ന്യൂദല്‍ഹി: വിമാന ടിക്കറ്റ് റദ്ദാക്കുന്നതിന് ഗ്രേഡഡ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ശുപാര്‍ശ പരിഗണിക്കുന്നതിന് വിമാന കമ്പനികള്‍ സമ്മതിച്ചു. കഴിഞ്ഞ ആഴ്ച ആഭ്യന്തര വിമാന കമ്പനികള്‍ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്ക് ആയിരം രൂപയില്‍ നിന്നും 1,500 രൂപയായി ഉയര്‍ത്തിയിരുന്നു.
വ്യോമയാന മന്ത്രാലയത്തിന്റെ ശുപാര്‍ശ വിമാന കമ്പനികള്‍ സ്വീകരിക്കുകയാണെങ്കില്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നിരക്കില്‍ നിന്നും വിമാന യാത്രികര്‍ക്ക് ഉടന്‍ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് റദ്ദാക്കുന്നതിനും നിരക്കുകള്‍ പുന ക്രമീകരിക്കുന്നതിനും ഗ്രാന്‍ഡഡ് സമ്പ്രദായം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും ഇത് സംബന്ധിച്ച പദ്ധതി അവര്‍ ഉടന്‍ മുന്നോട്ട് വയ്ക്കുമെന്നും വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ പറഞ്ഞു.
ശ്രീവാസ്തവ എയര്‍ലൈന്‍ സിഇഒമാരുമായി നടത്തിയ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഡിജിസിഎ അധികൃതരും എയര്‍ ഇന്ത്യ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ നാസിര്‍ അലി, ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ്, ജെറ്റ് എയര്വേയ്സിലേയും സ്പൈസ്ജെറ്റിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ദല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ ഓംബുഡ്സ്മാനെ നിയമിക്കുന്നതിനുള്ള ശുപാര്‍ശയും മുന്നോട്ട് വച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ യാത്രക്കാര്‍ക്ക് അവരുടെ പരാതികള്‍ അവിടെ രജിസ്റ്റര്‍ ചെയ്യാം.
ഇത്തരത്തില്‍ ഗ്രേഡഡ് സമ്പ്രദായം ഇന്ത്യന്‍ റെയില്‍ വേ ഇപ്പോഴേ പിന്തുടരുന്നുണ്ട്. യാത്രാ ചെയ്യേണ്ട ദിവസത്തിന് തൊട്ടുമുമ്പാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ ഉയര്‍ന്ന നിരക്കും നേരത്തെയുള്ള ടിക്കറ്റ് റദ്ദാക്കലിന് കുറഞ്ഞ നിരക്കും ഈടാക്കുന്നതാണ് രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: