കാഠ്മണ്ഡു: സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം അഫ്ഗാനിസ്ഥാന്. ഫൈനലില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അഫ്ഗാന് കിരീടം സ്വന്തമാക്കിയത്. ഇരുപകുതികളിലുമായി അഫ്ഗാന് നേടിയ ഗോളുകള്‍ക്ക് മറുപടി പറയാന്‍ ഇന്ത്യക്കായില്ല. കളിയുടെ ഒന്‍പതാം മിനിറ്റില്‍ മുസ്തഫ അസാഡോയിയും 62-ാം മിനിറ്റില്‍ സജ്ജാര്‍ അഹ്മാദിയുമാണ് അഫ്ഗാനുവേണ്ടി ലക്ഷ്യം കണ്ടത്.
തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാന് ഇത് മധുരപ്രതികാരംകൂടിയായിരുന്നു. 2011 ല്‍ ഇന്ത്യ അഫ്ഗാനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. അതിനാല്‍ ഇക്കുറി അവര്‍ വിജയിക്കണമെന്ന് മാത്രം ചിന്തയിലാണ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങിയത്. തുടക്കത്തില്‍തന്നെ ആക്രമിച്ചുകളിച്ച അഫ്ഗാനുവേണ്ടി മുസ്തഫ ഹമീദ് നല്കിയ ക്രോസ് ബലാല് സ്വീകരിച്ച് അസഡോയിക്ക് നല്‍കുകയായിരുന്നു. അസഡോയിക്ക് ലക്ഷ്യം പിഴച്ചില്ല. ഇന്ത്യ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 19-ാം മിനിറ്റില്‍ മികച്ച നീക്കം നടത്തിയെങ്കിലും ഇന്ത്യ അത് നിഷ്പ്രഭമാക്കി. ഇന്ത്യന്‍ പ്രതിരോധം വീണ്ടും ചിതറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മികച്ച ഫോമിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ആദ്യപകുതിയില്‍ ഗോള്‍ മടക്കാനുള്ള ഇന്ത്യയുടെ എല്ലാ നീക്കവും അഫ്ഗാന് തകര്‍ക്കുകയും ചെയ്തു.
രണ്ടാംപകുതിയില്‍ അഫ്ഗാനുതന്നെയായിരുന്നു മുന്‍തൂക്കം. 62-ാം മിനിറ്റില്‍ അവര്‍ അത് ഉറപ്പിച്ച് രണ്ടാം ഗോളും നേടി. തുടര്‍ന്ന് ഛേത്രിയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ അഫ്ഗാന് നിരയെ മറികടന്ന് എത്തിയെങ്കിലും അടിച്ച പന്ത് പുറത്തേക്ക് പോയി. ഛേത്രിക്ക് വീണ്ടും ഒരവസരം കൂടി ലഭിച്ചു. ഫ്രാന്‍സിന്റെ ക്രോസ് ഹെഡുചെയ്യാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: