വാഷിങ്ങ്ടണ്‍: യുഎസ് സെനറ്റ് ഇന്റലിജന്‍സ് വിഭാഗം സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇതോടെ സിറിയയ്ക്കു നേരെയുള്ള സൈനികനടപടിക്ക് അമേരിക്ക വേഗം കൂട്ടും. 13 ദൃശ്യങ്ങളാണ് യുഎസ് പുറത്തു വിട്ടത്. സിസിഎന്‍ ന്യൂസ്ചാനല്‍ വഴിയാണ് ദൃശ്യങ്ങള്‍ ആദ്യം പുറത്തുവന്നത്. രാസായുധം പ്രയോഗിച്ചെന്നു തെളിയിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് ഗ്രാഫിക്സാണെന്നും ആക്ഷേപമുണ്ട്.
സിറിയയിലെ അസദ് ഭരണകൂടം വിമതര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചെന്ന വിഷയത്തില്‍ ലോക രാജ്യങ്ങള്‍ രണ്ടുതട്ടില്‍ നില്ക്കുന്ന അവസരത്തിലാണ് അമേരിക്ക ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നത് ശ്രദ്ധേയമാണ്. സെനറ്റിലെ മുതിര്‍ന്ന ഇന്റലിജന്‍സ് കമ്മിറ്റിയിലാണ് ദൃശ്യങ്ങള്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് സിഎന്‍എന്‍ന്യൂസ് ചാനലിനാണ് വ്യാഴാഴ്ച്ച വീഡിയോ ദൃശ്യങ്ങള്‍ ആദ്യം ചോര്‍ന്നുകിട്ടിയത്.
ആഗസ്റ്റ് 21 ന് ദമാസ്കസില്‍ സിറിയന്‍ സൈന്യം നടത്തിയെന്ന് അവകാശപ്പെടുന്ന രാസായുധാക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ആക്രമണത്തില്‍ 1,429 പേരാണ് വിഷവാതകം ശ്വസിച്ച് മരണമടഞ്ഞത്. സിറിയാവിരുദ്ധ സൈറ്റുകളിലും യൂ-ട്യൂബ് പോലെയുള്ള സോഷ്യല്‍ മീഡിയാ സൈറ്റുകളിലും വീഡിയോദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. രാസായുധ പ്രയോഗത്തിന്റെ തെളിവുകളുള്ള 170 വീഡിയോദൃശ്യങ്ങളില്‍ 13 എണ്ണം മാത്രമാണ് തെളിവായി സ്വീകരിച്ചതെന്നും മറ്റുള്ളവ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ്് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയറായ ഡിയാനി ഫിയിന്സ്റ്റെയിന് വ്യക്തമാക്കിയത്.
യുഎസ് സെനറ്റ് സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള അനുമതി തേടിക്കൊണ്ടുള്ള പ്രമേയത്തില്‍ ഈ ആഴ്ച്ച വോട്ടെടുപ്പ് നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ തീരുമാനത്തിനു ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തുവിട്ട തെളിവുകള്‍.സ്റേറററിന്റെ യുണൈററഡ് സെക്രട്ടറി ജോണ്‍ കെറി ഒബാമയുടെ തീരുമാനത്തിനു അനുകൂലമായി വോട്ട് ചെയ്യുന്നതിനായി ലോക രാജ്യങ്ങളില്‍ യാത്രയിലാണ്.
നിലവില്‍ സിറിയയ്ക്കെതിരായി മൂന്നു ദിവസം തുടര്‍ച്ചയായി വ്യോമാക്രമണം നടത്താനുള്ള പദ്ധതിയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് ആക്രമണം അഴിച്ചുവിടാന്‍ അമേരിക്കയുടെ പദ്ധതിയെന്നും പെന്റഗണ്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപക ആക്രമണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിറ്ററേനിയന്‍ കടലില്‍ അഞ്ച് പടക്കപ്പലുകളെ അമേരിക്ക തിരിച്ചുവിളിച്ചെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെ ചരക്കുകപ്പലുള്‍പ്പെടെ അത്യാധുനികമായ മിസെയില്‍ വാഹകശേഷിയുള്ള കപ്പലുകള്‍ വരെ മെഡിറ്ററേനിയന്‍ തീരത്ത് നില ഉറപ്പിച്ചിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സിറിയ രാസായുധം പ്രയോഗിച്ചിട്ടില്ലായെന്ന് അവകാശം ഉന്നയിച്ച റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വാദത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. രാസായുധം പ്രയോഗിച്ചതിന് ഇതുവരെ അമേരിക്ക നല്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിലപാട്. ഇപ്പോള്‍ സിറിയയ്ക്കെതിരായി കൂടുതല്‍ രാജ്യങ്ങളെ അണിനിരത്താന്‍ ദൃശ്യങ്ങള്‍ക്ക് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഒബാമ. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ ഗ്രാഫിക്സിന്റെ സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തിയവയാണെന്നും ഒരു ഭാഗത്തു നിന്നും വാദഗതികള്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: