വിശാഖപട്ടണം: ന്യൂസിലാന്റ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ എ ടീമിന് ഉജ്ജ്വല വിജയം. 6 വിക്കറ്റിനാണ് ഇന്ത്യന്‍ ടീം വിജയം സ്വന്തമാക്കിയത്. 103 റണ്‍സെടുത്ത റോബിന് ഉത്തപ്പയും 94 റണ്‍സെടുത്ത ഉന്മുക്ത് ചന്ദുമാണ് ഇന്ത്യയുടെ വിജയശില്പികള്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് എ ടീം 49.4 ഓവറില്‍ 257 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ എ ടീം 44.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 261 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്റ് നിരയില്‍ 51 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ടോപ് സ്കോറര്‍. മിച്ചലിന് പുറമെ 48 റണ്‍സെടുത്ത ഡെവിസിച്ചും 45 റണ്‍സെടുത്ത കാള്‍ കചോപ്പയും 37 റണ്‍സെടുത്ത ടോം ലാതമും 29 റണ്‍സെടുത്ത ഇഷ് സോധിയും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി, രാഹുല്‍ ശര്‍മ്മ, അശോക് മനേരിയ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
258 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ എക്ക് ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും ഉന്മുക്ത് ചന്ദും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. 30 ഓവറില്‍ സ്കോര്‍ 178-ല്‍ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 88 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 94 റണ്‍സെടുത്ത ഉന്മുക്ത് ചന്ദാണ് ആദ്യം മടങ്ങിയത്. പിന്നീട് സ്കോര്‍ 226-ല്‍ എത്തിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നേറിയ റോബിന് ഉത്തപ്പയും മടങ്ങി. 114 പന്തുകളില്‍ നിന്ന് 8 ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം 103 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നീടെത്തിയ മന്ദീപ് സിംഗും (1), മനേരിയയും (0) പെട്ടെന്ന് മടങ്ങിയെങ്കിലും 37 റണ്‍സെടുത്ത ആദിത്യ താരെയും 15 റണ്‍സെടുത്ത കേദാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: