മാലി: മാലിദ്വീപ്നിവാസികള് പ്രസിഡന്റിനെ തെരരഞ്ഞെടുക്കാന്‍ ഇന്നലെ പോളിങ് ബൂത്തുകളിലെത്തി. നൂറുകണക്കിന് ജനവാസദ്വീപുകളിലായി 2.30 ലക്ഷം ജനങ്ങളാണ് മാലിദ്വീപില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടെടുപ്പിനായി 470 പോളിങ് സ്റ്റേഷനുകളാണ് പലയിടങ്ങളിലായി സജ്ജീകരിച്ചിരുന്നത്. വോട്ടെടുപ്പ് ശനിയാഴ്ച്ച രാവിലെ 7.30ന് തന്നെ ആരംഭിച്ചു.
കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ തെരഞ്ഞെടുത്ത പ്രസിഡന്റ് രാജിവച്ചിരുന്നു. ജനാധിപത്യ രീതിയിലുളള തിരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിലെത്തിയ മുഹമ്മദ് നഷീദാണ് രാജിവച്ചത്. ഒന്നര വര്‍ഷത്തിനു ശേഷമാണ് മാലിദ്വീപില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. 2012 ഫെബ്രുവരിയില്‍ ആഭ്യന്തരകലാപത്തെത്തുടര്ന്നാണ് നഷീദ് രാജിവയ്ക്കാനിടയായത്. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി മുഹമ്മദ് വഹീദ് ചുമതലയേറ്റു.
30 വര്‍ഷത്തോളം മാലിദ്വീപിനെ അടക്കിഭരിച്ചിരുന്നത് മഅ്മൂന്‍ അബ്ദുല്‍ ഗയൂമായിരുന്നു. 2008 ല്‍ ജനാധിപത്യരീതിയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഗയൂമിനെ പരാജയപ്പെടുത്തി നഷീദ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ഭരണം അദ്ദേഹത്തിനു സുഖമുള്ളതായിരുന്നില്ല.
ശനിയാഴ്ച്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് വഹീദ്, മുന്‍ പ്രസിഡന്റും മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ നഷീദ്, മുന്‍ പ്രസിഡന്റ് മഅ്മൂണ് അബ്ദുള്‍ ഗയൂമിന്റെ അര്‍ദ്ധസഹോദരനും പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ അബ്ദുള്ള യമീന്, ജംഹൂറി പാര്‍ട്ടി സ്ഥാനാര്‍ഥി ഗാസീം ഇബ്രാഹീം എന്നിവരാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മാലിദ്വീപിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാഗതംചെയ്തു. വോട്ടുചെയ്യാന്‍ എത്തുന്നവരുടെ നീണ്ട നിര പോളിങ് സ്റ്റേഷനുകളുടെ മുന്നില്‍ കാണാമായിരുന്നു. ഇന്ത്യയുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: