ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ടും പോര്‍ച്ചുഗലും ജര്‍മ്മനിയും സ്വീഡനും ഇറ്റലിയും നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിനും വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരായ നെതര്‍ലന്റ്സും ഫ്രാന്‍സും സമനിലയില്‍ കുടുങ്ങി. സ്കോട്ട്ലന്റിനെതിരെ നേടിയ വിജയത്തോടെ ബല്‍ജിയം ലോകകപ്പ് യോഗ്യതക്ക് തൊട്ടടുത്തെത്തുകയും ചെയ്തു.
ഇറ്റലി 1-0ന് ബള്‍ഗേറിയക്കെതിരെയും ജര്‍മ്മനി 3-0ന് ആസ്ട്രിയക്കെതിരെയും സ്വീഡന് 2-1ന് അയര്‍ലന്റിനെതിരെയും പോര്‍ച്ചുഗല്‍ 4-2ന് വടക്കന്‍ അയര്‍ലന്റിനെതിരെയും ഇംഗ്ലണ്ട് 4-0ന് മോള്ഡോവക്കെതിരെയും സ്പെയിന് 2-0ന് ഫിന്ലാന്റിനെതിരെയുമാണ് വിജയം സ്വന്തമാക്കിയത്. വടക്കന്‍ അയര്‍ലന്റിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് പോര്‍ച്ചുഗലിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
ഗ്രൂപ്പ് എയില്‍ 38-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡിഫോറും 80-ാം മിനിറ്റില്‍ കെവിന് മിറാലസും നേടിയ ഗോളുകളിലാണ് ബല്‍ജിയം മികച്ച വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ മാസിഡോണിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെയ്ല്‍സിനെ പരാജയപ്പെടുത്തിയപ്പോള്‍ ക്രൊയേഷ്യ-സെര്‍ബിയ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബല്‍ജിയം 22 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുള്ള ക്രൊയേഷ്യയാണ് രണ്ടാം സ്ഥാനത്ത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുകള്‍ മാത്രം നേടിയാല്‍ ബല്‍ജിയത്തിന് അടുത്തവര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പാക്കാം.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ 38-ാം മിനിറ്റില്‍ ഗിലാര്ഡീനോ നേടിയ ഏക ഗോളിനാണ് മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി ബള്‍ഗേറിയയെ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍മേനിയയോട് പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 പോയിന്റുമായി ഇറ്റലി ഒന്നാമതാണ്. 10 പോയിന്റുമായി ബള്‍ഗേറിയയാണ് രണ്ടാം സ്ഥാനത്ത്. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രം നേടിയാല്‍ ഇറ്റലിക്കും അടുത്ത വര്‍ഷത്തെ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാം.
ഗ്രൂപ്പ് സിയില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആസ്ട്രിയയെ തകര്‍ത്ത് യോഗ്യതക്കരികില്‍ എത്തി. 33-ാം മിനിറ്റില്‍ വെറ്ററന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെ, 51-ാം മിനിറ്റില്‍ ക്രൂസ്, 88-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ എന്നിവരാണ് ജര്‍മ്മനിയുടെ ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ സ്വീഡന് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് അയര്‍ലന്റിനെതിരെ വിജയം സ്വന്തമാക്കി. 21-ാം മിനിറ്റില്‍ റോബി കീനിലൂടെയാണ് അയര്‍ലന്റ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 33-ാം മിനിറ്റില്‍ ജോണ്‍ എല്മാന്ഡറും 57-ാം മിനിറ്റില്‍ ആന്‍ഡേഴ്സ് സെവന്സണും നേടിയ ഗോളുകളിലൂടെയാണ് സ്വീഡന് വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ 7 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ജര്‍മ്മനി മുന്നിലാണ്. 14 പോയിന്റുമായി സ്വീഡനാണ് രണ്ടാം സ്ഥാനത്ത്.
ഗ്രൂപ്പ് ഡിയില്‍ നിലവിലെ റണ്ണേഴ്സപ്പായ നെതര്‍ലന്റ്സ് താരതമ്യേന ദുര്‍ബലരായ എസ്തോണിയയോട് സമനില വഴങ്ങി. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ റോബന് നേടിയ ഗോളിലൂടെ ഡച്ച് പട മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച എസ്തോണിയ കോണ്‍സ്റ്റാന്റില്‍ വാസിലേവ് 18, 57 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ മുന്നിലെത്തി. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോബിന് വാന്‍ പെഴ്സിയാണ് ഡച്ച് പടക്ക് സമനിലനേടിക്കൊടുത്തത്. മറ്റൊരു മത്സരത്തില്‍ റുമാനിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹംഗറിയെ തകര്‍ത്തു. 7 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി നെതര്‍ലന്റ്സാണ് ഗ്രൂപ്പില്‍ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള റുമാനിയക്ക് 13 പോയിന്റാണുള്ളത്. ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് ലഭിച്ചാല്‍ ഡച്ച് പടക്ക് ലോകകപ്പ് യോഗ്യത സ്വന്തമാക്കാം.
ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സ്വിറ്റ്സര്‍ലന്റിനെ ഐസ്ലന്റ് സമനിലയില്‍ കുരുക്കി. ഇരുടീമുകളും നാല് ഗോളുകള്‍ നേടി. മത്സരം 54 മിനിറ്റ് പിന്നിട്ടപ്പോള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഐസ്ലന്റ് സമനില പിടിച്ചത്. സൈപ്രസിനെ 2-0ന് പരാജയപ്പെടുത്തി നോര്‍വേയും വിജയം സ്വന്തമാക്കി. 7 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി സ്വിറ്റ്സര്‍ലന്റും 11 പോയിന്റുമായി നോര്‍വേയുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് എഫില്‍ നടന്ന തുല്യശക്തികളുടെ പോരാട്ടത്തില്‍ സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഹാട്രിക്കിന്റെ കരുത്തില്‍ പോര്‍ച്ചുഗല്‍ മകിച്ച വിജയം സ്വന്തമാക്കി. വടക്കന്‍ അയര്‍ലന്റിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റൊണാള്ഗഡോയുടെ പോര്‍ച്ചുഗല്‍ കീഴടക്കിയത്. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് പോര്‍ച്ചുഗലാണ്. 21-ാം മിനിറ്റില്‍ ഡാനി ആല്‍വസാണ് പറങ്കികള്‍ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ 36-ാം മിനിറ്റില്‍ മക്യൂലിയിലൂടെ അയര്‍ലന്റ് സമനില പിടിച്ചു. എന്നാല്‍ 43-ാം മിനിറ്റില്‍ പോസ്റ്റിഗ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ പോര്‍ച്ചുഗല്‍ 10പേരായി ചുരുങ്ങി. പിന്നീട് 52-ാം മിനിറ്റില്‍ വാര്‍ഡ് ഗോള്‍ നേടിയതോടെ അയര്‍ലന്റ് മുന്നിലെത്തി. അധികം വൈകാതെ 60-ാം മിനിറ്റില്‍ ക്രിസ് ബഡ്ഡ് ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ അയര്ലന്റിന്റും 10 പേരായി ചുരുങ്ങി. പിന്നീടാണ് റൊണാള്‍ഡോയുടെ ഹാട്രിക്കിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 68, 77, 83 മിനിറ്റുകളിലാണ് റൊണാള്‍ഡോ വടക്കന്‍ അയര്‍ലന്റ് വല കുലുക്കിയത്. ഇതിനിടെ 80-ാം മിനിറ്റില്‍ ലാഫെറ്റിയും ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ അയര്‍ലന്റ് 9 പേരായി ചുരുങ്ങി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ റഷ്യ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലക്സംബര്‍ഗിനെ തകര്‍ത്ത് സാധ്യത നിലനിര്‍ത്തി. 8 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പോര്‍ച്ചുഗലിന് 17 പോയിന്റും ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റഷ്യക്ക് 15 പോയിന്റുമാണുള്ളത്.
ഗ്രൂപ്പ് എഫില്‍ പോരാട്ടം കനക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ള ബോസ്നിയക്കും രണ്ടാം സ്ഥാനത്തുള്ള ഗ്രീസിനും 7 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണുള്ളത്. ഇന്നലെ നടന്ന മത്സരത്തില്‍ ബോസ്നിയ 1-0ന് സ്ലോവാക്യയോട് പരാജയപ്പെടുകയും ഗ്രീസ് ഇതേ സ്കോറിന് ലിച്ചന്‍സ്റ്റിന്‍ കീഴടക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പില്‍ പോരാട്ടം കനക്കുന്നത്.
ഗ്രൂപ്പ് എച്ചില് ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് മോള്‍ഡോവയെ കീഴടക്കിയത്. 12-ാം മിനിറ്റില്‍ സ്റ്റീവന്‍ ജെറാര്‍ഡ്, 26-ാം മിനിറ്റില്‍ ലാംബര്‍ട്ട്, ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്തും 50-ാം മിനിറ്റിലും ഡാനി വെല്‍ബാക്കുമാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ഉക്രെയിന് മറുപടിയില്ലാത്ത 9 ഗോളുകള്‍ക്ക് സാന്‍ മരിനോയെ കീഴടക്കിയപ്പോള്‍ പോളണ്ട്-മോണ്ടനെഗ്രോ പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു. 7 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റ് നേടിയ ഇംഗ്ലണ്ടും മോണ്ടനെഗ്രോയുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത്. ഇവര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ 14 പോയിന്റുമായി ഉക്രെയിന് മൂന്നാം സ്ഥാനത്തുണ്ട്.
ഗ്രൂപ്പ് ഐയില്‍ 18-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ, 86-ാം മിനിറ്റില്‍ ആല്‍വാരോ നെഗ്രഡോ എന്നിവര്‍ നേടിയ ഗോളുകളുടെ ബലത്തില്‍ സ്പെയിന് ഫിന്‍ലന്റിനെ പരാജയപ്പെടുത്തി 6 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി. എന്നാല്‍ കരുത്തരായ ഫ്രാന്‍സ് ജോര്‍ജിയയുമായി ഗോള്‍രഹിത സമനില വഴങ്ങി. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 11 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: