍ രാകേഷിനെ തന്ത്രിയാക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നല്കിയ അപേക്ഷ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങള്ക്കുപുറമെ കര്‍ണാടകയിലെ കുടക് സിദ്ധാപുരം അയ്യപ്പക്ഷേത്രം, ഉഡുപ്പി കാല്‍പ്പാടി വിശ്വനാഥ ക്ഷേത്രം, ദല്‍ഹി നോയിഡയിലെ ആദിശക്തി മഠത്തിന്റെ ശ്രീസരസ്വതീ ക്ഷേത്രം എന്നിവിടങ്ങളിലേയും തന്ത്രിസ്ഥാനം അലങ്കരിക്കുന്നുണ്ട്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: