കര്‍ക്കശമായ നിയമത്തിന്റെ അഭാവം
കര്‍ക്കശമായ നിയമത്തിന്റെ അപര്യാപ്തതയാണ് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാനകാരണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദല്‍ഹി സംഭവത്തിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് വെറും മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ മാത്രം ലഭിച്ചത് ഇതിന് ഉദാഹരണമായി അവര്‍ പറയുന്നു. ഇത് കുറ്റവാസനയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്കുന്ന സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
വിദ്യാഭ്യാസത്തില്‍ സദാചാര മൂല്യങ്ങളുടെ കുറവ്
ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതും സമൂഹത്തില്‍ ഇത്തരം കുറ്റവാളികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി പറയപ്പെടുന്നുണ്ട്. എന്നാല്‍ സ്ത്രീപീഡനങ്ങളിലും ബലാത്സംഗങ്ങളിലും പലപ്പോഴും പ്രതിസ്ഥാനത്ത് എത്തുന്നത് രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടിയവര്‍ വരെയുണ്ട്. അപ്പോള്‍ പിന്നെ ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വര്‍ധിക്കുന്നതെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ നിഷേധിക്കാനാകാത്ത മറ്റൊരു സത്യമുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സദാചാരമൂല്യങ്ങള്‍ കുറവാണെന്നതാണ് ആ സത്യം. എങ്ങനെ സ്ത്രീകളെ ബഹുമാനിക്കണമെന്ന് നാം കുട്ടികളെ പഠിപ്പിക്കാറില്ലെന്നത് വാസ്തവമാണ്.
ബലാത്സംഗങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല
ഓരോ 17 മിനിട്ടിലും നമ്മുടെ രാജ്യത്ത് ഒരു സ്ത്രീ വീതം ബലാത്സംഗം ചെയ്യപ്പെടുന്നെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതില്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്നതാണ് വാസ്തവം. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പിന്നീട് മറ്റാരും വിവാഹം കഴിക്കില്ലെന്ന വീട്ടുകാരുടെ ഭീതിയാണ് ഇതിന് പ്രധാനകാരണം. പരാതിപ്പെട്ടാല്‍ പ്രതിഭാഗം വക്കീല്‍ വിചാരണ വേളയില്‍ ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത വിധം ഇരയെ കുത്തിക്കുത്തി അപമാനിച്ചുകൊണ്ട് ഉന്നയിക്കുന്ന നൂറു നൂറു ചോദ്യങ്ങളും പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിന് കാരണമാണ്.
മനോവൈകല്യം
ബലാത്സംഗത്തിലേക്ക് പുരുഷന്മാരെ നയിക്കുന്നതിന് ഒട്ടനവധി സാഹചര്യങ്ങളുണ്ട്. തികച്ചും വികൃതമായ മനസ്സുള്ള വ്യക്തി തന്റെ മോഹഭംഗങ്ങള്‍ക്ക് സമാധാനം കണ്ടെത്തുന്നത് സമൂഹത്തിന് ഒന്നടങ്കം അപകടകരമായ ലൈംഗികാക്രമണങ്ങളിലൂടെയാണ്. ഇതും കണക്കിലെടുക്കപ്പെടേണ്ട വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: