ലണ്ടന്‍: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകന് പ്രിന്‍സ് ആന്‍ഡ്രൂവിന് നേരെ ബക്കിങ്ങ് ഹാം പാലസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കൂ ചൂണ്ടിയതായി റിപ്പോര്‍ട്ട്. പ്രിന്‍സ് ആന്‍ഡ്രൂവിനോട് കൈകള്‍ ഉയര്‍ത്താന്‍ ഇവര്‍ നിര്‍ദ്ദേശിച്ചതായും ലണ്ടനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് ശരിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞതായി മെട്രോപോളിറ്റന്‍ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ പ്രിന്‍സ് ആന്‍ഡ്രൂവിന് നേരെ ആയുധം ചൂണ്ടിയിട്ടില്ലെന്നും ആളറിയാതെ ചോദ്യം ചെയ്തതില്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ ക്ഷമായാചനത്തില്‍ താന്‍ തൃപ്തനാണെന്ന് യോര്‍ക്കിലെ പ്രഭുകൂടിയായ ആന്‍ഡ്രൂ അറിയിച്ചു. കൊട്ടാരത്തിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ് പോലീസ് ചെയ്യുന്നതെന്നും ചിലപ്പോള്‍ അവര്‍ക്ക് തെറ്റ് പറ്റാമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്തായാലും താനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയവരുടെ തോക്കിന് മുനയില്‍ അരമിനിട്ടോളം പ്രിന്‍സ് ആന്‍ഡ്രൂവിന് നില്‍ക്കേണ്ടി വന്നു. ആളറിയാതെ ആന്‍ഡ്രൂവിന് നേരെ വെടിയുതിര്‍ക്കാതിരുന്നത് ഭാഗ്യമാണെന്നാണ് ലണ്ടനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച കൊട്ടാരത്തിനുള്ളില്‍ പുറത്തുനിന്നുള്ള ഒരാള്‍ കടന്നിരുന്നു. ഇതേതുടര്‍ന്ന് കൊട്ടാരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. വൈകുന്നേരം ഇരുട്ടുപരന്ന സമയമായതിനാലാലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആളെ വ്യക്തമാകാതെ പോയെന്ന് കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു.
സംഭവത്തില്‍ കൊട്ടാരം അന്വേഷണത്തിന് ഉത്തരവിട്ടതായാണറിയുന്നത്. എന്നാല്‍ കൊട്ടാരത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രതികരണമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: