ന്യൂദല്‍ഹി: മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് രംഗത്ത്. കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ദിഗ്വിജയ് ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് ദിഗ്വിജയ് സമാജ്വാദി പാര്‍ട്ടിക്കും മുഖ്യമന്ത്രി അഖിലേഷ് യാദവിനും എതിരെ രംഗത്തുവന്നത്.
അഖിലേഷിന് മുമ്പുണ്ടായിരുന്ന ബിഎസ്പി സര്‍ക്കാര്‍ ഇതിലും മികച്ചതായിരുന്നു. ഈ സംഭവത്തില്‍ എസ്പി സര്‍ക്കാരിന്റെ ഇടപെടല്‍ വളരെ മോശമാണ്. യുപിയിലെ വര്‍ഗീയ ശക്തികളെ നേരിടുന്നതില്‍ സര്‍ക്കാരിന് കഴിവില്ലേ എന്ന ചോദ്യം ട്വിറ്ററില്‍ ഉന്നയിച്ച സിംഗ് ബിഎസ്പി ഇതിനെക്കാള്‍ ഭേദമെന്നും വ്യക്തമാക്കി.
വര്‍ഗീയ കലാപത്തെ അപലപിച്ച സിംഗ് ജില്ലയില്‍ സാമുദായിക സൗഹാര്‍ദവും സമാധാനവും പുലരാന്‍ എല്ലാവരും സഹകരിക്കണമെന്നും ആഹ്വാനം ചെയ്തു. മുസാഫര്‍ നഗറിലെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകനും മറ്റുള്ളവര്‍ക്കും സിംഗ് ട്വിറ്ററിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു.
മുസാഫര്‍ നഗറിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകനടക്കം കുറഞ്ഞത് 12 പേര് കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് സൈന്യം ഒരു തവണ ഫ്ലാഗ് മാര്‍ച്ച് നടത്തി. അഞ്ച് കമ്പനി പിഎസിയെയും ദ്രുതകര്‍മസേന, പോലീസ് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: