അദ്ധ്യായം-9
വീട്ടുമുറ്റത്തെ വടക്കുകിഴക്കേ മൂലയിലുള്ള ഒരു കൂട്ടം വാഴകളെ പരിചരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.
“ദേ, ഇവിടെയുണ്ട്. ഇങ്ങോട്ടു വരൂ.” പടികടന്നു നേരെ വരാന്തയിലേക്ക് ചെല്ലുകയായിരുന്ന അമൃതയേയും പ്രസാദിനേയും ഞാന്‍ കൈകൊട്ടി വിളിച്ചു.
“എന്താണമ്മാവാ ഇന്ന് ഇവിടെ? കൃഷിപ്പണിയിലാണോ? ഹായ്! ഈ വാഴ കുലച്ചിട്ടുണ്ടല്ലോ!” പ്രസാദ് പറഞ്ഞു.
“ഉവ്വ്. നിങ്ങള്‍ക്കറിയാമോ? ഇത് ചങ്ങമ്പുഴയുടെ ഒരു കഥാപാത്രമാണ്.”
“കൊള്ളാം! രമണനായിരുന്നു അമ്മാവന് പറഞ്ഞ ഒരു കഥാപാത്രം. അങ്ങോര് ആത്മഹത്യ ചെയ്തു. ഇപ്പോള്‍ വാഴയാണ് കഥാപാത്രം! എന്തു കൊലപാതകമാവാം ഇത് ചെയ്തിരിക്കുക?” പ്രസാദ് ചോദ്യമുയര്‍ത്തി.
“ഇല്ല. പാതകമൊന്നും ചെയ്തില്ല. പക്ഷെ, കൊല ചെയ്യപ്പെട്ടു!”
“അതെന്തു കഥ? പറയൂ, അമ്മാവാ!” അമൃതയ്ക്ക് തിടുക്കമായി.
“മലയപ്പുലയനാ മാടത്തിന് മുറ്റത്തു
മഴവന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള് പോലതിലോരോരോ
മരതകക്കൂമ്പ് പൊടിച്ചു വന്നു.
അരുമക്കിടാങ്ങളിലൊന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍
മലയന്റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള്‍, കുളിര്കാറ്റു വന്നപ്പോള്‍
മലയന്റെ മാടവും പൂക്കള്‍ ചൂടി.”
ഇങ്ങനെയാണ് ചങ്ങമ്പുഴയുടെ “വാഴക്കുല” എന്ന കഥാ കവിതയുടെ തുടക്കം. ഞാന്‍ പറഞ്ഞു.
“ഇതു ഞങ്ങള്‍ കേട്ടിട്ടുണ്ടമ്മാവാ! ഒരു കുട്ടി കഥാപ്രസംഗമായി സ്കൂളില്‍ അവതരിപ്പിച്ചിരുന്നു.” അമൃത പറഞ്ഞു.
“എന്നാല്‍ മോള് ആ കഥയൊന്ന് പറഞ്ഞേ! ഒരു കുട്ടി കഥാ പ്രസംഗമായി സ്കൂളില്‍ അവതരിപ്പിച്ചിരുന്നു” അമൃത പറഞ്ഞു.
“എന്നാല്‍ മോള് ആ കഥയൊന്നു പറഞ്ഞേ! പ്രസംഗം വേണ്ട!”
“അയ്യയ്യോ! എനിക്കത് പറ്റില്ലമ്മാവാ. അമ്മാവന് പറ”
ശരി. മലയപ്പുലയനും അഴകിക്കും നാലു കുട്ടികളുണ്ടായിരുന്നു. വാഴ കുലയ്ക്കും മുമ്പെ അവര്‍ വാഴച്ചോട്ടിലിരുന്നു കൊതി പറയുകയും തല്ലുകൂടുകയും സ്വപ്നം കാണുകയും ചെയ്തിരുന്നു. നല്ല സ്വാദുള്ള പഴമായിരിക്കും, ഞാന്‍ കട്ടുതിന്നും, ആര്‍ക്കും തരില്ല എന്നൊക്കെ. പക്ഷേ, ഒരു ദിവസം, തമ്പുരാന് കല്‍പിച്ചിട്ടാണത്രെ, പുലന്‍ വാഴക്കുല വെട്ടിയെടുത്തു ദുഃഖത്തോടെ നടന്നു. കുട്ടികള്‍ പരസ്പ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. അഴകി തളര്‍ന്നിരുന്നു.
“അവശന്മാരാര്‍ത്തന്മാര്‍ ആലംബഹീനന്മാര്
അവരുടെ സങ്കടമാരറിയാന്?
…………………………..
അഴിമതി, യക്രമ, മത്യന്തരൂക്ഷമാ-
മപരാധം, നിശിതമാമശനിപാതം!
………………………….
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങള്‍ തന് പിന്മുറക്കാര്?”
എന്നൊക്കെ ചോദിച്ചുകൊണ്ടാണ് ചങ്ങമ്പുഴ 180 വരികളുള്ള കവിത അവസാനിപ്പിക്കുന്നത്. ഇന്നും പ്രസക്തമാണ് അതിലെ പല വരികളും. സാമൂഹിക പശ്ചാത്തലം ചെറുതായി മാറിക്കാണുമെന്ന് മാത്രം. ഏറെ ജനപ്രീതി നേടിയ ആ കവിത ആഘോഷവേളകളില്‍ ചിലര്‍ ‘ടാബ്ലോ’ ആക്കാറുള്ളത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും, ഇല്ലേ?
“ഉവ്വ്. ഒരു കുടില്‍, കുലച്ച വാഴയ്ക്കരികില്‍ കത്തിയുമായി നില്ക്കുന്ന പുലയന്, ദയനീയമായി നോക്കുന്ന പട്ടിണിക്കോലങ്ങളായ കുട്ടികള്‍, കല്പിച്ചു നില്ക്കുന്ന തമ്പുരാന്….ഓണം-ടൂറിസ്റ്റ് വാരാഘോഷയാത്രയിലാണ്, ഞങ്ങള്‍ കണ്ടിട്ടുണ്ട്.” പ്രസാദ് വിവരിച്ചു.
അവര്‍ അവിടെ നില്ക്കട്ടെ! നമുക്ക് ചങ്ങമ്പുഴയുടെ പഠിത്തം തിരുവനന്തപുരത്ത് എങ്ങനെയായി എന്നു നോക്കാം. വായനയും എഴുത്തും നന്നായി നടന്നു. ചുറ്റും സുന്ദരിമാരായ ആരാധികമാര്‍, പ്രതിഭാശാലികളായ കൂട്ടുകാര്‍, പ്രശസ്തരായ അദ്ധ്യാപകര്‍-തിരക്കുപിടിച്ചതും സന്തോഷകരവുമായിരുന്നു ആ ജീവിതം. എങ്കിലും എന്തെന്നില്ലാത്ത ഒരു അസ്വസ്ഥതയും ദുഃഖ ചിന്തകളും ചങ്ങമ്പുഴയെ വലയം ചെയ്തിരുന്നു.
വയസ്സ് ഇരുപത്തൊമ്പതായില്ലേ? കല്യാണം കഴിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിഷാദഭാവമെന്ന് ആരെങ്കിലും പറഞ്ഞിരിക്കാം. ചങ്ങമ്പുഴയ്ക്ക് അങ്ങനെ തോന്നാതിരുന്നില്ല. സുന്ദരനായ കവിയെ ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്ന എത്രയോ യുവതികളുണ്ട് ചുറ്റിലും! പലരും ധനിക കുടുംബങ്ങളിലുള്ളവര്‍. ഒന്നു ചോദിക്കുകയേ വേണ്ടൂ. പക്ഷേ, ഇടപ്പള്ളിയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള ശ്രീദേവിയെയാണ് ചങ്ങമ്പുഴ വിവാഹം കഴിച്ചത്. താന്‍ ഒന്നാം ക്ലാസില്‍ ചെന്നപ്പോള്‍ പേടി മാറ്റാന്‍ മിഠായി വാങ്ങിത്തന്ന അദ്ധ്യാപകന്റെ രണ്ടാമത്തെ മകള്‍.
1940 മെയ് മാസത്തിലായിരുന്നു വിവാഹം. അടുത്തവര്‍ഷം ജൂലായില്‍ ഒരു മകന് പിറക്കുകയും ചെയ്തു. പഠിപ്പു പൂര്‍ത്തിയായിരുന്നില്ല. അതിനു മുമ്പേ ‘ഭര്ത്താ’വെന്നും ‘പിതാ’വെന്നുമുള്ള രണ്ടു ബിരുദങ്ങള്‍ ചങ്ങമ്പുഴ നേടിയെന്ന് പറയാം. അതിലും വലിയ ഒരു ‘ബിരുദ’ത്തെപ്പറ്റിയും സൂചിപ്പിക്കാതെ വയ്യ. ഓണേഴ്സ് ഒന്നാം വര്‍ഷത്തെ പാഠപുസ്തകങ്ങളിലൊന്നായി ചങ്ങമ്പുഴയ്ക്ക് പഠിക്കാനുണ്ടായിരുന്നത് ചങ്ങമ്പുഴ തന്നെ എഴുതിയ ഒരു പുസ്തകമായിരുന്നുവത്രെ! ക്ലാസ്സെടുത്തിരുന് സി.ഐ.ഗോപാലപിള്ള എന്ന അദ്ധ്യാപകന് പലപ്പോഴും വിദ്യാര്‍ത്ഥിയായ ചങ്ങമ്പുഴയോട് ചോദിച്ചു സംശയങ്ങള്‍ തീര്‍ത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്തായാലും ഓണേഴ്സ് പരീക്ഷയിലെ വിജയം ഒട്ടും അഭിമാനിക്കാവുന്നതായില്ല. മൂന്നാം ക്ലാസു മാത്രമേ കിട്ടിയുള്ളൂ. മലയാളം വകുപ്പ് മേധാവിയായിരുന്ന ഡോ.ഗോദവര്‍മയുടെ നീരസം അതിന് പിന്നിലുളളതായി സൂചനയുണ്ട്. അക്കാര്യത്തില്‍ ദീര്‍ഘമായ ഒരു കത്ത് ഡോ.ഗോദവര്‍മയ്ക്ക് ചങ്ങമ്പുഴ എഴുതിയതും വിലപ്പെട്ട ഒരു ചരിത്ര രേഖയാണ്.
അദ്ധ്യാപകനാകണമെന്നായിരുന്നു ചങ്ങമ്പുഴയുടെ ആഗ്രഹം. അതിന് കാര്യമായ മങ്ങലേറ്റു. മൂന്നാം ക്ലാസുകാരന് വിലയില്ല. നിയമനം കിട്ടില്ല. ഗവേഷണത്തിന് അപേക്ഷ നല്‍കിയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയുമില്ല. അപ്പോഴാണ് ഇഗ്നേഷ്യസ് എന്നും ഇടിക്കുള എന്നും പേരായ രണ്ടു സുഹൃത്തുക്കള്‍ ക്ഷണിച്ചത്-കായംകുളത്തേയ്ക്ക് വരൂ. ‘എക്സല്‍ സിയര്’ എന്ന ഒരു ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങിയിട്ടുണ്ട്. അവിടുത്തെ പ്രധാന അദ്ധ്യാപകനാകണം. ചങ്ങമ്പുഴ ഉടനെ സമ്മതിച്ചു; 1942 ജോലിയിലായി.
സാഹിത്യ വിശാരദ്, വിദ്വാന് എന്നീ ബിരുദങ്ങള്‍ക്ക് വേണ്ടിയുള്ള കോളേജായിരുന്നു. ചങ്ങമ്പുഴയാണ് പ്രധാന അദ്ധ്യാപകന് എന്നു അറിവായതോടെ കുട്ടികള്‍ വേണ്ടുവോളം ഉണ്ടായി. നല്ല ക്ലാസ്സായിരുന്നു ചങ്ങമ്പുഴയുടേത്. പഠിപ്പിക്കലിന് സമയത്തിന്റെ അളവൊന്നുമില്ല. രാത്രിയായാല്‍ കവിതയെഴുത്തില് മുഴുകുകയായി. ചിലപ്പോള്‍ കൂട്ടുകാരെ ചൊല്ലി കേള്‍പ്പിക്കാറുമുണ്ട്. ആരും ലയിച്ചിരുന്നു പോകുംവിധം ആകര്‍ഷകമായിരുന്നു ചങ്ങമ്പുഴയുടെ കവിതാലാപനം എന്നു പല സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സുഹൃത്തുക്കളായ ഇഗ്നേഷ്യസും ഇടിക്കുളയും പെട്ടെന്നാണ് മിലിട്ടറി സര്‍വീസില്‍ ജോലി കിട്ടി പോയത്. ചങ്ങമ്പുഴ വിഷമത്തിലായി. ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാന്‍ വേറെ പല ജോലികള്‍ക്കും ശ്രമിക്കേയാണ് ഇഗ്നേഷ്യസിന്റെ കത്തുവന്നത്; പൂനയിലേക്ക് വന്നാല്‍ ജോലി ഉറപ്പാണെന്ന്.
ഒട്ടും വൈകിയില്ല. ചങ്ങമ്പുഴ പൂനയിലെത്തി. അവിടെ മിലിട്ടറി അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ ജോലി ലഭിക്കുകയും ചെയ്തു. 125 ക. യാണ് ശമ്പളം. കൂട്ടുകാര്‍ക്കൊപ്പം ലോഡ്ജില്‍ താമസം. പാചകക്കാരനുള്ളതിനാല്‍ കേരളീയമായ ഭക്ഷണം ലഭിക്കും. മാത്രമല്ല, വിനോദത്തിനും വായനയ്ക്കും എഴുത്തിനുമെല്ലാം സൗകര്യവുമുണ്ട്.
പക്ഷേ, അധികനാള്‍ കഴിഞ്ഞില്ല. കേരളീയ പ്രകൃതിയില്‍നിന്നുള്ള അകല്‍ച്ച കവിയില്‍ വിഷാദം നിറച്ചു. മദ്യപാനവും കഞ്ചാവ് വലിയും അതിനപ്പുറവുമുള്ള പല പല ദുശ്ശീലങ്ങളിലേക്ക് അദ്ദേഹം വഴുതിപ്പോയി. അപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും ശാരീരിക ബുദ്ധിമുട്ടുകളും തുടങ്ങി. വല്ലാത്തൊരു മടുപ്പ്, സങ്കടം, ദേഷ്യം, സുഹൃത്തുക്കളോട് ഓരോ പരാതികളും!
ഒരു സുഹൃത്തു പറഞ്ഞു: “സഹൃദയനായ ഒരു മലയാളി ഓഫീസറുണ്ട് ഇവിടെ. ഡെപ്യൂട്ടി കണ്ട്രോളര് എ.പിബി.നായര്‍. അദ്ദേഹത്തെ ചെന്നു കണ്ടു പറഞ്ഞാല്‍ വല്ല ഗുണവും കിട്ടിയേക്കും; ചുരുങ്ങുയത് ബാംഗ്ലൂരിലേക്ക് ഒരു സ്ഥലം മാറ്റമെങ്കിലും.”
അങ്ങനെ, ഒരു ദിവസം ഉച്ചയ്ക്ക്, ചങ്ങമ്പുഴ ഡപ്യൂട്ടി കണ്ട്രോളര് എ.പി.ബി.നായരെ കാണാന്‍ അനുവാദം തേടി. ശിപായി ചെന്ന് വിവരം അറിയിച്ചു. കാണാന്‍ അനുവാദം ലഭിച്ച ചങ്ങമ്പുഴ മുറിയില്‍ കയറി വിനയത്തോടെ നിന്നുകൊണ്ട് പറഞ്ഞു:
“ഈ പുസ്തകം ഇവിടെ സമര്‍പ്പിക്കാന്‍ വന്നതാണ്. രമണന്റെ ഒരു പ്രതി. ദയവായി സ്വീകരിക്കണം. അങ്ങയുടെ കീഴില്‍ ഒരു എളിയ ജീവനക്കാരനാണ് ഞാന്‍.”
വന്ന ആളിനെ ഇവിടെ സമര്‍പ്പിക്കാന്‍ വന്നതാണ്. രമണന്റെ ഒരു പ്രതി. ദയവായി സ്വീകരിക്കണം. അങ്ങയുടെ കീഴില്‍ ഒരു എളിയ ജീവനക്കാരനാണ് ഞാന്‍.”
വന്ന ആളിനെ നായര്‍ നന്നായി ഒന്നു നോക്കി. ദുഃഖത്താല്‍ കരുവാളിച്ച മുഖം. മെലിഞ്ഞു ആഹാരക്കുറവ് തോന്നിക്കുന്ന ശരീരം. അല്‍പ്പം മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമാണ് വേഷം.
പുസ്തകത്തിന്റെ കവറില്‍ കണ്ണോടിച്ചു-രമണന്! പ്രശസ്തമായ കൃതിയാണെന്നറിയാം. കവിയെപ്പറ്റിയും പറഞ്ഞു കേട്ടിട്ടുണ്ട്. കൗതുകത്തോടെ അദ്ദേഹം തന്റെ മുമ്പില്‍ നില്ക്കുന്ന യുവാവിനോട് ചോദിച്ചു:
“നിങ്ങളുടെ അച്ഛനാണോ കവി ചങ്ങമ്പുഴ?”
“അല്ല. ഞാനാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള.”
ആ മറുപടി കേട്ട് അത്ഭുതം വിടര്‍ന്ന കണ്ണുകളോടെ, ആദരം നിറഞ്ഞ മനസ്സോടെ ഇരിപ്പിടത്തില്‍നിന്ന് നായര്‍ എഴുന്നേറ്റുപോയി!
“ഒരു കാര്യം ചെയ്യൂ. താങ്കള്‍ ദയവായി വൈകിട്ട് വീട്ടിലേയ്ക്കൊന്ന് വരൂ. അവിടെ വെച്ച് നമുക്ക് സംസാരിക്കാം.”
ചങ്ങമ്പുഴ അന്നുതന്നെ ശ്രീ.നായരുടെ വീട്ടിലെത്തി. അതീവ ഹൃദ്യമായ ചായവിരുന്നും കുശലങ്ങളും. അതിനിടയില്‍ ചങ്ങമ്പുഴ തന്റെ പരാധീനതകള്‍ മുന്നോട്ടു വെച്ചു-തനിക്ക് ഭാര്യയുണ്ട്, കുട്ടിയുണ്ട്, അമ്മയുണ്ട്, മുത്തശ്ശിയുണ്ട്, സാമ്പത്തിക പ്രയാസങ്ങളുണ്ട് എന്നൊക്കെ. അതിനാല്‍ ബാംഗ്ലൂരിലേയ്ക്ക് ഒരു സ്ഥലം മാറ്റം തരപ്പെടുത്തിയാല്‍ നന്നായിരുന്നു എന്നതാണ് ആവശ്യം.
“മിലിട്ടറിക്കാര്യമല്ലേ? ശ്രമിച്ചു നോക്കാം” എന്നു പ്രതികരണം.
ദിവസങ്ങള്‍ കഴിഞ്ഞു. ആ സൗഹൃദവിരുന്നുകള്‍ വളര്‍ന്നുകൊണ്ടിരിക്കെ ശ്രീ.നായര്‍ തന്റെ മേലധികാരികയോട് ചങ്ങമ്പുഴയ്ക്ക് വേണ്ടി ശുപാര്‍ശ നടത്തി. മേലധികാരി പക്ഷെ, ആദ്യം എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അപ്പോള്‍ നായര്‍ പറഞ്ഞു:
“നമ്മളെപ്പോലുള്ളവര്‍ വേഗത്തില്‍ വിസ്മരിക്കപ്പെടും സാര്‍. എന്നാല്‍ ഈ കവിയുണ്ടല്ലോ, നൂറുനൂറു വര്‍ഷങ്ങള്‍ക്കുശേഷവും സ്മരിക്കപ്പെടും എന്നാണ് എന്റെ വിശ്വാസം.”
ആ വാക്കുകള്‍ ഒരു കവിയുടെ മഹത്വം ഘോഷിക്കുന്നതായിരുന്നു. ഒപ്പം ഭാഗ്യവും കടാക്ഷിച്ചു എന്നു പറയട്ടെ; കൃഷ്ണപിള്ള എന്ന ക്ലാര്‍ക്ക് ശമ്പളക്കൂടുതലോടെ കൊച്ചിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു!
“മലയാളത്തിന്റെ ഭാഗ്യം, അല്ലേ അമ്മാവാ.” പ്രസാദ് ചോദിച്ചു.
“ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നൊന്നും നിശ്ചയിക്കാന്‍ വയ്യ. തുടര്‍ന്നുണ്ടായ വിശേഷങ്ങള്‍ നമുക്ക് നാളെ പറയാം.” ഞാന്‍ കുട്ടികളെ യാത്രയാക്കി.
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: