പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന് ഭീകരുടെ തോക്കുകള്‍ക്ക് മലാല യൂസഫ് സായി എന്ന ചെറിയ പെണ്‍കുട്ടിയുടെ ജീവന് എടുക്കാന്‍ സാധിച്ചില്ല. ഗുരുതരമായ പരിക്കുകള്‍ക്കിടയില്‍ നിന്നും ലോകത്തിന്റെ മുഴുന്‍ പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി അവള് അത്ഭുതകരമായി തിരിച്ചുവന്നു,
എന്നാല്‍ പ്രമുഖ എഴുത്തുകാരിയും അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ശബ്ദമുയര്‍ത്തുകയും ചെയ്ത ഇന്ത്യാക്കാരി സുഷ്മിത ബാനര്‍ജിയുടെ കാര്യത്തില്‍ താലിബാന് പിഴച്ചില്ല, അവര്‍ വിധി നടപ്പാക്കി. താലിബാന് ഭീകരരില്‍ നിന്നും തനിക്ക് നേരിട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുസ്തകമെഴുതിയതോ, അതോ ഇന്ത്യക്കാരി ആയതോ, പ്രതിഷേധിക്കാനാവാതെ നിശബ്ദരായ സ്ത്രീകളുടെയെല്ലാം ശബ്ദമായതോ ഏതാണ് സുഷ്മിതയെ വധിക്കാന്‍ താലിബാനെ പ്രേരിപ്പിച്ചത്?.
അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് വേണ്ടി ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു സുഷ്മിത. 1964 ല്‍ കൊല്‍ക്കത്തയില്‍ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനിടയില്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചു.
നാടകപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എപ്പോഴോ ആണ് അഫ്ഗാന് ബിസിനസുകാരനായ ജന്‍ബസ് ഖാനുമായി അനുരാഗത്തിലാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് 1988 ല്‍ ഇരുവരും വിവാഹിതരായി. കൊല്‍ക്കത്ത ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം അഫ്ഗാനിലെത്തിയപ്പോഴാണ് പ്രണയത്തിന്റെ മാധുര്യം നഷ്ടപ്പെട്ടതായി അവര്‍ മനസ്സിലാക്കുന്നതും ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയാണ് താനെന്ന തിരിച്ചറിവുണ്ടാകുന്നതും. എന്നിരുന്നാലും ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ജീവിതവുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. ഭര്‍ത്താവിന്റെ വീട്ടിലെ പൊരുത്തക്കേടുകളോട് ഒത്തുപോകാന്നതിനുവേണ്ടിയായി പിന്നീടുള്ള ശ്രമം.
ഇതിനിടയിലാണ് അഫ്ഗാനിലെ സ്ത്രീകളുടെ ദുരിതം സുഷ്മിത ശ്രദ്ധിക്കുന്നത്. സ്വന്തം കുടുബത്തിലെ പുരുഷന്മാരോടല്ലാതെ അന്യ പുരുഷന്മാരോട് സംസാരിക്കാന്‍ പാടില്ലെന്ന താലിബാന്റെ അന്ത്യശാസന, സ്കൂളിലോ കോളേജിലോ ആശുപത്രിയിലേക്കോ എന്തിനേറെ വീടിന് പുറത്തേക്ക് പോലുമോ ഇറങ്ങാന്‍ അവകാശമില്ലാത്ത സ്ത്രീകളുടെ നിശബ്ദ വേദന. ഇതെല്ലാം സുഷ്മിതയെ ഒരു പോരാട്ടക്കാരിയാക്കി. സ്ത്രീകള്‍ക്കായി തന്റെ ഗ്രാമത്തില്‍ അവര്‍ ഒരു ഡിസ്പെന്‍സറി തുറന്നു. താലിബാനെതിരെ പ്രതിഷേധിച്ച സുഷ്മിതയെ ഭര്‍തൃവീട്ടുകാരും തള്ളിപ്പറയാന്‍ തുടങ്ങിയിരുന്നു. അവര്‍ അവരെ വീട്ടില്‍ പൂട്ടിയിട്ടു.
മണ്ചുമര് തുളച്ച് രക്ഷപെട്ട സുഷ്മിത പക്ഷേ ചെന്നെത്തിയത് താലിബാന്റെ പക്കല്‍. പിന്നെ നീണ്ട ചോദ്യം ചെയ്യല്‍. ഭര്‍ത്തൃഗൃഹം ഉപേക്ഷിച്ചിറങ്ങിയവള്ക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നുമില്ലെന്ന് താലിബാന്റെ പ്രഖ്യാപനം. എന്നാല്‍ തിനിക്ക് ജന്മദേശത്തേയ്ക്ക് മടങ്ങിപ്പോകാന്‍ അവകാശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സുഷ്മിതയ്ക്ക് കഴിഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി മുഖേന കൊല്‍ക്കത്തയിലേക്ക് മടക്കം. അവിടെവച്ച് ഭര്‍ത്താവ് ജന്‍ബസ് ഖാനെ വീണ്ടും കണ്ടുമുട്ടുന്നു.
1995 മുതല്‍ 2013 വരെ ഇന്ത്യയില്‍ താമസിച്ച സുഷ്മിത നിരവധി പുസ്തകള്‍ രചിക്കുകയുണ്ടായി. അതില്‍ ഏറെ പ്രസിദ്ധമായത് താലിബാന് ഭീകരരില്‍ നിന്നും രക്ഷപെട്ട അനുഭവങ്ങള്‍ വിവരിച്ചെഴുതിയ ‘എ കാബൂളിവാലാസ് ബംഗാളി വൈഫ് ‘എന്ന പുസ്തകമാണ്. ഇന്ത്യയില്‍ ഈ പുസ്തകത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സുഷ്മിതയുടെ ജീവിത കഥ ആധാരമാക്കി 2003 ല്‍ ബോളിവുഡില്‍ ഒരു ചിത്രവും പിറവി കൊണ്ടു, മനീഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘എസ്കേപ് ഫ്രം താലിബാന്’.
2013 ല്‍ അഫ്ഗാനിലെ പംക്തിക പ്രവിശ്യയില്‍ മടങ്ങിയെത്തിയ സുഷ്മിത തന്റെ പ്രവര്‍ത്തന മേഖലയിലേക്ക് തന്നെ മടങ്ങി. താലിബാന്റെ ഭീഷണിയ്ക്ക് മുന്നില്‍ തലയുയര്‍ത്തി നിന്നു. താലിബാന് അഫ്ഗാനില്‍ നടപ്പാക്കിക്കൊണ്ടിരുന്ന അപരിഷ്കൃത നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച സുഷ്മിതയോട് ബുര്‍ഖ ധരിക്കണമെന്നും താലിബാന് നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ പ്രണയത്തിന് വേണ്ടി പോലും സ്വന്തം മതം ത്യജിക്കാന്‍ തയ്യാറാകാത്ത സുഷ്മിതയ്ക്ക് എങ്ങനെയാണ് ആ നിര്‍ദ്ദേശം പാലിക്കാന്‍ സാധിക്കുക.
അഫ്ഗാനില്‍ മടങ്ങിയെത്തിയ സുഷ്മിതയുടെ മറ്റൊരു ലക്ഷ്യം അവിടുത്തെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയെ കുറിച്ച് എഴുതുകയെന്നതായിരുന്നു. തനിക്ക് രചന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന ആത്മ വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. പുസ്തകങ്ങളെ അത്രമേല്‍ സ്നേഹിച്ചിരുന്ന സുഷ്മിത എല്ലാവര്‍ഷവും കൊല്‍ക്കത്തയില്‍ നടക്കാറുള്ള പുസ്തകമേളയില്‍ എത്താറുണ്ടായിരുന്നുവെന്ന് സുഹൃത്തും അവരുടെ പുസ്തകങ്ങളുടെ പ്രസാധകരുമായിരുന്ന ഭാഷ ഒ സാഹിത്യയുടെ സ്വപന് കുമാര്‍ പറയുന്നു. വരുന്ന ദുര്‍ഗ്ഗാപൂജയ്ക്ക് മുന്‍പ് രചനയുടെ കയ്യെഴുത്ത് പ്രതി തരാമെന്ന് ഉറപ്പും നല്‍കിയാണ് സുഷ്മിത മടങ്ങിയതെന്നും സ്വപന് ഓര്‍ക്കുന്നു. എന്നാല്‍ നല്കിയ വാക്ക് പാലിക്കാതെയുള്ള മടക്കം. താലിബാന് ഭീകരര്‍ സുഷ്മിതയുടെ ഭര്‍തൃവീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ബന്ദികളാക്കി അവരെ വീട്ടില്‍ നിന്നും വലിച്ചിറക്കി നിറയൊഴിക്കുകയായിരുന്നു. 20 ഓളം വെടിയുണ്ടകളാല്‍ ആ ശബ്ദം നിലച്ചു. എന്നാല്‍ താലിബാന് പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ സധൈര്യം മുന്നിട്ടിറങ്ങിയ സുഷ്മിതയുടെ മരണത്തില്‍ കേവലം അനുശോചനം രേഖപ്പെടുത്തുകയല്ലാതെ അവര്‍ക്ക് ജന്മം നല്കിയ രാജ്യം എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന പതിവ് പ്രസ്താവനകള്‍ക്കപ്പുറം ആരും പ്രതികരിച്ചതുമില്ല. അവരുടെ ശബ്ദം ഉയര്‍ന്നത് അഫ്ഗാനിലെ സ്ത്രീകള്‍ക്ക് വേണ്ടിയായതിനാലാണോ ഇന്ത്യയുടെ തണുപ്പന്‍ പ്രതികരണം എന്നുമറിയില്ല. എന്നിരുന്നാലും ഒന്നുറപ്പാണ് അധാര്മികതയെക്കിതിരെ എന്നും എപ്പോഴും എക്കാലത്തും ഒരു ശബ്ദം എവിടെയെങ്കിലും ഉയര്‍ന്നുകൊണ്ടേയിരിക്കും…
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: