ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐക്കു വേണമെങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യമുന്നയിച്ച സിബിഐ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ ഉപയോഗിച്ച് നിശബ്ദനാക്കിയ ശേഷമാണ് പുതിയ പ്രചാരണം.
പ്രധാനമന്ത്രി നിയമത്തിന് അതീതനാണെന്നും സിബിഐക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥാണ് പ്രസ്താവന നടത്തിയത്. സിബിഐ ആവശ്യപ്പെട്ടാല്‍ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകും. കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയമാകാന്‍ പ്രധാനമന്ത്രി തയ്യാറാകും, കമല്‍നാഥ് പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിക്കേണ്ടതില്ലെന്ന് സിബിഐ ഉന്നതതല തീരുമാനത്തിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വെളിപ്പെടുത്തലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യമുന്നയിച്ച അന്വേഷണ ഉദ്യോഗസ്ഥന് കെ.ആര് ചൗരസ്യയോട് ഇക്കാര്യം ആവശ്യപ്പെട്ടതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിനു പിന്നാലെ നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും സിബിഐ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരില്‍നിന്നും വലിയ സമ്മര്‍ദ്ദമാണ് സിബിഐക്കു മേലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ കേന്ദ്രസര്‍ക്കാരിനെ ഏറ്റവുമധികം വിഷമിപ്പിച്ചത് കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. കല്‍ക്കരി ഫയലുകള്‍ കാണാതായതു നിരവധി ദിവസങ്ങളില്‍ പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തുന്നതുവരെ കല്‍ക്കരി വിഷയത്തില്‍ സഭ തുടര്‍ച്ചയായി സ്തംഭിക്കുകയും ചെയ്തു. കാണാതായ ഫയലുകളെല്ലാം കണ്ടെത്തുമെന്നും ഇല്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്നും പ്രധാനമന്ത്രിക്കു സഭയില്‍ പറയേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: