കറുത്തിരുണ്ട മഴമേഘങ്ങള്‍ നീങ്ങി പ്രകൃതിയാകെ പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങി സൂര്യപ്രകാശത്തിന്റെ പൊന്പ്രഭയില് മുങ്ങി നില്‍ക്കുമ്പോഴാണ് എന്റെ വീടിന്റെ നിറം മങ്ങിയ ചുവരുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവയ്ക്ക് നിറം കൊടുക്കുന്നതിനിടയിലാണ് അച്ഛന്റെ വേര്പാടിന് ശേഷം ഏറെക്കാലം തുറക്കാതിരുന്ന അദ്ദേഹത്തിന്റെ അലമാര ശ്രദ്ധയില്‍പ്പെട്ടത്. അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അച്ഛന്റെ പുസ്തകത്തിനുള്ളില്‍ നിന്നും കിട്ടിയ നിറംമങ്ങിയ ചിത്രങ്ങള്‍ അച്ഛന്റെ ഓര്‍മകളിലേക്ക് എന്നെ വീണ്ടും കൂട്ടിക്കൊണ്ടുപോയി. അറുപതുകളുടെ ആരംഭത്തിലെന്നോ എടുത്തതായിരുന്നു ആ ചിത്രങ്ങള്‍. അച്ഛന്റെയും സ്വയം സേവകരുടേയും പരിശ്രമ ഫലമായിട്ടുയര്ന്ന ഇന്നത്തെ വിവേകാനന്ദ റോക് മെമ്മോറിയല്‍ ഈ രൂപത്തിലെത്തുന്നതിന് മുമ്പുള്ള വിവേകാനന്ദ റോക്കിന്റെ നിറം മങ്ങിയ ചിത്രങ്ങളായിരുന്നു അതിലേറെയും.
അച്ഛനോടോത്ത് ഇടയ്ക്കിടെ തിരുവനന്തപുരത്ത് നിന്നും കന്യകുമാരിയിലെക്കുള്ള എന്റെ ബാല്യകാല യാത്രകള്‍ ഇന്നും ഓര്‍മയില്‍ മങ്ങലേല്ക്കാതെ തെളിഞ്ഞുവരാറുണ്ട്. പാതയോരത്തെ തടാകങ്ങളില്‍ പാതിവിരിഞ്ഞു നിന്നിരുന്ന താമര, പച്ചവിരിച്ച് നില്ക്കുന്ന നെല്‍പ്പാടങ്ങളും, ധാരാളം വാഴ തോട്ടങ്ങളും. നിറപ്പകിട്ടാര്‍ന്ന കുടങ്ങളില്‍ വെള്ളവുമായി പോകുന്ന അമ്മമാരും അവരോടൊപ്പം ഓടിയെത്താന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളും. വിവേകാനന്ദ കേന്ദ്രത്തിലെ പീലിവിരിച്ചു നൃത്തം ചെയ്യതിരുന്ന മയിലുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്താറുണ്ട്.
അവക്കെല്ലാമുപരിയായി തെളിഞ്ഞുവരുന്നത് ഒരു മഹത് വ്യക്തിയുടെ ചിത്രമാണ്; എക്നാഥ് രാമകൃഷ്ണ റാനഡെയുടെ. ബാല്യത്തിന്റെ ആദ്യ പടവില്‍ നിന്ന് എന്നെ അദ്ദേഹം സ്നേഹത്തോടെ മടിയില്‍ ഇരുത്തി കൈ നിറയെ മിഠായി തന്നത് ഇന്നും ഓര്‍മ്മിക്കുന്നു. അദ്ദേഹം ഇത്രയും വലിയ ഒരു ആരാധ്യ പുരുഷനായിരുന്നു എന്ന കാര്യം ഇന്നെന്നെ വാസ്തവത്തില്‍ അത്ഭുതപ്പെടുത്താറുണ്ട്.
യഥാര്‍ത്ഥ സ്നേഹബന്ധങ്ങള്‍ ആയുഷ്കാല ബന്ധങ്ങളാണെന്നുള്ള സത്യം തിരിച്ചറിയുവാന്‍ കഴിയുന്നത് അച്ഛനും ഏക്നാഥ്ജിയുമായുള്ള അടുപ്പത്തില്‍ കൂടിയാണ്. അറുപതുകളില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ കുടക്കീഴില് മൊട്ടിട്ട ആ ബന്ധം ദേശകാലങ്ങള്‍ക്കതീതമായി വളര്‍ന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ജാതിമത വര്‍ഗചിന്തകള്‍ക്കതീതമായി, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയില്‍ പണിതുയര്‍ത്തിയ വിവേകാനന്ദറോക്ക് മെമ്മോറിയല്‍ എന്ന ചരിത്രസ്മാരകത്തിലൂടെ നിലനിര്‍ത്തി. ഈ കാലഘട്ടത്തില്‍ അച്ഛന് ആര്‍എസ്എസ് ജില്ല മുഖ്യശിക്ഷക് ആയിരുന്നു.
വിവേകാനന്ദ റോക്ക് മെമ്മോറിയല്‍ പ്രോജക്ടിന് നേതൃത്വം വഹിക്കാന്‍ അന്നത്തെ സര് സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്ത വ്യക്തിയായിരുന്നു സ്വാതന്ത്ര്യ സമരസേനാനിയും അന്നത്തെ സര്‍കാര്യവാഹും ആയിരുന്ന ഏക്നാഥ്ജി. അര്‍പ്പണമനോഭാവവും ധാര്‍മ്മിക ബോധവുമുള്ള ഒരു യുവ തലമുറയ്ക്ക് സുശക്തമായ ഭാരതം തന്നെ നിര്‍മ്മിക്കാം എന്ന് ഏക്നാഥ്ജി വിശ്വസിച്ചിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ Ramakrishna math and Mission ന്റെ പിന്തുണ ലഭിച്ചതും ഏറെ സഹായകമായി. റോക്ക് മെമ്മോറിയില്‍ എന്ന ജീവിത കര്ത്തവ്യത്തിന് ശേഷം അദ്ദേഹം വിവേകാനന്ദ കേന്ദ്ര എന്ന സ്വപ്ന സാക്ഷാത്കാരവുമായി മുന്നേറി.
റോക്ക് മെമ്മോറിയല്‍ എന്ന സ്വര്‍ഗ്ഗീയ സൗധത്തിന്റെ പ്രവര്‍ത്തനവുമായി അച്ഛനെ ബന്ധിപ്പിച്ചത് ഒരു ഈശ്വരനുഗ്രഹമായി ഞാന്‍ വിശ്വസിക്കുന്നു .അതിലൂടെ അദ്ദേഹം റോക്ക് മെമ്മോറിയല്‍ കമ്മിറ്റിയുടെ ഒരു ശാശ്വതാംഗമായി. സംഘത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നതിലൂടെ നിസ്വാര്‍ത്ഥ സമൂഹ സേവനം മാതൃകയാക്കിയ ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. തൊഴിലും കുടുംബവും സമൂഹവും ഒരുമിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ അനുരഞ്ജനമില്ലാതെ ചെയ്തു തീര്‍ത്തിരുന്ന അച്ഛനെ മറ്റുള്ളവരെപ്പോലെ ഞാനും വിസ്മയത്തോടെ നോക്കി കണ്ടിരുന്നു.
വെള്ളയുറുമ്പുകള്‍ ഉമ്മവെച്ചു നിറംമങ്ങിയ ആ ചിത്രങ്ങള്‍ ഞാന്‍ മാനനീയ പത്മശ്രീ പരമേശ്വര്‍ജിയെ കാണിച്ചപ്പോള്‍ അനിര്‍വചനീയമായ സന്തോഷമായിരുന്നു ആ മുഖത്ത്. അദ്ദേഹത്തിന്റെ സമയക്കുറവിനിടയിലും എന്നോട് കഴിഞ്ഞു പോയ കാര്യങ്ങള്‍ ഹൃദ്യമായി അദ്ദേഹം പങ്കുവെച്ചു. അച്ഛനെ കൂടാതെ ആ സംരംഭത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏറെ പേര് ഇന്നുനമുക്കിടയിലില്ല എന്ന സത്യം വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു. RSS എന്ന സുശിക്ഷിത പ്രസ്ഥാനത്തിലൂടെ ഈ നേട്ടം പടുത്തുയര്‍ത്തിയ ആ വലിയ മനുഷ്യരുടെ പ്രതിജ്ഞാബദ്ധതക്ക് മുന്നില്‍ എന്റെ പ്രണാമം. VIVEKANANTHA MEMORIAL എന്നെ ശ്രേഷ്ഠമായ വാസ്തുവിദ്യക്ക് ജീവന് പകരാന്‍ യത്നിച്ച അനേകരില്‍ ഒരാളായ ഗോപിനാഥിന്റെ മകനായി പിറന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: